Monday, April 23, 2012


                                                    
ഇന്നലെ രാത്രി നല്ലവണ്ണം മഴ പെയ്തിരുന്നു. ഞാന്‍ അവളെ കുറിച്ച് മാത്രം ഓര്‍ത്തു കൊണ്ടിരുന്നു. 
ആ മഴ മുഴുവന്‍ അവള്‍ നനഞ്ഞിരിക്കണം. അല്ലേലും അവള്‍ക്കതാണല്ലോ ഇഷ്ടം. 
നെറ്റിയിലെ കുംകുമ ചാര്‍ത്ത് മുഴുവന്‍ പോയിക്കാണും. രാവിലെ എഴുന്നേറ്റ പ്പോള്‍ തന്നെ അവളെ കാണാന്‍ ഞാന്‍ ഓടി. 
ഇല്ല,  അവള്‍ക് ഒരു മാറ്റവും ഇല്ല, കുളികഴിഞ്ഞു ഈറന്‍ മാറി വന്ന നവവധു വിനെ പോലെ അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു...      നെറ്റിയിലെ കുംകുമം പോലും അവിടെ ഉണ്ട്. 
നാണം കലര്‍ന്ന ഒരു നോട്ടത്തില്‍ കൂടി അവള്‍ എന്നോട് ചോദിച്ചു,   " എന്നെ തനിച്ചാക്കി നീ പോയതെന്തേ...?"           
--- എന്റെ വീടിനു  മുന്നിലുള്ള വക മരം പൂത്തപ്പോള്‍ 


                                                                                                         




Sunday, April 8, 2012

സാമാന്യം തിരക്കുള്ള ഒരു സാധാരണദിവസം. രാവിലത്തെ ആശുപത്രി ജോലി കഴിഞ്ഞ് ഒരു ഉച്ചയുറക്കവും പാസാക്കിയിട്ട് നാലുമണിമുതലാണ് ഇപ്പോള്‍ എന്റെ വൈകുന്നേരത്തെ പ്രാക്ടീസ് തുടങ്ങുന്നത്. അപ്പോയിന്റ്‌മെന്റ് എടുത്തിട്ടുള്ളവരുടെ ലിസ്റ്റ് മുന്നിലുണ്ടാവും. പണ്ടൊക്കെ ചെയ്തിരുന്നപോലെ ഇന്നാവില്ല. അതുകൊണ്ട് വൈകുന്നേരം ആറാറര മണിയാകുമ്പോഴേക്ക് പ്രാക്ടീസ് നിര്‍ത്തും. ചില ദിവസങ്ങളില്‍ അതു പറ്റില്ല. കുറെക്കൂടി ആയിപ്പോകും. എന്നെ അദ്ഭുതപ്പെടുത്തുന്ന കാര്യം ഇന്നും മലബാറിലുള്ള പലരും കാണാന്‍ വരുന്നുണ്ടെന്നതാണ്. എന്റെ കോഴിക്കോടന്‍ദിനങ്ങളെ ഓര്‍മിപ്പിക്കുന്നവര്‍. അങ്ങനെ ഒരാളുടെ പേരുകൂടി അന്നത്തെ ലിസ്റ്റില്‍ കണ്ടു. എന്റെ കാര്യം മാത്രമേ എനിക്കു പറയാനാവൂ. എന്റെ രോഗികളുടെ പേരും മേല്‍വിലാസവും അവരുടെ ബന്ധുബലവും ഔദ്യോഗികകാര്യങ്ങളും രാഷ്ട്രീയബന്ധങ്ങളും ഒന്നും എനിക്കറിയില്ല, അറിയാന്‍ ശ്രമിക്കാറുമില്ല. പക്ഷേ, എന്റെ പഴയ രോഗികളെ കണ്ടാലുടന്‍ എത്രയോ കൊല്ലത്തിനുമുന്‍പ് കണ്ടവരാണെങ്കിലും അവരുടെ രോഗചരിത്രം മുഴുവന്‍ ഓര്‍ക്കും. അതൊരു നിഷ്ഠയായി മാറിയതുകൊണ്ടായിരിക്കണം. ആദ്യം കാണുമ്പോള്‍ വിശദമായ രോഗവിവരണക്കുറിപ്പ് ഓരോ രോഗിക്കും എഴുതിക്കൊടുക്കാറുമുണ്ട്. അതുകൊണ്ട് അന്ന് ശ്രീക്കുട്ടിട്ടീച്ചറെ കണ്ടപ്പോള്‍ അവരുടെ പൂര്‍ണ രോഗവിവരണം ഓര്‍ത്തുപോയി. കാലം 1970 കളുടെ മധ്യം. കോഴിക്കോടു മെഡിക്കല്‍ കോളേജില്‍വച്ചാണ് അവരെ ആദ്യം കാണുന്നത്. രണ്ടുമൂന്നു ദിവസമായി അബോധാവസ്ഥയിലായിരുന്ന അവര്‍ നിശ്ചയമായും മരിച്ചുപോകുമെന്ന് കരുതിയാണ് സര്‍ജറിക്കാര്‍ എന്റെ യൂണിറ്റിലോട്ടു മാറ്റിയത്. മധ്യതിരുവിതാംകൂറിലെ ഒരു ഇരുപത്തിരണ്ടുകാരി സുന്ദരി ബി. എഡ്. പാസായി. ഡിസ്ട്രിക്റ്റിലെ ആര്‍ക്കും വേണ്ടാത്ത ഒരു സ്ഥലത്തെ അധ്യാപികയായി വരണമെങ്കില്‍ വീട്ടിലെ കാര്യം കഷ്ടമായിരിക്കണം. നേരാംവണ്ണം ശിപാര്‍ശ ചെയ്യാന്‍ ആളുണ്ടായിരുന്നെങ്കില്‍ വീടിനടുത്തെങ്ങാനും ജോലി കിട്ടിയേനേ. ആ സ്‌കൂളിലെ കുറെ സഹാധ്യാപകരാണ് ശ്രീക്കുട്ടിട്ടീച്ചറെ അവിടുള്ള ഒരു പ്രൈവറ്റ് ആശുപത്രിയില്‍ കൊണ്ടുപോയത്. അടുപ്പിച്ചടുപ്പിച്ചു വന്ന അപസ്മാരമായിരുന്നു ടീച്ചര്‍ക്ക് അപ്പോള്‍. ആ ആശുപത്രിയിലെ ചികിത്സയുടെ ഗുണംകൊണ്ട് ഇടതുകൈയില്‍ വലിയൊരു വ്രണവുംകൂടി കിട്ടി. മരിച്ചുപോകുമെന്നു തോന്നിയപ്പോള്‍ ആ ആശുപത്രിക്കാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു പറഞ്ഞുവിട്ടു. കൊണ്ടുവരാന്‍ ആരുമില്ല. കൂട്ടത്തിലുള്ള അധ്യാപകര്‍തന്നെ പിരിവെടുത്ത് ആശുപത്രിയിലെത്തിച്ചതാണ്. കാഷ്വാല്‍റ്റിയില്‍ വന്നപ്പോള്‍ ചെറിയ പനിയും കൈയിലെ വ്രണവും കണ്ട് അവിടിരുന്ന ഒരു ഡോക്ടര്‍ ടീച്ചറെ സര്‍ജറി യൂണിറ്റില്‍ അഡ്മിറ്റു ചെയ്തു. എന്റെ സുഹൃത്തായിരുന്ന ഡോ................പിറ്റേന്നാണ് ശ്രീക്കുട്ടിയെ കാണുന്നത്. കൈയിലെ വ്രണം നിസ്സാരം. ആദ്യത്തെ ആശുപത്രിയില്‍ ചെന്നപ്പോള്‍ ശ്രീക്കുട്ടിക്കു ഹൃദയമിടിപ്പും രക്തസമ്മര്‍ദവുമൊന്നുമില്ലായിരുന്നു. ഉടനെ മരിക്കുമെന്നു കരുതി അവര്‍ കൊടുത്ത നോര്‍അഡ്രിനലിന്‍ ഡ്രിപ്പ് ചെയ്ത ചെലവാണ് കൈയിലെ പൊള്ളല്‍. ആ മരുന്നു കിട്ടിയതുകൊണ്ട് മരിക്കാതെ ശ്രീക്കുട്ടി രക്ഷപ്പെട്ടു. പക്ഷേ, എന്തുകൊണ്ട് അവള്‍ ബോധംകെട്ടുകിടക്കുന്നെന്ന് പറയാനായില്ല എന്റെ സുഹൃത്തിന്. അദ്ദേഹം മെഡിസിന്‍കാരെ വിളിച്ചുകാണിച്ചു. അവരാദ്യംതന്നെ കൈയൊഴിഞ്ഞു. അന്നേ ആര്‍ക്കും വേണ്ടാത്ത കേസുകളൊക്കെ ന്യൂറോളജിക്കാരുടെ തലയിലാണ് കെട്ടിവയ്ക്കുക. എനിക്കന്ന് ആകെ ഒരു ട്യൂട്ടര്‍ മാത്രമേയുള്ളൂ സഹായത്തിന്. വെറും എം.ബി.ബി.എസ്. കഴിഞ്ഞ ആ പാവത്തിന് ആദ്യമായി കിട്ടിയ പ്രൊവിഷണല്‍ പോസ്റ്റിങ്ങാണ്. ന്യൂറോളജിയൊന്നും അറിയില്ലായിരുന്നു. റഫറല്‍ കിട്ടിയ സമയത്തുതന്നെ രോഗിയെ ചെന്നുകണ്ട അദ്ദേഹം പേടിച്ചുപോയത് ശ്രീക്കുട്ടിട്ടീച്ചറുടെ അപസ്മാരംകൂടി കണ്ടാണ്. തിരക്കിട്ടു വന്ന എന്നെ കണ്ട് പറഞ്ഞു, സാര്‍ ഉടനെ കാണണം, എന്താണെന്ന് എനിക്ക് ഒന്നും മനസ്സിലായില്ല. ശ്രീക്കുട്ടിട്ടീച്ചറുടെ അപസ്മാരം നിര്‍ത്തുകയായിരുന്നു ആദ്യത്തെ ആവശ്യം. അന്ന് ഉപയോഗമുള്ളതായി ആകെയുണ്ടായിരുന്നത് കുത്തിവയ്ക്കാന്‍ പറ്റുന്ന ഫീനോബാര്‍ബിറ്റോണ്‍ മാത്രമേയുള്ളൂ. ഭാഗ്യത്തിന് ആദ്യത്തെ ഡോസില്‍ത്തന്നെ അപസ്മാരം തത്കാലം നിന്നു. അന്നു ചെയ്യാന്‍ പറ്റുന്ന പരിശോധനകള്‍ക്ക് ഒരുപാട് പരിമിതികള്‍ ഉണ്ടായിരുന്നു. പക്ഷേ, അന്നും ഇന്നും ഏറ്റവും പ്രസക്തമായ പരിശോധന വളരെ വിശദമായ രോഗവിവരണം രേഖപ്പെടുത്തുകയാണ്. അതിനു വേണ്ടത് രോഗവിവരണം തരാന്‍പോന്നവരാരെങ്കിലും വേണം. ശ്രീക്കുട്ടിട്ടീച്ചര്‍ക്ക് ഇല്ലാത്തതും അതായിരുന്നു. പക്ഷേ, കിട്ടിയേ പറ്റൂ എന്നായപ്പോള്‍ വളരെ മടിയോടെ കൂടെ വന്ന ഒരു സഹാധ്യാപിക അവര്‍ക്കറിയാവുന്നതൊക്കെ പറഞ്ഞുതന്നു. പക്ഷേ, എനിക്കു കൂടുതല്‍ ഉപകാരമായത് അവരോടൊപ്പം വന്ന ഒരു പയ്യന്‍സൈസ് അധ്യാപകന്‍ ബെന്നി പറഞ്ഞുതന്നതാണ്. ശ്രീക്കുട്ടിട്ടീച്ചര്‍ ആ സ്‌കൂളില്‍ ചേര്‍ന്നിട്ട് കഷ്ടിച്ച് ഒരു കൊല്ലമേയായുള്ളൂ. മധ്യതിരുവിതാംകൂറിലെ ആ പാവം ടീച്ചറെ അവിടെ കൊണ്ടുവന്നത് അമ്മയാണ്. മന്ദബുദ്ധിയായ ഒരനിയന്‍ മാത്രമേ വീട്ടിലുള്ളൂ എന്നതുകൊണ്ട് അവരങ്ങു തിരിച്ചുപോയി, പിറ്റേ ദിവസംതന്നെ. ഭര്‍ത്താവ് മരിച്ചുപോയ ആ സ്ത്രീയുടെ ദുഃഖം മകളെ വളരെ അകലെ ആക്കി മടങ്ങുന്നതിലായിരുന്നു. ആ സ്‌കൂളിലെ വേറെ കുറെ അധ്യാപികന്മാര്‍ താമസിക്കുന്നതിന്റെ കൂട്ടത്തിലായി ശ്രീക്കുട്ടിട്ടീച്ചറും. അവര്‍ താമസിച്ചിരുന്നത് സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ വളരെ വലിയ പുരയിടത്തിലെ ഒരു പഴയ കെട്ടിടത്തിലും. ആ പാവം കണക്കുടീച്ചര്‍ക്ക് എല്ലാത്തിനെയും പേടിയായിരുന്നു. ആരോടും അധികം മിണ്ടാതെ തന്റെ ജോലി മാത്രം ചെയ്തുകൊണ്ടു പോയ അവള്‍ക്ക് സ്‌നേഹിതകള്‍ എന്നു പറയാന്‍ ആരുമില്ലായിരുന്നു. ആ സ്‌കൂളില്‍ ആകെ മൂന്നുനാല് ആണ്‍സാറന്മാരേയുള്ളൂ. അവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ബെന്നിയായിരുന്നു വേറൊരു കണക്ക് സാര്‍. ഇന്‍ലന്‍ഡ് കവറോ പേനയ്ക്കുള്ള മഷിയോ ഒക്കെ വാങ്ങാന്‍ ടൗണില്‍ പോകണം. അതിന് മറ്റ് ആണ്‍സാറന്മാര്‍ സഹായിക്കുകയില്ല. സൈക്കിളുള്ള ബെന്നിയാണ് അതൊക്കെ ചെയ്തുകൊടുക്കുന്നത്. അത്യപൂര്‍വം സന്ദര്‍ഭങ്ങളില്‍ ശ്രീക്കുട്ടിട്ടീച്ചര്‍ ബെന്നിയോട് വല്ലതും ചോദിക്കും. പക്ഷേ, ആ ടീച്ചര്‍ ആരോടും അധികം അടുത്തില്ല. അകന്നുമില്ല. എന്തു പറഞ്ഞാലും അത് പതിയെ, സ്‌നേഹത്തോടെ. സ്‌കൂള്‍കുട്ടികള്‍ ഒരു പേരിട്ടു, പമ്മിട്ടീച്ചര്‍. അവര്‍ക്കൊക്കെ ഇഷ്ടമായിരുന്നു ശ്രീക്കുട്ടിട്ടീച്ചറെ. അങ്ങനെയുള്ള ഒരു ടീച്ചര്‍ക്ക് തീരെ പ്രതീക്ഷിക്കാതെ വയ്യാതായി എന്നുള്ളത് അവിടെയുള്ള ആര്‍ക്കും വിശ്വസിക്കാനായില്ല. ശ്രീക്കുട്ടിട്ടീച്ചര്‍ക്ക് ചെറിയ ഒരു പനിയായിരുന്നു ആദ്യം. ഒരു അനാള്‍ജിന്‍ ഗുളിക കഴിച്ചുനോക്കി. പനി മാറി. പിറ്റേന്നു രാവിലെ കൂടെ താമസിക്കുന്നവര്‍ സ്‌കൂളില്‍ പോകാന്‍ തയ്യാറായിട്ടും ശ്രീക്കുട്ടിട്ടീച്ചര്‍ മാത്രം വെറുതെ കട്ടിലില്‍ എഴുന്നേറ്റ് ഇരിപ്പായിരുന്നു. എന്തു പറ്റിയെന്നു ചോദിച്ചപ്പോള്‍ ഉത്തരമൊന്നുമില്ല. വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ശ്രീക്കുട്ടിട്ടീച്ചര്‍ പറഞ്ഞു, 'അച്ഛന്‍ വന്ന് വിളിച്ചു, നാട്ടില്‍ പോകണം നാളെ, അച്ഛന്‍ ഇനിയും വരും ഉച്ചയ്ക്ക്, അപ്പോള്‍ പോകും ഞാന്‍. അമ്മയ്ക്ക് അച്ഛനെ പേടിയായിരുന്നു. എന്നും വഴക്കുണ്ടാക്കും, ഏതായാലും ഞാന്‍ പോകും.' കൂടെയുള്ള ടീച്ചറന്മാര്‍ക്കു തോന്നി, എന്തേ ഇങ്ങനെയൊക്കെ ശ്രീക്കുട്ടിട്ടീച്ചര്‍ പറയുന്നതെന്ന്. അച്ഛന്‍ മരിച്ചുപോയി എന്നാണ് മുന്‍പ് ശ്രീക്കുട്ടിട്ടീച്ചര്‍ അവരോടു പറഞ്ഞിരുന്നത്. പനികൊണ്ട് ടീച്ചര്‍ പിച്ചും പേയും പുലമ്പുന്നതായേ അവര്‍ക്കു തോന്നിയുള്ളൂ. സമയം താമസിച്ചതുകൊണ്ട് ശ്രീക്കുട്ടിട്ടീച്ചറെ മാത്രമാക്കിയിട്ട് ധൃതിയില്‍ അവര്‍ സ്‌കൂളിലേക്കു പോയി. ആദ്യത്തെ പിരീഡില്‍ത്തന്നെ ശ്രീക്കുട്ടിട്ടീച്ചര്‍ക്ക് ഒരു കണക്കുക്ലാസ്സുണ്ടായിരുന്നു. ആളെ കാണാത്തതുകൊണ്ട് ഹെഡ്മാസ്റ്റര്‍ ക്ഷുഭിതനായി. കൂടെയുള്ളവര്‍ പറഞ്ഞുനോക്കി, ശ്രീക്കുട്ടിട്ടീച്ചര്‍ക്ക് പനിയാണെന്ന്. അങ്ങേര്‍ക്ക് അതു ബോധ്യമായില്ല. അവരെ ഉടനെത്തന്നെ ചെന്ന് വിളിച്ചുകൊണ്ടുവരാന്‍ ബെന്നിയോടാണ് പറഞ്ഞത്. വൈമനസ്യത്തോടെയാണെങ്കിലും ബെന്നി പോയി. ചെന്നത് അബദ്ധമായി എന്ന് അപ്പോള്‍ത്തന്നെ ബെന്നിക്കു തോന്നി. വീടിന്റെ കതക് അടച്ചിരുന്നില്ല. വിളിച്ചിട്ട് ശ്രീക്കുട്ടിട്ടീച്ചറെ കാണാത്തതുകൊണ്ട് ബെന്നി അകത്തേക്കു ചെന്നു. ഷോക്കടിച്ചതുപോലെ നിന്നുപോയി ബെന്നി. അകത്തെ മുറിയില്‍ ശ്രീക്കുട്ടിട്ടീച്ചര്‍ നില്പുണ്ടായിരുന്നു. പാവാട മാത്രം ഉടുത്ത്, ബ്രായുടെ ഹുക്കുകള്‍ അഴിച്ചിട്ട് അര്‍ധനഗ്നയായി. എന്തൊക്കെയോ സ്വയം പുലമ്പുന്നുണ്ടായിരുന്നു അവര്‍. മെല്ലെ സ്ഥലം വിടാന്‍ ബെന്നി ഒരുങ്ങിയതാണ്. കതകു ചാരി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഒരു അലര്‍ച്ച. പേടിച്ചുചെന്ന് എന്തെന്നു നോക്കിയപ്പോള്‍ ശ്രീക്കുട്ടിട്ടീച്ചര്‍ ബോധംകെട്ട് മറിഞ്ഞുവീഴുന്നതാണ് കണ്ടത്. ഓടിച്ചെന്ന് അവരെ കോരിയെടുത്തപ്പോള്‍ ബെന്നിയുടെ കൈയില്‍ക്കിടന്ന് ഒരു അപസ്മാരക്കോട്ടും. അങ്ങനെയൊന്നു മുന്‍പ് കണ്ടിട്ടില്ലാത്ത ബെന്നി വിരണ്ടുപോയി. ആ രണ്ടുമൂന്നു മിനിറ്റ്, രണ്ടുമൂന്നു മണിക്കൂറുകള്‍പോലെ ബെന്നിക്കു തോന്നി. അപസ്മാരം ഒന്നു മാറിയപ്പോള്‍ ശ്രീക്കുട്ടിട്ടീച്ചര്‍ വല്ലാതെ ഛര്‍ദിച്ചു. ദേഹത്താകെ ഛര്‍ദിയും മൂത്രവുമൊക്കെയായ ബെന്നിക്ക് സഹായത്തിനു വരാന്‍ ആ വലിയ പുരയിടത്തിലാരും ഇല്ലായിരുന്നു. ബോധംകെട്ടുകിടന്ന ശ്രീക്കുട്ടിട്ടീച്ചറിന്റെ വസ്ത്രങ്ങളൊക്കെ നേരേ പിടിച്ചിട്ട് ഒരു പുതപ്പ് എടുത്ത് പുതപ്പിച്ച് ബെന്നി സൈക്കിളുമായി സ്‌കൂളിലേക്കു പാഞ്ഞുവന്ന് ഹെഡ്മാസ്റ്ററോടു വിവരം പറഞ്ഞു. അവരെല്ലാംകൂടി വന്നപ്പോഴും ശ്രീക്കുട്ടിട്ടീച്ചര്‍ ബോധമില്ലാതെ കിടക്കുകയാണ്. അവളുടെ വീട്ടില്‍ വിവരമറിയിക്കാന്‍ ഫോണൊന്നുമില്ലാത്ത കാലം. അവരൊക്കെക്കൂടി അടുത്തുള്ള ഒരു പ്രൈവറ്റാശുപത്രിയില്‍ അവളെ കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അപസ്മാരം വന്ന് അവള്‍ക്ക് രക്തസമ്മര്‍ദവും ഹൃദയമിടിപ്പുമെല്ലാം കുറഞ്ഞു. രക്തസമ്മര്‍ദം കൂട്ടാന്‍ അവര്‍ കൊടുത്ത മരുന്ന് കൈയിലാകെ പടര്‍ന്നു പൊള്ളിക്കയറി. മരിച്ചുപോകുമെന്നു തോന്നിയപ്പോള്‍ ആ ആശുപത്രിക്കാര്‍ നിര്‍ബന്ധിച്ചു, മെഡിക്കല്‍ കോളേജാശുപത്രിയില്‍ കൊണ്ടുപോകാന്‍. ടാക്‌സിക്കു പിരിവെടുത്ത് കാശുണ്ടാക്കാന്‍ ഒരു ദിവസംകൂടി വേണ്ടിവന്നു. അമ്മ വരുന്നതും കാത്തിരിക്കാന്‍ പറ്റില്ല എന്നു പറഞ്ഞതുകൊണ്ട് അവര്‍ വരുന്നതിനു മുന്‍പു തന്നെ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചു. അവിടെനിന്ന് ന്യൂറോളജി വിഭാഗത്തിലേക്കു മാറ്റാന്‍ വീണ്ടും ഒരു ദിവസംകൂടി. മരണം മുന്‍പില്‍ അവളുടെ ബോധം പോയി നാലാംപക്കമാണ് ഞാന്‍ കാണുന്നത്. വീണ്ടും വീണ്ടും ആവര്‍ത്തിച്ചു വന്ന അപസ്മാരമല്ലാതെ വേറൊരു ലക്ഷണവുമില്ല. നേരം കളയാതെ പരിശോധനകള്‍ തുടങ്ങി. സാധാരണപരിശോധനകള്‍ സര്‍ജറിവിഭാഗത്തില്‍ത്തന്നെ നടത്തിയിരുന്നു. പിന്നെ ചെയ്യേണ്ടിയിരുന്നത് നട്ടെല്ലില്‍നിന്ന് മസ്തിഷ്‌കദ്രാവകം കുത്തിയെടുക്കുകയാണ്. ബന്ധുക്കളുടെ ഒപ്പിട്ട സമ്മതപത്രം വേണം. അവളുടെ കൂട്ടത്തില്‍ ആകെയുണ്ടായിരുന്നത് പേടിച്ചരണ്ട റീമട്ടീച്ചറും ബെന്നിയും മാത്രം. സിസ്റ്റര്‍ കൊണ്ടുവന്ന സമ്മതപ്രതത്തില്‍ ഒന്നും മിണ്ടാതെ ബെന്നി പേരെഴുതി ഒപ്പിട്ടുകൊടുത്തു. ഭാഗ്യത്തിന് ഒട്ടും പ്രയാസമില്ലാതെ കിട്ടി, മസ്തിഷ്‌കദ്രാവകം. അതിലെ സെല്ലുകളുടെ കണക്കെടുക്കുന്നതിനും അവയുടെ സ്ലൈഡുകള്‍ ഉണ്ടാക്കുന്നതിനും ടെക്‌നീഷ്യനായും ഞാന്‍ മാത്രം. അതിനിടയില്‍ അവളുടെ മസ്തിഷ്‌കതരംഗങ്ങളുടെ ഗ്രാഫ് എടുക്കാന്‍ വേറെ പണി. ഇന്ന് ആലോചിക്കുമ്പോള്‍ ചിരി വന്നുപോകും. എന്റെ ഡി.എം. വിദ്യാര്‍ഥികളോട് ഇ.ഇ.ജി. (ഇലക്‌ട്രോ എന്‍സഫലോഗ്രാം--EEG- Electroencephalogram ) എടുക്കാന്‍ പറഞ്ഞാല്‍ പൊതിയാത്തേങ്ങ കൈയില്‍ കിട്ടിയതുപോലെയാവും അവര്‍ക്ക്. ആ പണിചെയ്യാന്‍ ഇ.ഇ.ജി. ടെക്‌നീഷ്യന്‍. ഡോക്ടര്‍ എങ്ങനെ ടെക്‌നീഷ്യനാവുമെന്ന് ഇന്ന് അദ്ഭുതം. അന്ന് വേറെയൊരാള്‍ എന്നെ സഹായിക്കാനില്ലാത്ത കാലം. രണ്ടുമൂന്നു മണിക്കൂറിനകം രോഗനിര്‍ണയം പൂര്‍ത്തിയായി. വൈറസ് മസ്തിഷ്‌കജ്വരം. ഏതാവും രോഗാണുവെന്ന് ഊഹിക്കുകമാത്രമേ അന്ന് സാധ്യമാവൂ. അന്നും ഇന്നും പ്രസക്തമായ ഒരു നിഗമനമുണ്ട്. ഒറ്റയ്‌ക്കൊറ്റയ്ക്കു വരുന്ന മസ്തിഷ്‌കജ്വരത്തിനു മിക്കവാറും കാരണം ഹെര്‍പിസ് വൈറസാവുമെന്ന്. അന്ന് അതിനു ചികിത്സ എന്നു പറയാന്‍ കാര്യമായൊന്നുമില്ല. അസൈക്ലോവിര്‍ എന്ന മരുന്ന് വന്നത് 1980 കളുടെ ആദ്യത്തിലും. ഈ മരുന്ന് വരുന്നതിനു മുന്‍പ് ഹെര്‍പിസ് എന്‍സഫലൈറ്റിസിനു മരണസാധ്യത 70-75 ശതമാനം. പ്രാര്‍ഥനയാവും നല്ല മരുന്ന്. കൊടുക്കാവുന്ന മരുന്നുകളെല്ലാം കൊടുത്തു; അപസ്മാരം നിര്‍ത്താനും തലച്ചോറിലെ മര്‍ദം കുറയ്ക്കാനുമുള്ളവയൊക്കെ. ആദ്യത്തെ ഒരാഴ്ച വലിയ ആശയൊന്നുമില്ലായിരുന്നു. ശ്രീക്കുട്ടിട്ടീച്ചറിന്റെ അമ്മ വന്നപ്പോള്‍ കൂടെ നിന്ന ടീച്ചര്‍ അപ്രത്യക്ഷയായി. അന്നൊക്കെ എനിക്ക് അദ്ഭുതം തോന്നിയത് ഒന്നും മിണ്ടാതെ എല്ലാ കാര്യവും ചെയ്തുകൊടുക്കാന്‍ സഹായിയായി നിന്ന ബെന്നിയെ കണ്ടിട്ടാണ്. രണ്ടാമത്തെ ആഴ്ച ശ്രീക്കുട്ടിട്ടീച്ചര്‍ മെല്ലെ കണ്ണു തുറന്നു. അത് ഒരു ദൈവാനുഗ്രഹം മാത്രമായാണ് എനിക്കു തോന്നിയത്. പക്ഷേ, ഒന്നുമറിയാതെ ആരോടും ഒന്നും മിണ്ടാതെ രണ്ടുമൂന്ന് ആഴ്ചകള്‍കൂടി അവള്‍ കിടന്നു. പിന്നെ സംസാരിച്ചുതുടങ്ങി. അവളുടെ സംസാരത്തിനു പക്ഷേ, വികലതകള്‍ ഒരുപാട്. പറഞ്ഞതൊക്കെ പണ്ടത്തെ കാര്യങ്ങള്‍. സ്‌കൂളില്‍ ചേര്‍ന്നതൊക്കെ കഷ്ടിച്ച് ഓര്‍മ. പക്ഷേ, പിന്നെയുള്ള കാര്യങ്ങള്‍ ഒന്നും ഓര്‍ക്കുന്നില്ല. സ്‌കൂളിലെ മറ്റു ടീച്ചറന്മാരെയൊക്കെ അറിയാം, താന്‍ പഠിപ്പിച്ചിരുന്ന കണക്കുകളും അറിയാം. എന്തു രോഗമാണ് തനിക്കുണ്ടായതെന്നോ താന്‍ അപ്പോള്‍ എവിടെയായിരുന്നു എന്നോ അവള്‍ക്കറിഞ്ഞുകൂടായിരുന്നു. പമ്മിയായ ടീച്ചര്‍ പമ്മിയല്ലാതായി. പറയുന്നതിലൊരുപാട് തെറ്റുണ്ടെങ്കിലും സംസാരം കുറെ കൂടുതല്‍. ചില രാത്രികളില്‍ ഉറങ്ങാന്‍ മരുന്നും വേണ്ടിവന്നു. അല്ലെങ്കില്‍ ഉറച്ചു സംസാരിക്കും, പാടും. ടീച്ചറിന്റെ ആസ്ത്മാരോഗിയായ അമ്മ വലഞ്ഞു. അവര്‍ക്കില്ലാത്ത രോഗങ്ങളൊന്നുമില്ല. ആശുപത്രിയില്‍ കാവലിരുന്ന് അവരുടെ ഡയബറ്റിസും രക്തസമ്മര്‍ദവും കൂടി. ഇനിയും ശ്രീക്കുട്ടിട്ടീച്ചറെ ആശുപത്രിയില്‍ കിടത്തിയാല്‍ വീണുപോകുന്നത് ആ അമ്മയാവും എന്ന് ഉറപ്പായി. അതുകൊണ്ടാണ് ടീച്ചറിന്റെ സ്ഥിതി പൂര്‍ണമായി മെച്ചപ്പെടുന്നതിനു മുന്‍പു തന്നെ അവരെ ഞാന്‍ ഡിസ്ചാര്‍ജ് ചെയ്തത്. ഗര്‍ഭം ധരിക്കുന്ന ആണുങ്ങള്‍ കടല്‍ക്കുതിര എന്ന ഒരു ജീവിയുണ്ട്. ഇനി അതിനെക്കുറിച്ചു പറഞ്ഞാലേ ശ്രീക്കുട്ടിട്ടീച്ചറിന്റെ കഥ തുടരാനാവൂ. ആ ജീവിക്ക് കുതിരയുടെ മോന്തയും മീനിന്റെ ചെതുമ്പലുകളുള്ള വാലുമാണ് ഉള്ളത്. വാല് ചുരുണ്ടതാണ്. ഹിപ്പോക്കാമ്പസ് എന്ന് പേര്. ഹിപ്പോസ് എന്നാല്‍ കുതിര, കാമ്പോസ് എന്നാല്‍ കടല്‍വ്യാളി എന്നും. അതിനെ എന്നും അദ്ഭുതജീവിയായി മാത്രമേ ആളുകള്‍ കണ്ടിരുന്നുള്ളൂ. ചിലതു തീരെ ചെറുത്, കഷ്ടിച്ച് അര സെന്റീമീറ്ററിനു താഴേ വലിപ്പമുള്ളത്. ഏറ്റവും വലിയ ജനുസ്സിന് (Hippocampus abdominalis) 35 സെന്റീമീറ്ററോളം വലിപ്പം വരും. പ്രാചീന ഗ്രീക്കുകാര്‍ക്ക് കടല്‍ദേവനായ പോസിഡോണിന്റെ (Posedon) പ്രതീകം. ജന്തുശാസ്ത്രത്തില്‍ ഇതൊരുതരം കടല്‍മീന്‍ മാത്രം. സത്യത്തില്‍ ഒരുപാടു വ്യത്യസ്തതകളുള്ള മീനാണ്. കടല്‍ച്ചെടികള്‍ക്കിടയില്‍ പതുങ്ങി ജീവിക്കുന്ന ഈ പാവം മീന്‍ ഇണചേരുമ്പോള്‍ പെണ്ണാണ് മിടുക്കി. അവളുടെ മുട്ടയൊക്കെ ആണിന്റെ വയറിലുള്ള സഞ്ചിയിലോട്ടു കയറ്റും. ആണിന്റെ ജോലിയാണ് പിന്നെ വയറിനുള്ളില്‍വച്ച് ആ മുട്ടകളെ വിരിയിച്ച് കുഞ്ഞുങ്ങളെ പ്രസവിക്കുന്നതുവരെ ചുമക്കാന്‍. പെണ്ണ് പാട്ടിനു പോകും. ആണ് പെറും. വെസാലിയസ് (Andreas Vesalius15141564) മനുഷ്യശരീരം കീറിമുറിച്ച് പഠിച്ച് ഓരോന്നിനും പേരിട്ടുകഴിഞ്ഞിട്ടും ബാക്കി വന്ന ഭാഗങ്ങള്‍ ചിലതുണ്ടായിരുന്നു. അതിലൊന്നാണ് ഹിപ്പോക്കാമ്പസ്. പതിനാറാംനൂറ്റാണ്ടിലുള്ള ഒരു അനാട്ടമിസ്റ്റായ അറന്‍സിയാണ് (ഖൗഹശൗ െഇമലമെൃ അൃമി്വശ) മനുഷ്യമസ്തിഷ്‌കത്തിലെ ഒരു ഭാഗത്തിന് ഈ കടല്‍ക്കുതിരപ്പേര് (Hippocampus) കൊടുത്തത്. കുതിരമുഖത്തിനെക്കാളും ആ മീനിന്റെ ചുരുണ്ട വാലാണ് സാമ്യമായി അറന്‍സിക്കു തോന്നിയത്. വേറൊരു പേരുകൂടി ഇതിനുണ്ട്, മുട്ടനാടിന്റെ കൊമ്പെന്ന് (Ram's Horn or Cornu Ammonis). ഹെന്റി മൊളൈസണിന്റെ മറവി ഹിപ്പോക്കാമ്പസിന്റെ ധര്‍മങ്ങള്‍ ആദ്യമായി വിശദമായത് ഒരു രോഗിയുടെ സങ്കടത്തില്‍നിന്നാണ്. ഒരുപക്ഷേ, ഹിപ്പോക്കാമ്പസിനെക്കുറിച്ചറിയാന്‍ എച്ച്.എം. എന്ന രോഗിയുടെ കഥകൂടി കേള്‍ക്കണം. ഞാന്‍ വെറുതെ കാടുകയറി പറയുകയല്ല. ഒരുപക്ഷേ, വൈദ്യശാസ്ത്രത്തിന് ഏറ്റവും അധികം അറിവു കൊടുത്ത ഒരു അയ്യോ പാവം. എച്ച്.എം. എന്ന് മലയാളത്തിലെഴുതാന്‍ ഒരു അസ്‌ക്യത. പിന്നെ രോഗിയുടെ പേരറിയിക്കേണ്ട എന്നു കരുതിയാണ് അങ്ങനെ വെറും ഇനിഷ്യലാക്കിയത്. 2008 ഡിസംബര്‍ 2 ന് അദ്ദേഹം മരിച്ചു. വൈദ്യമാമൂലനുസരിച്ച് മരണശേഷം ശരിക്കുള്ള പേരെഴുതാമെന്നാണ് വയ്പ്. അതുകൊണ്ട് എച്ച്.എം. എന്നതു വിട്ട് ഞാന്‍ ഹെന്റി മൊളൈസണ്‍ ('HM'- Henry Gustav Molaison, 1926-2008) എന്നെഴുതാം. 1950 കളായിരുന്നു ഒരുപാട് ചീത്തപ്പേര് നേടിയ മസ്തിഷ്‌കശസ്ത്രക്രിയയായ ലോബോട്ടമിയുടെ അതിപ്രസരമുള്ള നാളുകള്‍. ലോബോട്ടമി തുടങ്ങിവച്ച ഇഗാസ് മോണിഷിനെക്കുറിച്ചും വാള്‍ട്ടര്‍ ഫ്രീമാനെക്കുറിച്ചും ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ട്. (ലോബോട്ടമിയുടെ താളവട്ടം - വൈദ്യവും സമൂഹവും, 2007). കാനഡയിലെ മോണ്‍ട്രിയല്‍ ന്യൂറോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിശ്വവിശ്രുതനായ ഡോ. വില്‍ഡര്‍ പെന്‍ഫീല്‍ഡും (Wilder Graves Penfield, 18911976) കൂട്ടരും വളരെ സമര്‍ഥമായി അപസ്മാരശസ്ത്രക്രിയ തുടങ്ങിയ കാലവും അതുതന്നെ. പെന്‍ഫീല്‍ഡിന്റെ മാതിരി അപസ്മാരശസ്ത്രക്രിയ ചെയ്യാന്‍ അന്ന് അമേരിക്കയില്‍ ചില കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. അതിലേറ്റവും പ്രാധാന്യം കനെക്റ്റിക്കറ്റിലെ ഹാര്‍ട്ട്‌ഫോര്‍ഡ് ആശുപത്രിയിലേതും (Connecticut Hartford Hospital). ഡോ. വില്യം സ്‌കോവില്‍ (Dr. William Beecher Scoville 19061984) ആയിരുന്നു ഈ മേഖലയില്‍ മുഖ്യന്‍. അതുകൊണ്ടാണ് അപസ്മാരരോഗിയായ മൊളൈസണിനെ അവന്റെ അച്ഛനമ്മമാര്‍ 1953-ല്‍ അവിടെ കൊണ്ടുവന്നത്. ഹെന്റി മൊളൈസണിന് ഒന്‍പതു വയസ്സുണ്ടായിരുന്ന കാലത്ത് അവന്‍ വീടിനു മുന്നിലുള്ള വല്ലാത്ത ഇറക്കത്തില്‍ റോഡ് അരികു ചേര്‍ന്നുപോകുകയായിരുന്നു. അതിവേഗത്തില്‍ സൈക്കിളില്‍ വന്ന അവന്റെ ഒരു കൂട്ടുകാരന്‍ തമാശയ്ക്ക് അവന്റെ തലയ്ക്ക് ഒരു കിഴുക്ക് കൊടുത്തു. സൈക്കിളിന്റെ വേഗത്തില്‍ ആ തട്ട് ശരിക്കേറ്റു. ഹെന്റി മൊളൈസണ്‍ മറിഞ്ഞുവീണ് തലമുട്ടി ബോധംകെട്ടു. അത് കഷ്ടിച്ച് അഞ്ചു മിനിറ്റു മാത്രം. ഇടതുനെറ്റിയില്‍ നീളത്തില്‍ ഒരു മുറിവ്- 17 തയ്യല്‍ വേണ്ടിവന്നു. മുറിവുണങ്ങി, പക്ഷേ, രണ്ടുമൂന്നു കൊല്ലം കഴിഞ്ഞപ്പോള്‍മുതല്‍ ചെറിയചെറിയ ബോധക്കേടുകള്‍ തുടങ്ങി. പതിനാറാമത്തെ വയസ്സിലാണ് (1942) ആദ്യമായി പൂര്‍ണതോതിലുള്ള അപസ്മാരം തുടങ്ങുന്നത്. അന്നൊക്കെ അപസ്മാരത്തിനുള്ള മരുന്നുകളും കുറവായിരുന്നു- 1857-ല്‍ സര്‍ ചാള്‍സ് ലോക്കോക് തുടങ്ങിവച്ച ബ്രോമൈഡുകളും (Sir. Chales Locock in 1857), കൂടിയാല്‍ ബെയര്‍ കമ്പനി 1912-ല്‍ ഉണ്ടാക്കിയ ഫീനോബാര്‍ബിറ്റോണും (ലൂമിനാല്‍), പിന്നെ പാര്‍ക് ഡേവിസ് കമ്പനിയുടെ ഫെനിറ്റോയിനും (Phenytoin 1938) മാത്രം. പിന്നെ പുതുതായി ഇറങ്ങിയവ ട്രിഡിയോണും മെസെന്റോയിനും. ശരിക്കും ഈ മരുന്നുകള്‍ കിട്ടാനത്ര എളുപ്പവുമല്ലായിരുന്നു. ഹെന്റി മൊളൈസണ് എന്തോ ഒരു ചെറിയ ജോലി കിട്ടി. പക്ഷേ, അന്നുള്ള മരുന്നുകളൊക്കെ കൊടുത്തെങ്കിലും ജോലി തുടര്‍ന്നു കൊണ്ടുപോകാനാവാത്ത വിധം രോഗം കൂടിവന്നു. ആഴ്ചയില്‍ പത്തും പതിനൊന്നും തവണവരെ രോഗം കൂടിവന്നുതുടങ്ങിയപ്പോളാണ് ഡോ. വില്യം സ്‌കോവിലിന്റെ ആശുപത്രിയില്‍ ചെന്നത്. മരുന്നുകൊണ്ടൊന്നും ഇതു മാറുകയില്ല എന്നും ബ്രെയിന്‍ സര്‍ജറി മാത്രമേ ഉപകാരപ്പെടുകയുള്ളൂ എന്നും ഡോ. വില്യം സ്‌കോവില്‍ അവര്‍ക്കു പറഞ്ഞുകൊടുത്തു. ഇത്ര വലിയ സര്‍ജന്‍ പറഞ്ഞാല്‍ എതിര്‍വായില്ലല്ലോ. ഹെന്റി മൊളൈസണിന്റെ അപസ്മാരം നിര്‍ത്താന്‍ അദ്ദേഹത്തിനു തോന്നിയത് അവന്റെ മസ്തിഷ്‌കത്തിലെ രണ്ടു വശത്തെയും ഹിപ്പോക്കാമ്പസ് ഛേദിച്ചുകളയാനായിരുന്നു. സര്‍ജറി ഉപകരിച്ചു, അപസ്മാരം നിര്‍ത്താന്‍. പക്ഷേ, പന്തികേടായി കണ്ടത് ഹെന്റി മൊളൈസണിന്റെ മറവിയാണ്. പുതിയ ഒന്നും ഓര്‍ക്കുന്നില്ല, സര്‍ജറി ചെയ്ത തന്നെപ്പോലും. പക്ഷേ, പണ്ടത്തെ കാര്യങ്ങള്‍ മാത്രം അവനു കുറെ ഓര്‍മ. അന്ന് ഡോ. വില്യം സ്‌കോവില്‍ തീരുമാനിച്ചു, ഇനി ഇങ്ങനെ ഒരു കൈക്രിയ തന്റേതായി ഉണ്ടാവില്ല എന്ന്. ഡോ. വില്യം സ്‌കോവില്‍ വായിച്ചിട്ടുണ്ടായിരുന്നു, ഡോ. പെന്‍ഫീല്‍ഡിന്റെ ഇത്തരത്തിലുള്ള ഒരു അനുഭവം. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. ബ്രെന്‍ഡാ മില്‍നറുമായി (Dr. Brenda Milner 1918) ചേര്‍ന്ന് ഡോ. പെന്‍ഫീല്‍ഡ് അതൊരു ഗവേഷണവിഷയമാക്കി, ഹാര്‍ട്ട്‌ഫോര്‍ഡില്‍ അങ്ങനെ ഒരു സൈക്കോളജിസ്റ്റിനെ കിട്ടാനുമില്ലായിരുന്നു. ഡോ. പെന്‍ഫീല്‍ഡിനോടു തന്നെ അഭ്യര്‍ഥിച്ചു, ഡോ. ബ്രെന്‍ഡാ മില്‍നറെ കിട്ടുമോ എന്ന്. ആദ്യം വരാന്‍ വിസമ്മതിച്ചുവെങ്കിലും പിന്നെ മുപ്പതു കൊല്ലമാണ് ആ ശ്രീമതി ഹെന്റി മൊളൈസണിനെ പഠിച്ചത്. സ്‌കോവിലിന്റെയും മില്‍നറിന്റെയും ആദ്യത്തെ ഗവേഷണപ്രബന്ധം വന്നത് 1957-ല്‍ ആണ്. ഹെന്റി മൊളൈസണ്‍ ആ ആശുപത്രിയില്‍ത്തന്നെ കഴിഞ്ഞു. ബ്രെന്‍ഡാ മില്‍നറെ ചെന്നുകാണാനൊന്നം പ്രാപ്തി വന്നില്ല. അതുകൊണ്ട് ഡോ.ബ്രെന്‍ഡാ മില്‍നര്‍ വരുമായിരുന്നു ആഴ്ചയില്‍ രണ്ടും മൂന്നും തവണ മൊണ്‍ട്രിയലില്‍നിന്ന് 420 കിലോമീറ്റര്‍ താണ്ടി ഹാര്‍ട്ട്‌ഫോര്‍ഡിലേക്ക്. (താരതമ്യത്തിന് തിരുവനന്തപുരം-കോഴിക്കോട്, 446 കിലോമീറ്റര്‍). ഹെന്റി മൊളൈസണിനു പോയത് കണ്ടോര്‍മകളും കേട്ടോര്‍മകളും ഒക്കെ. ഏറക്കുറെ പൂര്‍ണമായി അപസ്മാരം മാറി. വളരെ സൗമ്യമായുള്ള പെരുമാറ്റം. ബുദ്ധിയും സ്വഭാവവും പഴയതുപോലെ. പക്ഷേ, സര്‍ജറിക്കു കുറെയേറെ നാളിനു മുന്‍പുള്ള ഓര്‍മകളേയുള്ളൂ. തന്റെ ആത്മകഥപോലും മറന്നുപോയി. ആരോടും സന്തോഷത്തോടെ അടുക്കും, സംസാരിക്കും, കളിക്കും. അവരങ്ങു മാറിയാല്‍ അതോടെ തീര്‍ന്നു ആ ഓര്‍മ. സംസാരിച്ചെന്നോ ചിരിച്ചെന്നോ കളിച്ചെന്നോ ഒന്നും ഓര്‍മയില്‍ തങ്ങില്ല. മുപ്പതു കൊല്ലം കണ്ട ഡോ. ബ്രെന്‍ഡാ മില്‍നറെ കണ്ടാലും ആളെ മനസ്സിലാക്കാതെ, ചിരിച്ചുകൊണ്ട് വരവേല്ക്കും, ആരെന്നു ചോദിക്കുകയും ചെയ്യും. സ്വന്തം മുഖം കണ്ണാടിയില്‍ കണ്ടിട്ട് പറഞ്ഞു, 'അയ്യോ, ഇപ്പോള്‍ ഞാനൊരു കുട്ടിയല്ല.' ഹെന്റി മൊളൈസണിനു സ്വന്തം രൂപംപോലും ഒരു ഒന്‍പതു പത്തു വയസ്സുകാരന്റേതായിട്ടേ ഓര്‍മയിലുണ്ടായിരുന്നുള്ളൂ. പോയ ഓര്‍മകള്‍ ഹെന്റി മൊളൈസണിന്റെ മറവിക്കു കൃത്യമായ ശാസ്ത്രനാമങ്ങളുണ്ട്. (മലയാളത്തില്‍ കേട്ടുപഴകിയ പേര് - അമ്‌നീസിയ (Amnesia). അത് വീണ്ടും നിര്‍വചിക്കേണ്ടിവരുന്നു, ഹെന്റി മൊളൈസണിന്റെ മറവി ഡോ. വില്യം സ്‌കോവില്‍ ചെയ്ത സര്‍ജറികൊണ്ട്. അങ്ങനെയൊരു സര്‍ജറി വേണമെന്നില്ല ഇത്തരമൊരു മറവി വരാന്‍. വേറെ കാരണങ്ങളുമാകാം. തലയില്‍ കാര്യമായ തട്ട് കിട്ടിയതാവാം. അത് റോഡപകടങ്ങളാകാം. അല്ലെങ്കില്‍ മസ്തിഷ്‌കജ്വരങ്ങള്‍ വന്നാലും മതി. ചിലപ്പോള്‍ ഭക്ഷണങ്ങളില്‍നിന്ന് കിട്ടേണ്ട ചില വിറ്റാമിനുകളുടെ (ബി.1) കുറവാകാം. ചിലപ്പോള്‍ മസ്തിഷ്‌കാഘാതങ്ങളാകാം. അതുമല്ലെങ്കില്‍ അല്‍ഷൈമര്‍ രോഗംപോലുള്ള മസ്തിഷ്‌കജീര്‍ണതയുണ്ടാക്കുന്ന രോഗങ്ങള്‍കൊണ്ടും വരാം. ഓര്‍മ പോകും. ഇന്നുമുതല്‍ പിന്നോട്ട്. അല്ലെങ്കില്‍ ഈ നിമിഷംമുതല്‍; ഇതാണ് ഭൂതകാലസ്മൃതിലോപം- റിട്രോഗ്രേഡ് അമ്‌നീസിയ (Retrograde Amnesia), പിന്നെ ഈ നിമിഷംമുതല്‍ മുന്നോട്ട് ഒന്നും ഓര്‍മയില്‍ പതിയാത്ത അവസ്ഥ, അത് വര്‍ത്തമാനകാലസ്മൃതിലോപം (Anterograde Amnesia). തലയ്ക്കുള്ള ആഘാതത്തിന്റെ തീവ്രത മനസ്സിലാക്കാന്‍ ഏറ്റവും എളുപ്പം ഈ രണ്ടുംകൂടി ചേര്‍ന്നാലുള്ള ദൈര്‍ഘ്യം നോക്കിയാണ്. ഈ ഭൂതകാല സ്മൃതിലോപം കുറെ അമ്പരപ്പിക്കും. പണ്ടുപണ്ട് നടന്ന കാര്യങ്ങളൊക്കെ ഓര്‍ക്കും. പ്രൈമറി സ്‌കൂളിലെ കാര്യം, ആദ്യം താമസിച്ച വീട്, അന്നത്തെ ആള്‍ക്കാര്‍, അന്നത്തെ ശത്രുക്കള്‍, ആദ്യം ചെന്നുപെട്ട പ്രേമം, എവിടെയോ ഏതോ നാള്‍തൊട്ടുള്ള കാര്യങ്ങള്‍ ഓര്‍മയില്‍ മങ്ങിത്തുടങ്ങും. ലേശം ഓര്‍ക്കുമവ. പിന്നെ തീരെ അടുത്തുള്ള കാര്യങ്ങളാണ് എമ്പാടും മറന്നുപോകുന്നത്. എന്ന് എവിടെവച്ച് അപകടം? ആര്‍ക്ക് എന്തു കൊടുത്തു? എന്തിനു ക്ഷോഭിച്ചു? എന്ത് ആരോടു പറഞ്ഞു? എവിടെ വച്ചു താക്കോല്‍? കമ്പ്യൂട്ടറിന്റെ പാസ്‌വേഡ് എന്ത്? എ.ടി.എം. കാര്‍ഡിന്റെ നമ്പറെത്ര? ഇന്ന് എവിടെനിന്ന് ഊണ് കഴിച്ചു? എന്തൊെക്കയായിരുന്നു ഊണിന്? എല്ലാം മറന്നുപോകും. പണ്ടുപണ്ടത്തെ കാര്യങ്ങള്‍ എല്ലാം നല്ലവണ്ണം ഓര്‍ക്കുന്ന ആള്‍ വീട്ടിലേക്കു വാങ്ങേണ്ട സാധനങ്ങള്‍ വാങ്ങാതെ, പൈസയും എവിടെയോ കൊണ്ടു കളഞ്ഞ് തിരികെ വരാനുള്ള വഴിയും മറന്ന് അന്തംവിട്ട് എന്തേ വല്ലയിടത്തും പെട്ടുപോകുന്നത് എന്നു മനസ്സിലാകാതെ വേണ്ടാത്ത വഴക്കുണ്ടാക്കാന്‍ ബന്ധുക്കളുമുണ്ടാവും. പോകാത്ത ഓര്‍മകള്‍ പക്ഷേ, ഹെന്റി മൊളൈസണിന്റെ പോകാത്ത ഓര്‍മകള്‍ ഡോ. ബ്രെന്‍ഡാ മില്‍നര്‍ കണ്ടുപിടിച്ചു. പേപ്പറുകളില്‍ വരുന്ന പദപ്രശ്‌നങ്ങളൊക്കെ ശരിക്കു ചെയ്യും. കണ്ടോര്‍മകള്‍ക്കും കേട്ടോര്‍മകള്‍ക്കും വാക്കോര്‍മകള്‍ക്കും വേണ്ട നാഡീപടലം വേറെ, ചെയ്‌തോര്‍മകള്‍ക്കു വേണ്ട നാഡീപടലം വേറെ. ഇതിന് ഒരു പേരുണ്ട്: ചെയ്‌തോര്‍മ പ്രൊസീഡ്യൂറല്‍ മെമ്മറി (Procedural Memory). ആദ്യത്തേവ എല്ലാം വസ്തുതസ്മൃതി (Declarative Memory). ഹെന്റി മൊളൈസണ് വാക്കുകള്‍ ഇഷ്ടമായിരുന്നു; പറഞ്ഞാലുടന്‍ മറന്നുപോകുമെങ്കിലും. ചിലപ്പോള്‍ പറയുന്നത് എന്നെന്നും ഓര്‍ക്കാവുന്നവയും. 'എനിക്ക് ഒരു ന്യൂറോസര്‍ജനാകാനിഷ്ടമാണ്, പക്ഷേ, വേണ്ട, ഓപ്പറേറ്റ് ചെയ്യുമ്പോള്‍ തെറിക്കുന്ന രക്തം കണ്ണാടിയില്‍ വീണാല്‍ പിന്നെ കണ്ണു കാണില്ല, മുറിക്കുന്നത് തെറ്റും, പിന്നെ എന്നെപ്പോലെയാവും,' ഒരിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. സൂസൈന്‍ കോര്‍ക്കര്‍ ചോദിച്ചു, 'എന്താ ഹെന്റി, ഞങ്ങള്‍ ഈ ചെയ്യുന്ന പരിശോധനകളൊക്കെ ഇഷ്ടമാണോ' എന്ന്. അവന്റെ ഉത്തരം പെട്ടെന്നായിരുന്നു. 'എന്റെ നോട്ടത്തില്‍ എന്നില്‍നിന്ന് അവര്‍ നേടുന്ന അറിവുകളൊക്കെ മറ്റുള്ളവര്‍ക്ക് ഉപകാരമാവും' ('The way I figure it is, what they find out about me helps them to help other people.') ആ ഉത്തരം പറഞ്ഞ കാര്യം അപ്പോഴേ മറന്നുപോയെങ്കിലും, ഒരുപക്ഷേ, അവന്റെ ഏറ്റവും നല്ല സ്മാരകലേഖവും അതായിരിക്കും. മുപ്പതു കൊല്ലത്തെ പഠനത്തിനുശേഷം ഡോ. ബ്രെന്‍ഡാ മില്‍നര്‍ വിടവാങ്ങി. ഹെന്റി മൊളൈസണ്‍ തന്റെ സര്‍ജനായ ഡോ. വില്യം സ്‌കോവിലിനെ അതിജീവിച്ചു. സൈക്കോളജിസ്റ്റ് ഡോ. ബ്രെന്‍ഡാ മില്‍നര്‍ വിരമിച്ചപ്പോള്‍ അവരുടെ വിദ്യാര്‍ഥിനിയായിരുന്ന സൈക്കോളജിസ്റ്റ് കോര്‍ക്കിന്‍ ആയി ഹെന്റി മൊളൈസണിന്റെ പുതിയ ഡോക്ടര്‍. ഒരിക്കലും സാധാരണജീവിതത്തിലോട്ട് മടങ്ങാനായില്ലെങ്കിലും മറവിക്കാരനായിരുന്ന ഹെന്റി മൊളൈസണ്‍, ഓര്‍മ എന്ന ശാസ്ത്രത്തിനു കൊടുത്ത സംഭാവനകള്‍ അതുല്യമായിരുന്നു. ഒരു വൃദ്ധസദനത്തില്‍ ബന്ധുക്കള്‍ ആരോരുമില്ലാതെ ഹൃദയസ്തംഭനംമൂലം മരിച്ചപ്പോള്‍ തേങ്ങിയത് അദ്ദേഹത്തെ പരിചരിച്ച ഡോക്ടര്‍മാര്‍ മാത്രം. കടല്‍ക്കുതിര ശല്യമാകുമ്പോള്‍ ഡോ. പെന്‍ഫീല്‍ഡും ഡോ. വില്യം സ്‌കോവിലും ഡോ. ബ്രെന്‍ഡാ മില്‍നറുമൊക്കെ തുടങ്ങിവച്ച പഠനങ്ങള്‍ വ്യക്തമാക്കിയത് ഹിപ്പോക്കാമ്പസിന്റെ ധര്‍മങ്ങളാണ്. അവയില്‍ പ്രധാനമായവ സംയമനം, ഓര്‍മ, ദിശാബോധം, പരിസരബോധം എന്നിവയാണെന്ന് മുന്‍പ് സൂചിപ്പിച്ചിരുന്നു. പരിസരബോധത്തെക്കുറിച്ച് പിന്നെയൊരിക്കലാവും എന്റെ ചര്‍ച്ച. മാനസികമായ വിലക്കുകള്‍ അങ്ങ് പോകുകയാണെങ്കില്‍ നശിക്കുന്നത് സാമൂഹിക ഇടപെടലൊക്കെയാണ്. എന്ത്, എവിടെ, ആരോട് ചെയ്യണമെന്നതൊക്കെ അലങ്കോലമാകും. ഹെന്റി മൊളൈസണിന്റെ ഹിപ്പോക്കാമ്പസ് ഡോ. വില്യം സ്‌കോവില്‍ ആണ് കളഞ്ഞതെങ്കില്‍ പാവം ശ്രീക്കുട്ടിട്ടീച്ചറുടെ കാര്യത്തിലതു പോയത് ഹെര്‍പിസ് മസ്തിഷ്‌കജ്വരംകൊണ്ടും. ശ്രീക്കുട്ടിട്ടീച്ചര്‍ക്കു ഹിപ്പോക്കാമ്പസ് മാത്രമായിരിക്കില്ല പോയത്. അസൈക്ലോവിര്‍ തുടങ്ങിയ മരുന്നുകള്‍ വരുന്നതിനു മുന്‍പുള്ള കാലമായിരുന്നു. ദൈവകൃപയാല്‍ രക്ഷപ്പെട്ട ടീച്ചര്‍ക്ക് പിന്നെ എന്തൊക്കെ വന്നു എന്നറിഞ്ഞത് കുറെ നാള്‍കൂടി കഴിഞ്ഞാണ്. ബെന്നി നല്ല ഒരു സഹായിയായിരുന്നു എല്ലാവര്‍ക്കും. ശ്രീക്കുട്ടിട്ടീച്ചര്‍ തിരിച്ചുവന്നപ്പോള്‍ ഒന്നും ഓര്‍ക്കാത്ത ഒരാളായി. അവര്‍ രണ്ടുമൂന്നു മാസം ലീവ് എടുത്ത് വീട്ടില്‍ പോയി. നാട്ടില്‍ കൊണ്ടുപോകാനും തിരികെ വിളിച്ചുകൊണ്ടുവരാനും ബെന്നിയല്ലാതെ ആരുമില്ലായിരുന്നു. പണ്ട് ഏഴിലും എട്ടിലുമൊക്കെ കണക്ക് പഠിപ്പിച്ചിരുന്ന അവര്‍ക്ക് ജോലി പോകരുതെന്ന് സഹാധ്യാപകരും ഹെഡ്മാസ്റ്ററും കരുതി. കൊച്ചുകുട്ടികള്‍ക്ക് ആദ്യാക്ഷരങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ശ്രീക്കുട്ടിട്ടീച്ചറോട് ആവശ്യപ്പെട്ടപ്പോള്‍ വിരോധമൊന്നും കൂടാതെ സമ്മതിച്ചത് അവര്‍ക്ക് അദ്ഭുതമുണ്ടാക്കി. ടീച്ചര്‍ക്ക് മുന്‍പില്ലായിരുന്ന ഇണക്കം, ആരോടും ചിരിച്ചുകൊണ്ട് ചെല്ലും, ടീച്ചറോട് എന്തെങ്കിലും ഒന്നു പറഞ്ഞാല്‍ അതനുസരിക്കും കുറച്ചു സമയത്തേക്ക്. പിന്നെയതു മറന്നുപോകും. പണ്ടത്തെ കൂട്ടുകാരികളുമായി എന്തെങ്കിലുമൊക്കെ പറയും. ഒരു ചെറിയ കാര്യംപോലും ടീച്ചര്‍ ഓര്‍ക്കുകയില്ല. ദിവസത്തെ ചിട്ടകളൊക്കെ ഒരു തരം. എല്ലാത്തിനും റീമട്ടീച്ചര്‍ സഹായിച്ചു. റീമയ്ക്ക് ആശ്രയമായി നിന്നത് ബെന്നിയും. കുറെ കഴിഞ്ഞപ്പോള്‍ അവര്‍ക്കൊക്കെ തോന്നി, ശ്രീക്കുട്ടിട്ടീച്ചര്‍ക്കു നാട്ടിലേക്ക് ഒരു സ്ഥലംമാറ്റം വാങ്ങിക്കൊടുക്കണമെന്ന്. അക്കാര്യം പറഞ്ഞുചെന്ന റീമട്ടീച്ചര്‍ വിരണ്ടുപോയി, ശ്രീക്കുട്ടിട്ടീച്ചറിന്റെ ഉത്തരം കേട്ടപ്പോള്‍, 'ഞാന്‍ പോകുന്നില്ല, ബെന്നിസാറില്ലാതെ.' ബെന്നിയോടു ചങ്ങാത്തം കൂടാന്‍ ആശിച്ചിരുന്ന റീമയ്ക്ക് അതൊരു ഷോക്കായിരുന്നു. ഒപ്പിടാന്‍ പറഞ്ഞിടത്തൊക്കെ ശ്രീക്കുട്ടിട്ടീച്ചര്‍ ഒപ്പിട്ടുകൊടുത്തു. അപേക്ഷയുടെ കൂടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടെ വയ്ക്കണമായിരുന്നു. അതിനാണ് ബെന്നി എന്നെ കാണാന്‍ രണ്ടാമതു വന്നത്. ബെന്നി ചോദിച്ചു, സാര്‍ എന്തായിരുന്നു ടീച്ചറിന്? ആവുന്നത്ര വിശദമായി ഹെര്‍പിസ് മസ്തിഷ്‌കജ്വരത്തെക്കുറിച്ച് ഞാന്‍ പറഞ്ഞുകൊടുത്തു. അതില്‍ വന്നുപോകാവുന്ന ഓര്‍മക്കുറ്റങ്ങളെയും അപസ്മാരത്തെക്കുറിച്ചുമൊക്കെ. ബെന്നി വേറെയെന്തോ ചോദിക്കാന്‍ മുതിര്‍ന്നിട്ട് വേണ്ടെന്നുവച്ചപോലെ എനിക്കു തോന്നി. ഞാന്‍ എഴുതിക്കൊടുത്ത സര്‍ട്ടിഫിക്കറ്റില്‍ ആശുപത്രിമുദ്ര വയ്ക്കാന്‍ ബെന്നി തിരക്കിട്ട് പോയി. തിരികെ വന്ന് എന്റെ പ്രാക്ടീസ് കഴിയുന്നതുവരെ ബെന്നി കാത്തുനിന്നു. സാര്‍, എനിക്കൊരു കാര്യം ചോദിക്കാനുണ്ട്, ശ്രീക്കുട്ടിട്ടീച്ചര്‍ കല്യാണം കഴിച്ചാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാവുമോ?' എന്തിനിങ്ങനെ ബെന്നി ചോദിക്കുന്നതെന്ന് എനിക്കു മനസ്സിലാകാത്തതുകൊണ്ട് ഞാന്‍ വിവരമാരാഞ്ഞു. സാര്‍, 'ഞാന്‍ ശ്രീക്കുട്ടിട്ടീച്ചറെ വിവാഹം ചെയ്യേണ്ടിവന്നു. സത്യത്തില്‍ ഞാന്‍ ഒരിക്കലും കരുതിയതല്ല. മുതിര്‍ന്നതുമല്ല. പക്ഷേ, വേണ്ടിവന്നുപോയി സാര്‍. ടീച്ചറെ ഞാന്‍ വീട്ടില്‍ കൊണ്ടുപോയാക്കി. അന്ന് മടങ്ങാനാകാത്തതുകൊണ്ട് ഞാന്‍ അവരുടെ വീട്ടിലാണ് കിടന്നത്. സാറിനോടു പറഞ്ഞിട്ടുണ്ടല്ലോ, ആ വീട്ടിലെ കാര്യം. അവളുടെ അനിയന് ജന്മനാ ബുദ്ധിമാന്ദ്യമാണ്. അമ്മയ്ക്ക് ഒരുപാട് രോഗങ്ങളും. അന്നു രാത്രി ഞാന്‍ ഒന്ന് ഉറങ്ങിക്കഴിഞ്ഞപ്പോഴാണ് ആരോ എന്റെ അടുക്കല്‍ കിടക്കുന്നതായി തോന്നിയത്. ഞെട്ടി ഞാന്‍ എഴുന്നേറ്റുനോക്കിയപ്പോള്‍ ശ്രീക്കുട്ടിട്ടീച്ചര്‍ എന്റെ അടുക്കല്‍ കിടക്കുന്നു. എങ്ങനെ പറയണമെന്നറിയില്ല, സത്യത്തില്‍ എന്നെ ടീച്ചര്‍ റേപ്പ് ചെയ്യുകയായിരുന്നു. എനിക്ക് ഇഷ്ടമായിരുന്നു ടീച്ചറെ. പക്ഷേ, സാര്‍ ഞാന്‍ ഇതു പ്രതീക്ഷിച്ചതല്ല. അതു കഴിഞ്ഞിട്ട് അവള്‍ ഒന്നും സംഭവിക്കാത്തതുപോലെ എഴുന്നേറ്റുപോയി. പിറ്റേന്ന് വെറുതെയിരുന്ന് അവള്‍ കരയുന്നതു കണ്ട് എന്തെന്നു ചോദിച്ചപ്പോള്‍ എന്തോ പേടിച്ചതുപോലെ എനിക്കു തോന്നി. അവള്‍ തലേന്നു നടന്നതൊന്നും ഓര്‍ത്തതേയില്ല. എന്തു ചെയ്യണമെന്ന് അറിയാത്തതുകൊണ്ട് അവളുടെ അമ്മയോടു വിവരം പറയേണ്ടിവന്നു. ആരോടും എനിക്കു ചോദിക്കാനുമില്ലായിരുന്നു. ടീച്ചറിന് ഒരു മാനക്കേടുണ്ടാകരുതെന്നു കരുതി ഞാന്‍ അവരെ രജിസ്റ്റര്‍ കല്യാണം കഴിച്ചു. കല്യാണക്കാര്യംപോലും ടീച്ചര്‍ ഓര്‍ക്കുന്നില്ല. ഭയമാണ് എനിക്ക് അവരുടെ ചിലപ്പോഴത്തെ പ്രകൃതി കാണുമ്പോള്‍. മറവി ഒരുപാട്, ഒന്നും ഓര്‍ക്കില്ല. ചിലപ്പോള്‍ ചിലതു കണ്ടാല്‍ അതെന്തെന്നു ചോദിച്ചുകൊണ്ടേയിരിക്കും. അറിയാവുന്ന പലതും മറിച്ചും തിരിച്ചും എടുത്തുനോക്കും. എന്നിട്ട് ചോദിക്കും, ബെന്നിസാറേ, ഇത് എന്താന്ന്. പിന്നെ എന്തും എടുത്തു തിന്നും. എനിക്കു മനസ്സിലാവുന്നില്ല ഇതൊന്നും. എന്തേ ഇങ്ങനെ എന്ന് സാറിനോടു ചോദിക്കാനാണ് ഞാനിതുവരെ കാത്തുനിന്നത്. ഞാനിതുവരെ ഇതൊന്നും വേറെ ആരോടും പറഞ്ഞിട്ടില്ല. അച്ഛനുമമ്മയും എനിക്കില്ല. ഒരു ഓര്‍ഫനേജില്‍നിന്നാണ് ഞാന്‍ പഠിച്ചത്. സ്‌കൂളിലും ആര്‍ക്കും ഇതറിയില്ല. ഞാനും ശ്രീക്കുട്ടിട്ടീച്ചറിന്റെ നാട്ടിലേക്കു ട്രാന്‍സ്ഫറിനു ശ്രമിക്കുന്നുണ്ട്. തരീക്കാമെന്ന് എനിക്കറിയാവുന്ന ഒരാള്‍ ഏറ്റിട്ടുമുണ്ട്. കിട്ടുകയാണെങ്കില്‍ ഭാഗ്യം.' ഞാനാണ് ഞെട്ടിയത് അപ്പോള്‍. ശ്രീക്കുട്ടിട്ടീച്ചര്‍ക്ക് ഹെര്‍പിസ് എന്‍സഫലൈറ്റിസ് വന്നു. ഓര്‍മ പോയി. അതു പ്രതീക്ഷിച്ചതു മാത്രം. പക്ഷേ, ഈ പ്രശ്‌നം കേട്ടപ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തിയത് ക്ലൂവര്‍-ബൂസി സിന്‍ഡ്രോമെന്ന രോഗമായിരുന്നു. ന്യൂറോ സൈക്കോളജിസ്റ്റായ ഡോ. ഹെന്റിച്ച് ക്ലൂവറും ന്യൂറോ സര്‍ജനായ ഡോയ പോള്‍ ബൂസിയും കൂടി കുരങ്ങന്മാരുടെ മസ്തിഷ്‌കത്തിലെ രണ്ടു ടെമ്പറല്‍ ലോബുകളും മുറിച്ചുകളഞ്ഞപ്പോള്‍ വന്ന വല്ലാത്ത സ്വഭാവരീതികള്‍. എന്തിനെയും ഒരു പേടിയുണ്ടാവില്ല, എന്തുമെടുത്ത് വായിലിടും, വല്ലാത്ത ലൈംഗികാസക്തി. ഇതു കുരങ്ങന്മാരില്‍ മാത്രമല്ല, അപൂര്‍വം ചിലപ്പോള്‍ മനുഷ്യരിലും ഉണ്ടാവും. അപസ്മാരശസ്ത്രക്രിയയ്ക്കു ചിലപ്പോള്‍, ഹെര്‍പിസ് മസ്തിഷ്‌കജ്വരം വന്നാല്‍ പലപ്പോഴും, അത്യപൂര്‍വമായി മസ്തിഷ്‌കാഘാതങ്ങളിലും. ശ്രീക്കുട്ടിട്ടീച്ചര്‍ക്ക് ഉണ്ടായത് ക്ലൂവര്‍-ബൂസി സിന്‍ഡ്രോമിന്റെ ഒരു കൊച്ചുപതിപ്പ്. അതു മതി, സര്‍വവും ശിഥിലമാക്കാന്‍. ബെന്നിയോടു പറഞ്ഞുകൊടുക്കാവുന്നതിന് ഒരു പരിധിയുണ്ടായിരുന്നു. ആവുന്നത്ര മയപ്പെടുത്തി കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. പിന്നെ അപസ്മാരം വരാതിരിക്കാനുള്ള മരുന്നുകളും കുറിച്ചുകൊടുത്തു. ശംഖുപുഷ്പത്തിന്റെ ഇതള്‍ കുറെയേറെ നാളേക്ക് പിന്നെ ശ്രീക്കുട്ടിട്ടീച്ചറിനെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. വിദേശവാസമൊക്കെയായി ഒട്ടേറെ നാളുകള്‍ എനിക്കും പോയി. തിരികെ വന്ന് തിരുവനന്തപുരത്തു ജോലി പുനരാരംഭിച്ചപ്പോള്‍ തീരെ പ്രതീക്ഷിക്കാതെ അവരെ ബെന്നി കൊണ്ടുവന്നു. പയ്യന്‍ ബെന്നിയല്ല, തലമുടിയൊക്കെ നരച്ച ഒരു അകാലവൃദ്ധന്‍. കൂടെ വന്ന ശ്രീക്കുട്ടിട്ടീച്ചര്‍ക്ക് യാതൊരു മാറ്റവുമില്ലായിരുന്നു. പണ്ടു കണ്ട മാതിരി മെല്ലിച്ച ഒരു സുന്ദരിക്കുട്ടി. ഹെര്‍പിസ് അവളുടെ ഓര്‍മയൊക്കെ കെടുത്തി. പക്ഷേ, തിരിച്ചുകൊടുത്തത് നിത്യയൗവനമായിരുന്നു. ഞാന്‍ കരുതിയത് അവര്‍ക്കു പിന്നെ കിട്ടിയ ചികിത്സകൊണ്ട് കറുത്ത് കരുവാളിച്ച്, മോണയെല്ലാം വളര്‍ന്ന് വികൃതമാകുമെന്നായിരുന്നു. അവള്‍ കഴിച്ചത് പണ്ട് ഞാനെഴുതിക്കൊടുത്ത ഒരു മരുന്നു മാത്രം. സ്‌കൂള്‍ ജോലി പണ്ടേ മതിയാക്കേണ്ടിവന്നു, ഓര്‍മക്കുറവ് കാരണം. ബെന്നിയാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. മുപ്പതു-മുപ്പത്തിരണ്ടു കൊല്ലം ഒരേ കൂറോടെ ആ ദേവിയെ ഉപാസിക്കുകയായിരുന്നു. അന്നേ ശ്രീക്കുട്ടിയുടെ വീട്ടിനടുത്തുള്ള സ്‌കൂളിലേക്കു ട്രാന്‍സ്ഫര്‍ വാങ്ങി അവളുടെ വീട്ടിലേക്കു താമസവും മാറ്റി. ഒരുപാടു നാളായി ശ്രീക്കുട്ടിട്ടീച്ചറിന്റെ അമ്മയും അനുജനും മരിച്ചിട്ട്. രണ്ടുമൂന്നു കൊല്ലത്തിനു മുന്‍പ് സര്‍വീസില്‍നിന്ന് ബെന്നി പെന്‍ഷന്‍ പറ്റിപ്പിരിഞ്ഞു. ശ്രീക്കുട്ടി പ്രസവിച്ചില്ല. അവള്‍ക്കു ബെന്നി പഴയ 'ബെന്നിസാറായിരുന്നു.' സഹാധ്യാപകനു കൊടുക്കുന്ന സകല ഭവ്യതയോടും അവള്‍ ബെന്നിയോടുകൂടി കഴിഞ്ഞു. പഴയ സ്‌കൂളും രോഗങ്ങളും സങ്കടങ്ങളും ഒന്നും ഓര്‍ക്കാതെ അവള്‍ നിത്യവര്‍ത്തമാനകാലത്തു ജീവിച്ചു. മോഹങ്ങള്‍, ക്രോധങ്ങള്‍, നിരാശകള്‍ എന്നൊന്നും ഓര്‍ക്കാന്‍ അവളുടെ മനസ്സിലിടമില്ലായിരുന്നു. പലപ്പോഴും ചികിത്സ ഇല്ലാതെ വിടുന്നതാവും നന്ന്. അവള്‍ കഴിച്ചുകൊണ്ടിരുന്ന ഫീനോബാര്‍ബിറ്റോണ്‍ ഗുളിക മാത്രം തുടരാന്‍ പറഞ്ഞ് മടക്കിയപ്പോള്‍ എനിക്കു ബെന്നിയോടു ചോദിക്കണമെന്നുണ്ടായിരുന്നു, അവളുടെ ക്ലൂവര്‍-ബൂസി സിന്‍ഡ്രോമിനെക്കുറിച്ച്. ബെന്നി അത് ഊഹിച്ചെന്നു മനസ്സിലായി; 'സാര്‍, ഇവള്‍ ഇപ്പോഴും എന്റെ പഴയ ശ്രീക്കുട്ടിയാണ്. സ്‌നേഹിക്കും, ഓര്‍മയൊന്നും വേണ്ട സാര്‍ സ്‌നേഹത്തിന്.' അവര്‍ വല്ലപ്പോഴും വരും, എന്നെക്കാണാന്‍. ആണ്ടിലൊരിക്കലോ രണ്ടു കൊല്ലത്തിലൊരിക്കലോ മാത്രം. അത്തരമൊരു വരവായിരുന്നു അന്ന്. എന്റെ വീട്ടിന്റെ മതിലിനടുത്തുള്ള ഒരു ഇലക്ട്രിക് പോസ്റ്റില്‍ നല്ല ഒരു ശംഖുപുഷ്പച്ചെടി നിറയെ കടും നീലപ്പൂക്കളുമായി വളര്‍ന്നുകിടപ്പുണ്ടായിരുന്നു. അന്ന് അവള്‍ വന്നത് അതില്‍നിന്ന് ഒരു പൂവുമായിട്ടാണ്. ബെന്നി അവളുടെ പ്രശ്‌നങ്ങളൊക്കെ പറയുകയായിരുന്നു. അവളാകട്ടെ, ആ പൂവിന്റെ നീലക്കോളാമ്പിത്തല മെല്ലെ പിച്ചി താഴേയിട്ട്, ശ്വേതവര്‍ണമധ്യത്തിലേക്കു മാത്രം ഉറ്റുനോക്കി ഒന്നും മിണ്ടാതെ ഇരുന്നു. എനിക്കപ്പോള്‍ ഓര്‍മ വന്നത് കാള്‍ സാന്‍ഡ്ബര്‍ഗിന്റെ (അമേരിക്കന്‍ കവി Carl Sandburg, 18781967)ഒരു വരിയാണ് 'ഇന്നലെ എന്നോ പോയി. നാളെ വരില്ലായിരിക്കും, ഇന്ന് ഇവിടെ ഉണ്ട്. ഒന്നും ചെയ്യാനില്ലെങ്കില്‍ വെറുതെ അനങ്ങാതിരുന്ന് ശ്രദ്ധിക്ക്, എന്തെങ്കിലും കേള്‍ക്കുമായിരിക്കും, ആര്‍ക്കുമറിയില്ല. ഒരു റോസാപ്പൂവിന്റെ ഇതളുകള്‍ നുള്ളിയെടുക്കാം. അല്ലെങ്കില്‍ അതിന്റെ സുഗന്ധത്തിന്റെ കെമിക്കല്‍ പരിശോധന ചെയ്യാം. പക്ഷേ, ഏതോ താക്കോലില്ലാ അറയിലാവും അതിന്റെ അജ്ഞേയമായ സൗന്ദര്യത്തിന്റെയും സുഗന്ധത്തിന്റെയും രഹസ്യമുണ്ടാവുക.' (Yesterday is done. Tomorrow never comes. Today is here. If you don't know what to do, sit still and listen. You may hear something. Nobody knows. We may pull apart the petals of a rose or make chemical analysis of its perfume but the mystic beauty of its form and odour would still be a secret, locked in where we have no keys). എനിക്കു തോന്നി, ഓര്‍മ മുഴുവന്‍ പോയ ആ ടീച്ചറും ആ പൂവിന്റെ സൗന്ദര്യ-സുഗന്ധരഹസ്യത്തെ അപ്പോള്‍ അറിയാതെ തേടുകയാണെന്ന്. (ഓര്‍ക്കാനുണ്ട് കുറെ ഓര്‍മകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

സാമാന്യം തിരക്കുള്ള ഒരു സാധാരണദിവസം. രാവിലത്തെ ആശുപത്രി ജോലി കഴിഞ്ഞ് ഒരു ഉച്ചയുറക്കവും പാസാക്കിയിട്ട് നാലുമണിമുതലാണ് ഇപ്പോള്‍ എന്റെ വൈകുന്നേരത്തെ പ്രാക്ടീസ് തുടങ്ങുന്നത്. അപ്പോയിന്റ്‌മെന്റ് എടുത്തിട്ടുള്ളവരുടെ ലിസ്റ്റ് മുന്നിലുണ്ടാവും. പണ്ടൊക്കെ ചെയ്തിരുന്നപോലെ ഇന്നാവില്ല. അതുകൊണ്ട് വൈകുന്നേരം ആറാറര മണിയാകുമ്പോഴേക്ക് പ്രാക്ടീസ് നിര്‍ത്തും. ചില ദിവസങ്ങളില്‍ അതു പറ്റില്ല. കുറെക്കൂടി ആയിപ്പോകും. എന്നെ അദ്ഭുതപ്പെടുത്തുന്ന കാര്യം ഇന്നും മലബാറിലുള്ള പലരും കാണാന്‍ വരുന്നുണ്ടെന്നതാണ്. എന്റെ കോഴിക്കോടന്‍ദിനങ്ങളെ ഓര്‍മിപ്പിക്കുന്നവര്‍. അങ്ങനെ ഒരാളുടെ പേരുകൂടി അന്നത്തെ ലിസ്റ്റില്‍ കണ്ടു. എന്റെ കാര്യം മാത്രമേ എനിക്കു പറയാനാവൂ. എന്റെ രോഗികളുടെ പേരും മേല്‍വിലാസവും അവരുടെ ബന്ധുബലവും ഔദ്യോഗികകാര്യങ്ങളും രാഷ്ട്രീയബന്ധങ്ങളും ഒന്നും എനിക്കറിയില്ല, അറിയാന്‍ ശ്രമിക്കാറുമില്ല. പക്ഷേ, എന്റെ പഴയ രോഗികളെ കണ്ടാലുടന്‍ എത്രയോ കൊല്ലത്തിനുമുന്‍പ് കണ്ടവരാണെങ്കിലും അവരുടെ രോഗചരിത്രം മുഴുവന്‍ ഓര്‍ക്കും. അതൊരു നിഷ്ഠയായി മാറിയതുകൊണ്ടായിരിക്കണം. ആദ്യം കാണുമ്പോള്‍ വിശദമായ രോഗവിവരണക്കുറിപ്പ് ഓരോ രോഗിക്കും എഴുതിക്കൊടുക്കാറുമുണ്ട്. അതുകൊണ്ട് അന്ന് ശ്രീക്കുട്ടിട്ടീച്ചറെ കണ്ടപ്പോള്‍ അവരുടെ പൂര്‍ണ രോഗവിവരണം ഓര്‍ത്തുപോയി. കാലം 1970 കളുടെ മധ്യം. കോഴിക്കോടു മെഡിക്കല്‍ കോളേജില്‍വച്ചാണ് അവരെ ആദ്യം കാണുന്നത്. രണ്ടുമൂന്നു ദിവസമായി അബോധാവസ്ഥയിലായിരുന്ന അവര്‍ നിശ്ചയമായും മരിച്ചുപോകുമെന്ന് കരുതിയാണ് സര്‍ജറിക്കാര്‍ എന്റെ യൂണിറ്റിലോട്ടു മാറ്റിയത്.




മധ്യതിരുവിതാംകൂറിലെ ഒരു ഇരുപത്തിരണ്ടുകാരി സുന്ദരി ബി. എഡ്. പാസായി. ഡിസ്ട്രിക്റ്റിലെ ആര്‍ക്കും വേണ്ടാത്ത ഒരു സ്ഥലത്തെ അധ്യാപികയായി വരണമെങ്കില്‍ വീട്ടിലെ കാര്യം കഷ്ടമായിരിക്കണം. നേരാംവണ്ണം ശിപാര്‍ശ ചെയ്യാന്‍ ആളുണ്ടായിരുന്നെങ്കില്‍ വീടിനടുത്തെങ്ങാനും ജോലി കിട്ടിയേനേ. ആ സ്‌കൂളിലെ കുറെ സഹാധ്യാപകരാണ് ശ്രീക്കുട്ടിട്ടീച്ചറെ അവിടുള്ള ഒരു പ്രൈവറ്റ് ആശുപത്രിയില്‍ കൊണ്ടുപോയത്. അടുപ്പിച്ചടുപ്പിച്ചു വന്ന അപസ്മാരമായിരുന്നു ടീച്ചര്‍ക്ക് അപ്പോള്‍. ആ ആശുപത്രിയിലെ ചികിത്സയുടെ ഗുണംകൊണ്ട് ഇടതുകൈയില്‍ വലിയൊരു വ്രണവുംകൂടി കിട്ടി. മരിച്ചുപോകുമെന്നു തോന്നിയപ്പോള്‍ ആ ആശുപത്രിക്കാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു പറഞ്ഞുവിട്ടു. കൊണ്ടുവരാന്‍ ആരുമില്ല. കൂട്ടത്തിലുള്ള അധ്യാപകര്‍തന്നെ പിരിവെടുത്ത് ആശുപത്രിയിലെത്തിച്ചതാണ്. കാഷ്വാല്‍റ്റിയില്‍ വന്നപ്പോള്‍ ചെറിയ പനിയും കൈയിലെ വ്രണവും കണ്ട് അവിടിരുന്ന ഒരു ഡോക്ടര്‍ ടീച്ചറെ സര്‍ജറി യൂണിറ്റില്‍ അഡ്മിറ്റു ചെയ്തു.


എന്റെ സുഹൃത്തായിരുന്ന ഡോ................പിറ്റേന്നാണ് ശ്രീക്കുട്ടിയെ കാണുന്നത്. കൈയിലെ വ്രണം നിസ്സാരം. ആദ്യത്തെ ആശുപത്രിയില്‍ ചെന്നപ്പോള്‍ ശ്രീക്കുട്ടിക്കു ഹൃദയമിടിപ്പും രക്തസമ്മര്‍ദവുമൊന്നുമില്ലായിരുന്നു. ഉടനെ മരിക്കുമെന്നു കരുതി അവര്‍ കൊടുത്ത നോര്‍അഡ്രിനലിന്‍ ഡ്രിപ്പ് ചെയ്ത ചെലവാണ് കൈയിലെ പൊള്ളല്‍. ആ മരുന്നു കിട്ടിയതുകൊണ്ട് മരിക്കാതെ ശ്രീക്കുട്ടി രക്ഷപ്പെട്ടു. പക്ഷേ, എന്തുകൊണ്ട് അവള്‍ ബോധംകെട്ടുകിടക്കുന്നെന്ന് പറയാനായില്ല എന്റെ സുഹൃത്തിന്. അദ്ദേഹം മെഡിസിന്‍കാരെ വിളിച്ചുകാണിച്ചു. അവരാദ്യംതന്നെ കൈയൊഴിഞ്ഞു. അന്നേ ആര്‍ക്കും വേണ്ടാത്ത കേസുകളൊക്കെ ന്യൂറോളജിക്കാരുടെ തലയിലാണ് കെട്ടിവയ്ക്കുക. എനിക്കന്ന് ആകെ ഒരു ട്യൂട്ടര്‍ മാത്രമേയുള്ളൂ സഹായത്തിന്. വെറും എം.ബി.ബി.എസ്. കഴിഞ്ഞ ആ പാവത്തിന് ആദ്യമായി കിട്ടിയ പ്രൊവിഷണല്‍ പോസ്റ്റിങ്ങാണ്. ന്യൂറോളജിയൊന്നും അറിയില്ലായിരുന്നു. റഫറല്‍ കിട്ടിയ സമയത്തുതന്നെ രോഗിയെ ചെന്നുകണ്ട അദ്ദേഹം പേടിച്ചുപോയത് ശ്രീക്കുട്ടിട്ടീച്ചറുടെ അപസ്മാരംകൂടി കണ്ടാണ്. തിരക്കിട്ടു വന്ന എന്നെ കണ്ട് പറഞ്ഞു, സാര്‍ ഉടനെ കാണണം, എന്താണെന്ന് എനിക്ക് ഒന്നും മനസ്സിലായില്ല.




ശ്രീക്കുട്ടിട്ടീച്ചറുടെ അപസ്മാരം നിര്‍ത്തുകയായിരുന്നു ആദ്യത്തെ ആവശ്യം. അന്ന് ഉപയോഗമുള്ളതായി ആകെയുണ്ടായിരുന്നത് കുത്തിവയ്ക്കാന്‍ പറ്റുന്ന ഫീനോബാര്‍ബിറ്റോണ്‍ മാത്രമേയുള്ളൂ. ഭാഗ്യത്തിന് ആദ്യത്തെ ഡോസില്‍ത്തന്നെ അപസ്മാരം തത്കാലം നിന്നു. അന്നു ചെയ്യാന്‍ പറ്റുന്ന പരിശോധനകള്‍ക്ക് ഒരുപാട് പരിമിതികള്‍ ഉണ്ടായിരുന്നു. പക്ഷേ, അന്നും ഇന്നും ഏറ്റവും പ്രസക്തമായ പരിശോധന വളരെ വിശദമായ രോഗവിവരണം രേഖപ്പെടുത്തുകയാണ്. അതിനു വേണ്ടത് രോഗവിവരണം തരാന്‍പോന്നവരാരെങ്കിലും വേണം. ശ്രീക്കുട്ടിട്ടീച്ചര്‍ക്ക് ഇല്ലാത്തതും അതായിരുന്നു. പക്ഷേ, കിട്ടിയേ പറ്റൂ എന്നായപ്പോള്‍ വളരെ മടിയോടെ കൂടെ വന്ന ഒരു സഹാധ്യാപിക അവര്‍ക്കറിയാവുന്നതൊക്കെ പറഞ്ഞുതന്നു. പക്ഷേ, എനിക്കു കൂടുതല്‍ ഉപകാരമായത് അവരോടൊപ്പം വന്ന ഒരു പയ്യന്‍സൈസ് അധ്യാപകന്‍ ബെന്നി പറഞ്ഞുതന്നതാണ്.


ശ്രീക്കുട്ടിട്ടീച്ചര്‍ ആ സ്‌കൂളില്‍ ചേര്‍ന്നിട്ട് കഷ്ടിച്ച് ഒരു കൊല്ലമേയായുള്ളൂ. മധ്യതിരുവിതാംകൂറിലെ ആ പാവം ടീച്ചറെ അവിടെ കൊണ്ടുവന്നത് അമ്മയാണ്. മന്ദബുദ്ധിയായ ഒരനിയന്‍ മാത്രമേ വീട്ടിലുള്ളൂ എന്നതുകൊണ്ട് അവരങ്ങു തിരിച്ചുപോയി, പിറ്റേ ദിവസംതന്നെ. ഭര്‍ത്താവ് മരിച്ചുപോയ ആ സ്ത്രീയുടെ ദുഃഖം മകളെ വളരെ അകലെ ആക്കി മടങ്ങുന്നതിലായിരുന്നു. ആ സ്‌കൂളിലെ വേറെ കുറെ അധ്യാപികന്മാര്‍ താമസിക്കുന്നതിന്റെ കൂട്ടത്തിലായി ശ്രീക്കുട്ടിട്ടീച്ചറും. അവര്‍ താമസിച്ചിരുന്നത് സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ വളരെ വലിയ പുരയിടത്തിലെ ഒരു പഴയ കെട്ടിടത്തിലും. ആ പാവം കണക്കുടീച്ചര്‍ക്ക് എല്ലാത്തിനെയും പേടിയായിരുന്നു. ആരോടും അധികം മിണ്ടാതെ തന്റെ ജോലി മാത്രം ചെയ്തുകൊണ്ടു പോയ അവള്‍ക്ക് സ്‌നേഹിതകള്‍ എന്നു പറയാന്‍ ആരുമില്ലായിരുന്നു. ആ സ്‌കൂളില്‍ ആകെ മൂന്നുനാല് ആണ്‍സാറന്മാരേയുള്ളൂ. അവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ബെന്നിയായിരുന്നു വേറൊരു കണക്ക് സാര്‍. ഇന്‍ലന്‍ഡ് കവറോ പേനയ്ക്കുള്ള മഷിയോ ഒക്കെ വാങ്ങാന്‍ ടൗണില്‍ പോകണം. അതിന് മറ്റ് ആണ്‍സാറന്മാര്‍ സഹായിക്കുകയില്ല. സൈക്കിളുള്ള ബെന്നിയാണ് അതൊക്കെ ചെയ്തുകൊടുക്കുന്നത്. അത്യപൂര്‍വം സന്ദര്‍ഭങ്ങളില്‍ ശ്രീക്കുട്ടിട്ടീച്ചര്‍ ബെന്നിയോട് വല്ലതും ചോദിക്കും. പക്ഷേ, ആ ടീച്ചര്‍ ആരോടും അധികം അടുത്തില്ല. അകന്നുമില്ല. എന്തു പറഞ്ഞാലും അത് പതിയെ, സ്‌നേഹത്തോടെ. സ്‌കൂള്‍കുട്ടികള്‍ ഒരു പേരിട്ടു, പമ്മിട്ടീച്ചര്‍. അവര്‍ക്കൊക്കെ ഇഷ്ടമായിരുന്നു ശ്രീക്കുട്ടിട്ടീച്ചറെ. അങ്ങനെയുള്ള ഒരു ടീച്ചര്‍ക്ക് തീരെ പ്രതീക്ഷിക്കാതെ വയ്യാതായി എന്നുള്ളത് അവിടെയുള്ള ആര്‍ക്കും വിശ്വസിക്കാനായില്ല.




ശ്രീക്കുട്ടിട്ടീച്ചര്‍ക്ക് ചെറിയ ഒരു പനിയായിരുന്നു ആദ്യം. ഒരു അനാള്‍ജിന്‍ ഗുളിക കഴിച്ചുനോക്കി. പനി മാറി. പിറ്റേന്നു രാവിലെ കൂടെ താമസിക്കുന്നവര്‍ സ്‌കൂളില്‍ പോകാന്‍ തയ്യാറായിട്ടും ശ്രീക്കുട്ടിട്ടീച്ചര്‍ മാത്രം വെറുതെ കട്ടിലില്‍ എഴുന്നേറ്റ് ഇരിപ്പായിരുന്നു. എന്തു പറ്റിയെന്നു ചോദിച്ചപ്പോള്‍ ഉത്തരമൊന്നുമില്ല. വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ശ്രീക്കുട്ടിട്ടീച്ചര്‍ പറഞ്ഞു, 'അച്ഛന്‍ വന്ന് വിളിച്ചു, നാട്ടില്‍ പോകണം നാളെ, അച്ഛന്‍ ഇനിയും വരും ഉച്ചയ്ക്ക്, അപ്പോള്‍ പോകും ഞാന്‍. അമ്മയ്ക്ക് അച്ഛനെ പേടിയായിരുന്നു. എന്നും വഴക്കുണ്ടാക്കും, ഏതായാലും ഞാന്‍ പോകും.' കൂടെയുള്ള ടീച്ചറന്മാര്‍ക്കു തോന്നി, എന്തേ ഇങ്ങനെയൊക്കെ ശ്രീക്കുട്ടിട്ടീച്ചര്‍ പറയുന്നതെന്ന്. അച്ഛന്‍ മരിച്ചുപോയി എന്നാണ് മുന്‍പ് ശ്രീക്കുട്ടിട്ടീച്ചര്‍ അവരോടു പറഞ്ഞിരുന്നത്. പനികൊണ്ട് ടീച്ചര്‍ പിച്ചും പേയും പുലമ്പുന്നതായേ അവര്‍ക്കു തോന്നിയുള്ളൂ. സമയം താമസിച്ചതുകൊണ്ട് ശ്രീക്കുട്ടിട്ടീച്ചറെ മാത്രമാക്കിയിട്ട് ധൃതിയില്‍ അവര്‍ സ്‌കൂളിലേക്കു പോയി.
ആദ്യത്തെ പിരീഡില്‍ത്തന്നെ ശ്രീക്കുട്ടിട്ടീച്ചര്‍ക്ക് ഒരു കണക്കുക്ലാസ്സുണ്ടായിരുന്നു. ആളെ കാണാത്തതുകൊണ്ട് ഹെഡ്മാസ്റ്റര്‍ ക്ഷുഭിതനായി. കൂടെയുള്ളവര്‍ പറഞ്ഞുനോക്കി, ശ്രീക്കുട്ടിട്ടീച്ചര്‍ക്ക് പനിയാണെന്ന്. അങ്ങേര്‍ക്ക് അതു ബോധ്യമായില്ല. അവരെ ഉടനെത്തന്നെ ചെന്ന് വിളിച്ചുകൊണ്ടുവരാന്‍ ബെന്നിയോടാണ് പറഞ്ഞത്. വൈമനസ്യത്തോടെയാണെങ്കിലും ബെന്നി പോയി. ചെന്നത് അബദ്ധമായി എന്ന് അപ്പോള്‍ത്തന്നെ ബെന്നിക്കു തോന്നി.




വീടിന്റെ കതക് അടച്ചിരുന്നില്ല. വിളിച്ചിട്ട് ശ്രീക്കുട്ടിട്ടീച്ചറെ കാണാത്തതുകൊണ്ട് ബെന്നി അകത്തേക്കു ചെന്നു. ഷോക്കടിച്ചതുപോലെ നിന്നുപോയി ബെന്നി. അകത്തെ മുറിയില്‍ ശ്രീക്കുട്ടിട്ടീച്ചര്‍ നില്പുണ്ടായിരുന്നു. പാവാട മാത്രം ഉടുത്ത്, ബ്രായുടെ ഹുക്കുകള്‍ അഴിച്ചിട്ട് അര്‍ധനഗ്നയായി. എന്തൊക്കെയോ സ്വയം പുലമ്പുന്നുണ്ടായിരുന്നു അവര്‍. മെല്ലെ സ്ഥലം വിടാന്‍ ബെന്നി ഒരുങ്ങിയതാണ്. കതകു ചാരി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഒരു അലര്‍ച്ച. പേടിച്ചുചെന്ന് എന്തെന്നു നോക്കിയപ്പോള്‍ ശ്രീക്കുട്ടിട്ടീച്ചര്‍ ബോധംകെട്ട് മറിഞ്ഞുവീഴുന്നതാണ് കണ്ടത്. ഓടിച്ചെന്ന് അവരെ കോരിയെടുത്തപ്പോള്‍ ബെന്നിയുടെ കൈയില്‍ക്കിടന്ന് ഒരു അപസ്മാരക്കോട്ടും. അങ്ങനെയൊന്നു മുന്‍പ് കണ്ടിട്ടില്ലാത്ത ബെന്നി വിരണ്ടുപോയി. ആ രണ്ടുമൂന്നു മിനിറ്റ്, രണ്ടുമൂന്നു മണിക്കൂറുകള്‍പോലെ ബെന്നിക്കു തോന്നി. അപസ്മാരം ഒന്നു മാറിയപ്പോള്‍ ശ്രീക്കുട്ടിട്ടീച്ചര്‍ വല്ലാതെ ഛര്‍ദിച്ചു. ദേഹത്താകെ ഛര്‍ദിയും മൂത്രവുമൊക്കെയായ ബെന്നിക്ക് സഹായത്തിനു വരാന്‍ ആ വലിയ പുരയിടത്തിലാരും ഇല്ലായിരുന്നു. ബോധംകെട്ടുകിടന്ന ശ്രീക്കുട്ടിട്ടീച്ചറിന്റെ വസ്ത്രങ്ങളൊക്കെ നേരേ പിടിച്ചിട്ട് ഒരു പുതപ്പ് എടുത്ത് പുതപ്പിച്ച് ബെന്നി സൈക്കിളുമായി സ്‌കൂളിലേക്കു പാഞ്ഞുവന്ന് ഹെഡ്മാസ്റ്ററോടു വിവരം പറഞ്ഞു. അവരെല്ലാംകൂടി വന്നപ്പോഴും ശ്രീക്കുട്ടിട്ടീച്ചര്‍ ബോധമില്ലാതെ കിടക്കുകയാണ്. അവളുടെ വീട്ടില്‍ വിവരമറിയിക്കാന്‍ ഫോണൊന്നുമില്ലാത്ത കാലം.
അവരൊക്കെക്കൂടി അടുത്തുള്ള ഒരു പ്രൈവറ്റാശുപത്രിയില്‍ അവളെ കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അപസ്മാരം വന്ന് അവള്‍ക്ക് രക്തസമ്മര്‍ദവും ഹൃദയമിടിപ്പുമെല്ലാം കുറഞ്ഞു. രക്തസമ്മര്‍ദം കൂട്ടാന്‍ അവര്‍ കൊടുത്ത മരുന്ന് കൈയിലാകെ പടര്‍ന്നു പൊള്ളിക്കയറി. മരിച്ചുപോകുമെന്നു തോന്നിയപ്പോള്‍ ആ ആശുപത്രിക്കാര്‍ നിര്‍ബന്ധിച്ചു, മെഡിക്കല്‍ കോളേജാശുപത്രിയില്‍ കൊണ്ടുപോകാന്‍. ടാക്‌സിക്കു പിരിവെടുത്ത് കാശുണ്ടാക്കാന്‍ ഒരു ദിവസംകൂടി വേണ്ടിവന്നു. അമ്മ വരുന്നതും കാത്തിരിക്കാന്‍ പറ്റില്ല എന്നു പറഞ്ഞതുകൊണ്ട് അവര്‍ വരുന്നതിനു മുന്‍പു തന്നെ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചു. അവിടെനിന്ന് ന്യൂറോളജി വിഭാഗത്തിലേക്കു മാറ്റാന്‍ വീണ്ടും ഒരു ദിവസംകൂടി.



മരണം മുന്‍പില്‍

അവളുടെ ബോധം പോയി നാലാംപക്കമാണ് ഞാന്‍ കാണുന്നത്. വീണ്ടും വീണ്ടും ആവര്‍ത്തിച്ചു വന്ന അപസ്മാരമല്ലാതെ വേറൊരു ലക്ഷണവുമില്ല. നേരം കളയാതെ പരിശോധനകള്‍ തുടങ്ങി. സാധാരണപരിശോധനകള്‍ സര്‍ജറിവിഭാഗത്തില്‍ത്തന്നെ നടത്തിയിരുന്നു. പിന്നെ ചെയ്യേണ്ടിയിരുന്നത് നട്ടെല്ലില്‍നിന്ന് മസ്തിഷ്‌കദ്രാവകം കുത്തിയെടുക്കുകയാണ്. ബന്ധുക്കളുടെ ഒപ്പിട്ട സമ്മതപത്രം വേണം. അവളുടെ കൂട്ടത്തില്‍ ആകെയുണ്ടായിരുന്നത് പേടിച്ചരണ്ട റീമട്ടീച്ചറും ബെന്നിയും മാത്രം. സിസ്റ്റര്‍ കൊണ്ടുവന്ന സമ്മതപ്രതത്തില്‍ ഒന്നും മിണ്ടാതെ ബെന്നി പേരെഴുതി ഒപ്പിട്ടുകൊടുത്തു. ഭാഗ്യത്തിന് ഒട്ടും പ്രയാസമില്ലാതെ കിട്ടി, മസ്തിഷ്‌കദ്രാവകം. അതിലെ സെല്ലുകളുടെ കണക്കെടുക്കുന്നതിനും അവയുടെ സ്ലൈഡുകള്‍ ഉണ്ടാക്കുന്നതിനും ടെക്‌നീഷ്യനായും ഞാന്‍ മാത്രം. അതിനിടയില്‍ അവളുടെ മസ്തിഷ്‌കതരംഗങ്ങളുടെ ഗ്രാഫ് എടുക്കാന്‍ വേറെ പണി. ഇന്ന് ആലോചിക്കുമ്പോള്‍ ചിരി വന്നുപോകും. എന്റെ ഡി.എം. വിദ്യാര്‍ഥികളോട് ഇ.ഇ.ജി. (ഇലക്‌ട്രോ എന്‍സഫലോഗ്രാം--EEG- Electroencephalogram ) എടുക്കാന്‍ പറഞ്ഞാല്‍ പൊതിയാത്തേങ്ങ കൈയില്‍ കിട്ടിയതുപോലെയാവും അവര്‍ക്ക്. ആ പണിചെയ്യാന്‍ ഇ.ഇ.ജി.


ടെക്‌നീഷ്യന്‍. ഡോക്ടര്‍ എങ്ങനെ ടെക്‌നീഷ്യനാവുമെന്ന് ഇന്ന് അദ്ഭുതം. അന്ന് വേറെയൊരാള്‍ എന്നെ സഹായിക്കാനില്ലാത്ത കാലം.
രണ്ടുമൂന്നു മണിക്കൂറിനകം രോഗനിര്‍ണയം പൂര്‍ത്തിയായി. വൈറസ് മസ്തിഷ്‌കജ്വരം. ഏതാവും രോഗാണുവെന്ന് ഊഹിക്കുകമാത്രമേ അന്ന് സാധ്യമാവൂ. അന്നും ഇന്നും പ്രസക്തമായ ഒരു നിഗമനമുണ്ട്. ഒറ്റയ്‌ക്കൊറ്റയ്ക്കു വരുന്ന മസ്തിഷ്‌കജ്വരത്തിനു മിക്കവാറും കാരണം ഹെര്‍പിസ് വൈറസാവുമെന്ന്. അന്ന് അതിനു ചികിത്സ എന്നു പറയാന്‍ കാര്യമായൊന്നുമില്ല. അസൈക്ലോവിര്‍ എന്ന മരുന്ന് വന്നത് 1980 കളുടെ ആദ്യത്തിലും. ഈ മരുന്ന് വരുന്നതിനു മുന്‍പ് ഹെര്‍പിസ് എന്‍സഫലൈറ്റിസിനു മരണസാധ്യത 70-75 ശതമാനം. പ്രാര്‍ഥനയാവും നല്ല മരുന്ന്. കൊടുക്കാവുന്ന മരുന്നുകളെല്ലാം കൊടുത്തു; അപസ്മാരം നിര്‍ത്താനും തലച്ചോറിലെ മര്‍ദം കുറയ്ക്കാനുമുള്ളവയൊക്കെ. ആദ്യത്തെ ഒരാഴ്ച വലിയ ആശയൊന്നുമില്ലായിരുന്നു. ശ്രീക്കുട്ടിട്ടീച്ചറിന്റെ അമ്മ വന്നപ്പോള്‍ കൂടെ നിന്ന ടീച്ചര്‍ അപ്രത്യക്ഷയായി. അന്നൊക്കെ എനിക്ക് അദ്ഭുതം തോന്നിയത് ഒന്നും മിണ്ടാതെ എല്ലാ കാര്യവും ചെയ്തുകൊടുക്കാന്‍ സഹായിയായി നിന്ന ബെന്നിയെ കണ്ടിട്ടാണ്.




രണ്ടാമത്തെ ആഴ്ച ശ്രീക്കുട്ടിട്ടീച്ചര്‍ മെല്ലെ കണ്ണു തുറന്നു. അത് ഒരു ദൈവാനുഗ്രഹം മാത്രമായാണ് എനിക്കു തോന്നിയത്. പക്ഷേ, ഒന്നുമറിയാതെ ആരോടും ഒന്നും മിണ്ടാതെ രണ്ടുമൂന്ന് ആഴ്ചകള്‍കൂടി അവള്‍ കിടന്നു. പിന്നെ സംസാരിച്ചുതുടങ്ങി. അവളുടെ സംസാരത്തിനു പക്ഷേ, വികലതകള്‍ ഒരുപാട്. പറഞ്ഞതൊക്കെ പണ്ടത്തെ കാര്യങ്ങള്‍. സ്‌കൂളില്‍ ചേര്‍ന്നതൊക്കെ കഷ്ടിച്ച് ഓര്‍മ. പക്ഷേ, പിന്നെയുള്ള കാര്യങ്ങള്‍ ഒന്നും ഓര്‍ക്കുന്നില്ല. സ്‌കൂളിലെ മറ്റു ടീച്ചറന്മാരെയൊക്കെ അറിയാം, താന്‍ പഠിപ്പിച്ചിരുന്ന കണക്കുകളും അറിയാം. എന്തു രോഗമാണ് തനിക്കുണ്ടായതെന്നോ താന്‍ അപ്പോള്‍ എവിടെയായിരുന്നു എന്നോ അവള്‍ക്കറിഞ്ഞുകൂടായിരുന്നു. പമ്മിയായ ടീച്ചര്‍ പമ്മിയല്ലാതായി. പറയുന്നതിലൊരുപാട് തെറ്റുണ്ടെങ്കിലും സംസാരം കുറെ കൂടുതല്‍. ചില രാത്രികളില്‍ ഉറങ്ങാന്‍ മരുന്നും വേണ്ടിവന്നു. അല്ലെങ്കില്‍ ഉറച്ചു സംസാരിക്കും, പാടും. ടീച്ചറിന്റെ ആസ്ത്മാരോഗിയായ അമ്മ വലഞ്ഞു. അവര്‍ക്കില്ലാത്ത രോഗങ്ങളൊന്നുമില്ല. ആശുപത്രിയില്‍ കാവലിരുന്ന് അവരുടെ ഡയബറ്റിസും രക്തസമ്മര്‍ദവും കൂടി. ഇനിയും ശ്രീക്കുട്ടിട്ടീച്ചറെ ആശുപത്രിയില്‍ കിടത്തിയാല്‍ വീണുപോകുന്നത് ആ അമ്മയാവും എന്ന് ഉറപ്പായി. അതുകൊണ്ടാണ് ടീച്ചറിന്റെ സ്ഥിതി പൂര്‍ണമായി മെച്ചപ്പെടുന്നതിനു മുന്‍പു തന്നെ അവരെ ഞാന്‍ ഡിസ്ചാര്‍ജ് ചെയ്തത്.

ഗര്‍ഭം ധരിക്കുന്ന ആണുങ്ങള്‍

കടല്‍ക്കുതിര എന്ന ഒരു ജീവിയുണ്ട്. ഇനി അതിനെക്കുറിച്ചു പറഞ്ഞാലേ ശ്രീക്കുട്ടിട്ടീച്ചറിന്റെ കഥ തുടരാനാവൂ. ആ ജീവിക്ക് കുതിരയുടെ മോന്തയും മീനിന്റെ ചെതുമ്പലുകളുള്ള വാലുമാണ് ഉള്ളത്. വാല് ചുരുണ്ടതാണ്. ഹിപ്പോക്കാമ്പസ് എന്ന് പേര്. ഹിപ്പോസ് എന്നാല്‍ കുതിര, കാമ്പോസ് എന്നാല്‍ കടല്‍വ്യാളി എന്നും. അതിനെ എന്നും അദ്ഭുതജീവിയായി മാത്രമേ ആളുകള്‍ കണ്ടിരുന്നുള്ളൂ. ചിലതു തീരെ ചെറുത്, കഷ്ടിച്ച് അര സെന്റീമീറ്ററിനു താഴേ വലിപ്പമുള്ളത്. ഏറ്റവും വലിയ ജനുസ്സിന് (Hippocampus abdominalis) 35 സെന്റീമീറ്ററോളം വലിപ്പം വരും. പ്രാചീന ഗ്രീക്കുകാര്‍ക്ക് കടല്‍ദേവനായ പോസിഡോണിന്റെ (Posedon) പ്രതീകം. ജന്തുശാസ്ത്രത്തില്‍ ഇതൊരുതരം കടല്‍മീന്‍ മാത്രം. സത്യത്തില്‍ ഒരുപാടു വ്യത്യസ്തതകളുള്ള മീനാണ്. കടല്‍ച്ചെടികള്‍ക്കിടയില്‍ പതുങ്ങി ജീവിക്കുന്ന ഈ പാവം മീന്‍ ഇണചേരുമ്പോള്‍ പെണ്ണാണ് മിടുക്കി. അവളുടെ മുട്ടയൊക്കെ ആണിന്റെ വയറിലുള്ള സഞ്ചിയിലോട്ടു കയറ്റും. ആണിന്റെ ജോലിയാണ് പിന്നെ വയറിനുള്ളില്‍വച്ച് ആ മുട്ടകളെ വിരിയിച്ച് കുഞ്ഞുങ്ങളെ പ്രസവിക്കുന്നതുവരെ ചുമക്കാന്‍. പെണ്ണ് പാട്ടിനു പോകും. ആണ് പെറും.




വെസാലിയസ് (Andreas Vesalius15141564) മനുഷ്യശരീരം കീറിമുറിച്ച് പഠിച്ച് ഓരോന്നിനും പേരിട്ടുകഴിഞ്ഞിട്ടും ബാക്കി വന്ന ഭാഗങ്ങള്‍ ചിലതുണ്ടായിരുന്നു. അതിലൊന്നാണ് ഹിപ്പോക്കാമ്പസ്. പതിനാറാംനൂറ്റാണ്ടിലുള്ള ഒരു അനാട്ടമിസ്റ്റായ അറന്‍സിയാണ് (ഖൗഹശൗ െഇമലമെൃ അൃമി്വശ) മനുഷ്യമസ്തിഷ്‌കത്തിലെ ഒരു ഭാഗത്തിന് ഈ കടല്‍ക്കുതിരപ്പേര് (Hippocampus) കൊടുത്തത്. കുതിരമുഖത്തിനെക്കാളും ആ മീനിന്റെ ചുരുണ്ട വാലാണ് സാമ്യമായി അറന്‍സിക്കു തോന്നിയത്. വേറൊരു പേരുകൂടി ഇതിനുണ്ട്, മുട്ടനാടിന്റെ കൊമ്പെന്ന് (Ram's Horn or Cornu Ammonis). 

ഹെന്റി മൊളൈസണിന്റെ മറവി

ഹിപ്പോക്കാമ്പസിന്റെ ധര്‍മങ്ങള്‍ ആദ്യമായി വിശദമായത് ഒരു രോഗിയുടെ സങ്കടത്തില്‍നിന്നാണ്. ഒരുപക്ഷേ, ഹിപ്പോക്കാമ്പസിനെക്കുറിച്ചറിയാന്‍ എച്ച്.എം. എന്ന രോഗിയുടെ കഥകൂടി കേള്‍ക്കണം. ഞാന്‍ വെറുതെ കാടുകയറി പറയുകയല്ല. ഒരുപക്ഷേ, വൈദ്യശാസ്ത്രത്തിന് ഏറ്റവും അധികം അറിവു കൊടുത്ത ഒരു അയ്യോ പാവം. എച്ച്.എം. എന്ന് മലയാളത്തിലെഴുതാന്‍ ഒരു അസ്‌ക്യത. പിന്നെ രോഗിയുടെ പേരറിയിക്കേണ്ട എന്നു കരുതിയാണ് അങ്ങനെ വെറും ഇനിഷ്യലാക്കിയത്. 2008 ഡിസംബര്‍ 2 ന് അദ്ദേഹം മരിച്ചു. വൈദ്യമാമൂലനുസരിച്ച് മരണശേഷം ശരിക്കുള്ള പേരെഴുതാമെന്നാണ് വയ്പ്. അതുകൊണ്ട് എച്ച്.എം. എന്നതു വിട്ട് ഞാന്‍ ഹെന്റി മൊളൈസണ്‍ ('HM'- Henry Gustav Molaison, 1926-2008) എന്നെഴുതാം. 1950 കളായിരുന്നു ഒരുപാട് ചീത്തപ്പേര് നേടിയ മസ്തിഷ്‌കശസ്ത്രക്രിയയായ ലോബോട്ടമിയുടെ അതിപ്രസരമുള്ള നാളുകള്‍. ലോബോട്ടമി തുടങ്ങിവച്ച ഇഗാസ് മോണിഷിനെക്കുറിച്ചും വാള്‍ട്ടര്‍ ഫ്രീമാനെക്കുറിച്ചും ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ട്. (ലോബോട്ടമിയുടെ താളവട്ടം - വൈദ്യവും സമൂഹവും, 2007). കാനഡയിലെ മോണ്‍ട്രിയല്‍ ന്യൂറോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിശ്വവിശ്രുതനായ ഡോ. വില്‍ഡര്‍ പെന്‍ഫീല്‍ഡും (Wilder Graves Penfield, 18911976) കൂട്ടരും വളരെ സമര്‍ഥമായി അപസ്മാരശസ്ത്രക്രിയ തുടങ്ങിയ കാലവും അതുതന്നെ. പെന്‍ഫീല്‍ഡിന്റെ മാതിരി അപസ്മാരശസ്ത്രക്രിയ ചെയ്യാന്‍ അന്ന് അമേരിക്കയില്‍ ചില കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. അതിലേറ്റവും പ്രാധാന്യം കനെക്റ്റിക്കറ്റിലെ ഹാര്‍ട്ട്‌ഫോര്‍ഡ് ആശുപത്രിയിലേതും (Connecticut Hartford Hospital). ഡോ. വില്യം സ്‌കോവില്‍ (Dr. William Beecher Scoville 19061984) ആയിരുന്നു ഈ മേഖലയില്‍ മുഖ്യന്‍. അതുകൊണ്ടാണ് അപസ്മാരരോഗിയായ മൊളൈസണിനെ അവന്റെ അച്ഛനമ്മമാര്‍ 1953-ല്‍ അവിടെ കൊണ്ടുവന്നത്.




ഹെന്റി മൊളൈസണിന് ഒന്‍പതു വയസ്സുണ്ടായിരുന്ന കാലത്ത് അവന്‍ വീടിനു മുന്നിലുള്ള വല്ലാത്ത ഇറക്കത്തില്‍ റോഡ് അരികു ചേര്‍ന്നുപോകുകയായിരുന്നു. അതിവേഗത്തില്‍ സൈക്കിളില്‍ വന്ന അവന്റെ ഒരു കൂട്ടുകാരന്‍ തമാശയ്ക്ക് അവന്റെ തലയ്ക്ക് ഒരു കിഴുക്ക് കൊടുത്തു. സൈക്കിളിന്റെ വേഗത്തില്‍ ആ തട്ട് ശരിക്കേറ്റു. ഹെന്റി മൊളൈസണ്‍ മറിഞ്ഞുവീണ് തലമുട്ടി ബോധംകെട്ടു. അത് കഷ്ടിച്ച് അഞ്ചു മിനിറ്റു മാത്രം. ഇടതുനെറ്റിയില്‍ നീളത്തില്‍ ഒരു മുറിവ്- 17 തയ്യല്‍ വേണ്ടിവന്നു. മുറിവുണങ്ങി, പക്ഷേ, രണ്ടുമൂന്നു കൊല്ലം കഴിഞ്ഞപ്പോള്‍മുതല്‍ ചെറിയചെറിയ ബോധക്കേടുകള്‍ തുടങ്ങി. പതിനാറാമത്തെ വയസ്സിലാണ് (1942) ആദ്യമായി പൂര്‍ണതോതിലുള്ള അപസ്മാരം തുടങ്ങുന്നത്. അന്നൊക്കെ അപസ്മാരത്തിനുള്ള മരുന്നുകളും കുറവായിരുന്നു- 1857-ല്‍ സര്‍ ചാള്‍സ് ലോക്കോക് തുടങ്ങിവച്ച ബ്രോമൈഡുകളും (Sir. Chales Locock in 1857), കൂടിയാല്‍ ബെയര്‍ കമ്പനി 1912-ല്‍ ഉണ്ടാക്കിയ ഫീനോബാര്‍ബിറ്റോണും (ലൂമിനാല്‍), പിന്നെ പാര്‍ക് ഡേവിസ് കമ്പനിയുടെ ഫെനിറ്റോയിനും (Phenytoin 1938) മാത്രം. പിന്നെ പുതുതായി ഇറങ്ങിയവ ട്രിഡിയോണും മെസെന്റോയിനും. ശരിക്കും ഈ മരുന്നുകള്‍ കിട്ടാനത്ര എളുപ്പവുമല്ലായിരുന്നു. ഹെന്റി മൊളൈസണ് എന്തോ ഒരു ചെറിയ ജോലി കിട്ടി.


പക്ഷേ, അന്നുള്ള മരുന്നുകളൊക്കെ കൊടുത്തെങ്കിലും ജോലി തുടര്‍ന്നു കൊണ്ടുപോകാനാവാത്ത വിധം രോഗം കൂടിവന്നു. ആഴ്ചയില്‍ പത്തും പതിനൊന്നും തവണവരെ രോഗം കൂടിവന്നുതുടങ്ങിയപ്പോളാണ് ഡോ. വില്യം സ്‌കോവിലിന്റെ ആശുപത്രിയില്‍ ചെന്നത്. മരുന്നുകൊണ്ടൊന്നും ഇതു മാറുകയില്ല എന്നും ബ്രെയിന്‍ സര്‍ജറി മാത്രമേ ഉപകാരപ്പെടുകയുള്ളൂ എന്നും ഡോ. വില്യം സ്‌കോവില്‍ അവര്‍ക്കു പറഞ്ഞുകൊടുത്തു. ഇത്ര വലിയ സര്‍ജന്‍ പറഞ്ഞാല്‍ എതിര്‍വായില്ലല്ലോ. ഹെന്റി മൊളൈസണിന്റെ അപസ്മാരം നിര്‍ത്താന്‍ അദ്ദേഹത്തിനു തോന്നിയത് അവന്റെ മസ്തിഷ്‌കത്തിലെ രണ്ടു വശത്തെയും ഹിപ്പോക്കാമ്പസ് ഛേദിച്ചുകളയാനായിരുന്നു. സര്‍ജറി ഉപകരിച്ചു, അപസ്മാരം നിര്‍ത്താന്‍. പക്ഷേ, പന്തികേടായി കണ്ടത് ഹെന്റി മൊളൈസണിന്റെ മറവിയാണ്. പുതിയ ഒന്നും ഓര്‍ക്കുന്നില്ല, സര്‍ജറി ചെയ്ത തന്നെപ്പോലും. പക്ഷേ, പണ്ടത്തെ കാര്യങ്ങള്‍ മാത്രം അവനു കുറെ ഓര്‍മ. അന്ന് ഡോ. വില്യം സ്‌കോവില്‍ തീരുമാനിച്ചു, ഇനി ഇങ്ങനെ ഒരു കൈക്രിയ തന്റേതായി ഉണ്ടാവില്ല എന്ന്.




ഡോ. വില്യം സ്‌കോവില്‍ വായിച്ചിട്ടുണ്ടായിരുന്നു, ഡോ. പെന്‍ഫീല്‍ഡിന്റെ ഇത്തരത്തിലുള്ള ഒരു അനുഭവം. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. ബ്രെന്‍ഡാ മില്‍നറുമായി (Dr. Brenda Milner 1918) ചേര്‍ന്ന് ഡോ. പെന്‍ഫീല്‍ഡ് അതൊരു ഗവേഷണവിഷയമാക്കി, ഹാര്‍ട്ട്‌ഫോര്‍ഡില്‍ അങ്ങനെ ഒരു സൈക്കോളജിസ്റ്റിനെ കിട്ടാനുമില്ലായിരുന്നു. ഡോ. പെന്‍ഫീല്‍ഡിനോടു തന്നെ അഭ്യര്‍ഥിച്ചു, ഡോ. ബ്രെന്‍ഡാ മില്‍നറെ കിട്ടുമോ എന്ന്. ആദ്യം വരാന്‍ വിസമ്മതിച്ചുവെങ്കിലും പിന്നെ മുപ്പതു കൊല്ലമാണ് ആ ശ്രീമതി ഹെന്റി മൊളൈസണിനെ പഠിച്ചത്. സ്‌കോവിലിന്റെയും മില്‍നറിന്റെയും ആദ്യത്തെ ഗവേഷണപ്രബന്ധം വന്നത് 1957-ല്‍ ആണ്.


ഹെന്റി മൊളൈസണ്‍ ആ ആശുപത്രിയില്‍ത്തന്നെ കഴിഞ്ഞു. ബ്രെന്‍ഡാ മില്‍നറെ ചെന്നുകാണാനൊന്നം പ്രാപ്തി വന്നില്ല. അതുകൊണ്ട് ഡോ.ബ്രെന്‍ഡാ മില്‍നര്‍ വരുമായിരുന്നു ആഴ്ചയില്‍ രണ്ടും മൂന്നും തവണ മൊണ്‍ട്രിയലില്‍നിന്ന് 420 കിലോമീറ്റര്‍ താണ്ടി ഹാര്‍ട്ട്‌ഫോര്‍ഡിലേക്ക്. (താരതമ്യത്തിന് തിരുവനന്തപുരം-കോഴിക്കോട്, 446 കിലോമീറ്റര്‍). ഹെന്റി മൊളൈസണിനു പോയത് കണ്ടോര്‍മകളും കേട്ടോര്‍മകളും ഒക്കെ. ഏറക്കുറെ പൂര്‍ണമായി അപസ്മാരം മാറി. വളരെ സൗമ്യമായുള്ള പെരുമാറ്റം. ബുദ്ധിയും സ്വഭാവവും പഴയതുപോലെ. പക്ഷേ, സര്‍ജറിക്കു കുറെയേറെ നാളിനു മുന്‍പുള്ള ഓര്‍മകളേയുള്ളൂ. തന്റെ ആത്മകഥപോലും മറന്നുപോയി. ആരോടും സന്തോഷത്തോടെ അടുക്കും, സംസാരിക്കും, കളിക്കും. അവരങ്ങു മാറിയാല്‍ അതോടെ തീര്‍ന്നു ആ ഓര്‍മ. സംസാരിച്ചെന്നോ ചിരിച്ചെന്നോ കളിച്ചെന്നോ ഒന്നും ഓര്‍മയില്‍ തങ്ങില്ല. മുപ്പതു കൊല്ലം കണ്ട ഡോ. ബ്രെന്‍ഡാ മില്‍നറെ കണ്ടാലും ആളെ മനസ്സിലാക്കാതെ, ചിരിച്ചുകൊണ്ട് വരവേല്ക്കും, ആരെന്നു ചോദിക്കുകയും ചെയ്യും. സ്വന്തം മുഖം കണ്ണാടിയില്‍ കണ്ടിട്ട് പറഞ്ഞു, 'അയ്യോ, ഇപ്പോള്‍ ഞാനൊരു കുട്ടിയല്ല.' ഹെന്റി മൊളൈസണിനു സ്വന്തം രൂപംപോലും ഒരു ഒന്‍പതു പത്തു വയസ്സുകാരന്റേതായിട്ടേ ഓര്‍മയിലുണ്ടായിരുന്നുള്ളൂ.



പോയ ഓര്‍മകള്‍

ഹെന്റി മൊളൈസണിന്റെ മറവിക്കു കൃത്യമായ ശാസ്ത്രനാമങ്ങളുണ്ട്. (മലയാളത്തില്‍ കേട്ടുപഴകിയ പേര് - അമ്‌നീസിയ (Amnesia). അത് വീണ്ടും നിര്‍വചിക്കേണ്ടിവരുന്നു, ഹെന്റി മൊളൈസണിന്റെ മറവി ഡോ. വില്യം സ്‌കോവില്‍ ചെയ്ത സര്‍ജറികൊണ്ട്. അങ്ങനെയൊരു സര്‍ജറി വേണമെന്നില്ല ഇത്തരമൊരു മറവി വരാന്‍. വേറെ കാരണങ്ങളുമാകാം. തലയില്‍ കാര്യമായ തട്ട് കിട്ടിയതാവാം. അത് റോഡപകടങ്ങളാകാം. അല്ലെങ്കില്‍ മസ്തിഷ്‌കജ്വരങ്ങള്‍ വന്നാലും മതി. ചിലപ്പോള്‍ ഭക്ഷണങ്ങളില്‍നിന്ന് കിട്ടേണ്ട ചില വിറ്റാമിനുകളുടെ (ബി.1) കുറവാകാം. ചിലപ്പോള്‍ മസ്തിഷ്‌കാഘാതങ്ങളാകാം. അതുമല്ലെങ്കില്‍ അല്‍ഷൈമര്‍ രോഗംപോലുള്ള മസ്തിഷ്‌കജീര്‍ണതയുണ്ടാക്കുന്ന രോഗങ്ങള്‍കൊണ്ടും വരാം. ഓര്‍മ പോകും. ഇന്നുമുതല്‍ പിന്നോട്ട്. അല്ലെങ്കില്‍ ഈ നിമിഷംമുതല്‍; ഇതാണ് ഭൂതകാലസ്മൃതിലോപം- റിട്രോഗ്രേഡ് അമ്‌നീസിയ (Retrograde Amnesia), പിന്നെ ഈ നിമിഷംമുതല്‍ മുന്നോട്ട് ഒന്നും ഓര്‍മയില്‍ പതിയാത്ത അവസ്ഥ, അത് വര്‍ത്തമാനകാലസ്മൃതിലോപം (Anterograde Amnesia). തലയ്ക്കുള്ള ആഘാതത്തിന്റെ തീവ്രത മനസ്സിലാക്കാന്‍ ഏറ്റവും എളുപ്പം ഈ രണ്ടുംകൂടി ചേര്‍ന്നാലുള്ള ദൈര്‍ഘ്യം നോക്കിയാണ്.


ഈ ഭൂതകാല സ്മൃതിലോപം കുറെ അമ്പരപ്പിക്കും. പണ്ടുപണ്ട് നടന്ന കാര്യങ്ങളൊക്കെ ഓര്‍ക്കും. പ്രൈമറി സ്‌കൂളിലെ കാര്യം, ആദ്യം താമസിച്ച വീട്, അന്നത്തെ ആള്‍ക്കാര്‍, അന്നത്തെ ശത്രുക്കള്‍, ആദ്യം ചെന്നുപെട്ട പ്രേമം, എവിടെയോ ഏതോ നാള്‍തൊട്ടുള്ള കാര്യങ്ങള്‍ ഓര്‍മയില്‍ മങ്ങിത്തുടങ്ങും. ലേശം ഓര്‍ക്കുമവ. പിന്നെ തീരെ അടുത്തുള്ള കാര്യങ്ങളാണ് എമ്പാടും മറന്നുപോകുന്നത്. എന്ന് എവിടെവച്ച് അപകടം? ആര്‍ക്ക് എന്തു കൊടുത്തു? എന്തിനു ക്ഷോഭിച്ചു? എന്ത് ആരോടു പറഞ്ഞു? എവിടെ വച്ചു താക്കോല്‍? കമ്പ്യൂട്ടറിന്റെ പാസ്‌വേഡ് എന്ത്? എ.ടി.എം. കാര്‍ഡിന്റെ നമ്പറെത്ര? ഇന്ന് എവിടെനിന്ന് ഊണ് കഴിച്ചു? എന്തൊെക്കയായിരുന്നു ഊണിന്? എല്ലാം മറന്നുപോകും. പണ്ടുപണ്ടത്തെ കാര്യങ്ങള്‍ എല്ലാം നല്ലവണ്ണം ഓര്‍ക്കുന്ന ആള്‍ വീട്ടിലേക്കു വാങ്ങേണ്ട സാധനങ്ങള്‍ വാങ്ങാതെ, പൈസയും എവിടെയോ കൊണ്ടു കളഞ്ഞ് തിരികെ വരാനുള്ള വഴിയും മറന്ന് അന്തംവിട്ട് എന്തേ വല്ലയിടത്തും പെട്ടുപോകുന്നത് എന്നു മനസ്സിലാകാതെ വേണ്ടാത്ത വഴക്കുണ്ടാക്കാന്‍ ബന്ധുക്കളുമുണ്ടാവും.



പോകാത്ത ഓര്‍മകള്‍

പക്ഷേ, ഹെന്റി മൊളൈസണിന്റെ പോകാത്ത ഓര്‍മകള്‍ ഡോ. ബ്രെന്‍ഡാ മില്‍നര്‍ കണ്ടുപിടിച്ചു. പേപ്പറുകളില്‍ വരുന്ന പദപ്രശ്‌നങ്ങളൊക്കെ ശരിക്കു ചെയ്യും. കണ്ടോര്‍മകള്‍ക്കും കേട്ടോര്‍മകള്‍ക്കും വാക്കോര്‍മകള്‍ക്കും വേണ്ട നാഡീപടലം വേറെ, ചെയ്‌തോര്‍മകള്‍ക്കു വേണ്ട നാഡീപടലം വേറെ. ഇതിന് ഒരു പേരുണ്ട്: ചെയ്‌തോര്‍മ പ്രൊസീഡ്യൂറല്‍ മെമ്മറി (Procedural Memory). ആദ്യത്തേവ എല്ലാം വസ്തുതസ്മൃതി (Declarative Memory). ഹെന്റി മൊളൈസണ് വാക്കുകള്‍ ഇഷ്ടമായിരുന്നു; പറഞ്ഞാലുടന്‍ മറന്നുപോകുമെങ്കിലും. ചിലപ്പോള്‍ പറയുന്നത് എന്നെന്നും ഓര്‍ക്കാവുന്നവയും. 'എനിക്ക് ഒരു ന്യൂറോസര്‍ജനാകാനിഷ്ടമാണ്, പക്ഷേ, വേണ്ട, ഓപ്പറേറ്റ് ചെയ്യുമ്പോള്‍ തെറിക്കുന്ന രക്തം കണ്ണാടിയില്‍ വീണാല്‍ പിന്നെ കണ്ണു കാണില്ല, മുറിക്കുന്നത് തെറ്റും, പിന്നെ എന്നെപ്പോലെയാവും,' ഒരിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. സൂസൈന്‍ കോര്‍ക്കര്‍ ചോദിച്ചു, 'എന്താ ഹെന്റി, ഞങ്ങള്‍ ഈ ചെയ്യുന്ന പരിശോധനകളൊക്കെ ഇഷ്ടമാണോ' എന്ന്. അവന്റെ ഉത്തരം പെട്ടെന്നായിരുന്നു. 'എന്റെ നോട്ടത്തില്‍ എന്നില്‍നിന്ന് അവര്‍ നേടുന്ന അറിവുകളൊക്കെ മറ്റുള്ളവര്‍ക്ക് ഉപകാരമാവും' ('The way I figure it is, what they find out about me helps them to help other people.') ആ ഉത്തരം പറഞ്ഞ കാര്യം അപ്പോഴേ മറന്നുപോയെങ്കിലും, ഒരുപക്ഷേ, അവന്റെ ഏറ്റവും നല്ല സ്മാരകലേഖവും അതായിരിക്കും.


മുപ്പതു കൊല്ലത്തെ പഠനത്തിനുശേഷം ഡോ. ബ്രെന്‍ഡാ മില്‍നര്‍ വിടവാങ്ങി. ഹെന്റി മൊളൈസണ്‍ തന്റെ സര്‍ജനായ ഡോ. വില്യം സ്‌കോവിലിനെ അതിജീവിച്ചു. സൈക്കോളജിസ്റ്റ് ഡോ. ബ്രെന്‍ഡാ മില്‍നര്‍ വിരമിച്ചപ്പോള്‍ അവരുടെ വിദ്യാര്‍ഥിനിയായിരുന്ന സൈക്കോളജിസ്റ്റ് കോര്‍ക്കിന്‍ ആയി ഹെന്റി മൊളൈസണിന്റെ പുതിയ ഡോക്ടര്‍. ഒരിക്കലും സാധാരണജീവിതത്തിലോട്ട് മടങ്ങാനായില്ലെങ്കിലും മറവിക്കാരനായിരുന്ന ഹെന്റി മൊളൈസണ്‍, ഓര്‍മ എന്ന ശാസ്ത്രത്തിനു കൊടുത്ത സംഭാവനകള്‍ അതുല്യമായിരുന്നു. ഒരു വൃദ്ധസദനത്തില്‍ ബന്ധുക്കള്‍ ആരോരുമില്ലാതെ ഹൃദയസ്തംഭനംമൂലം മരിച്ചപ്പോള്‍ തേങ്ങിയത് അദ്ദേഹത്തെ പരിചരിച്ച ഡോക്ടര്‍മാര്‍ മാത്രം.

കടല്‍ക്കുതിര ശല്യമാകുമ്പോള്‍

ഡോ. പെന്‍ഫീല്‍ഡും ഡോ. വില്യം സ്‌കോവിലും ഡോ. ബ്രെന്‍ഡാ മില്‍നറുമൊക്കെ തുടങ്ങിവച്ച പഠനങ്ങള്‍ വ്യക്തമാക്കിയത് ഹിപ്പോക്കാമ്പസിന്റെ ധര്‍മങ്ങളാണ്. അവയില്‍ പ്രധാനമായവ സംയമനം, ഓര്‍മ, ദിശാബോധം, പരിസരബോധം എന്നിവയാണെന്ന് മുന്‍പ് സൂചിപ്പിച്ചിരുന്നു. പരിസരബോധത്തെക്കുറിച്ച് പിന്നെയൊരിക്കലാവും എന്റെ ചര്‍ച്ച. മാനസികമായ വിലക്കുകള്‍ അങ്ങ് പോകുകയാണെങ്കില്‍ നശിക്കുന്നത് സാമൂഹിക ഇടപെടലൊക്കെയാണ്. എന്ത്, എവിടെ, ആരോട് ചെയ്യണമെന്നതൊക്കെ അലങ്കോലമാകും. ഹെന്റി മൊളൈസണിന്റെ ഹിപ്പോക്കാമ്പസ് ഡോ. വില്യം സ്‌കോവില്‍ ആണ് കളഞ്ഞതെങ്കില്‍ പാവം ശ്രീക്കുട്ടിട്ടീച്ചറുടെ കാര്യത്തിലതു പോയത് ഹെര്‍പിസ് മസ്തിഷ്‌കജ്വരംകൊണ്ടും. ശ്രീക്കുട്ടിട്ടീച്ചര്‍ക്കു ഹിപ്പോക്കാമ്പസ് മാത്രമായിരിക്കില്ല പോയത്. അസൈക്ലോവിര്‍ തുടങ്ങിയ മരുന്നുകള്‍ വരുന്നതിനു മുന്‍പുള്ള കാലമായിരുന്നു. ദൈവകൃപയാല്‍ രക്ഷപ്പെട്ട ടീച്ചര്‍ക്ക് പിന്നെ എന്തൊക്കെ വന്നു എന്നറിഞ്ഞത് കുറെ നാള്‍കൂടി കഴിഞ്ഞാണ്.


ബെന്നി നല്ല ഒരു സഹായിയായിരുന്നു എല്ലാവര്‍ക്കും. ശ്രീക്കുട്ടിട്ടീച്ചര്‍ തിരിച്ചുവന്നപ്പോള്‍ ഒന്നും ഓര്‍ക്കാത്ത ഒരാളായി. അവര്‍ രണ്ടുമൂന്നു മാസം ലീവ് എടുത്ത് വീട്ടില്‍ പോയി. നാട്ടില്‍ കൊണ്ടുപോകാനും തിരികെ വിളിച്ചുകൊണ്ടുവരാനും ബെന്നിയല്ലാതെ ആരുമില്ലായിരുന്നു. പണ്ട് ഏഴിലും എട്ടിലുമൊക്കെ കണക്ക് പഠിപ്പിച്ചിരുന്ന അവര്‍ക്ക് ജോലി പോകരുതെന്ന് സഹാധ്യാപകരും ഹെഡ്മാസ്റ്ററും കരുതി. കൊച്ചുകുട്ടികള്‍ക്ക് ആദ്യാക്ഷരങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ശ്രീക്കുട്ടിട്ടീച്ചറോട് ആവശ്യപ്പെട്ടപ്പോള്‍ വിരോധമൊന്നും കൂടാതെ സമ്മതിച്ചത് അവര്‍ക്ക് അദ്ഭുതമുണ്ടാക്കി. ടീച്ചര്‍ക്ക് മുന്‍പില്ലായിരുന്ന ഇണക്കം, ആരോടും ചിരിച്ചുകൊണ്ട് ചെല്ലും, ടീച്ചറോട് എന്തെങ്കിലും ഒന്നു പറഞ്ഞാല്‍ അതനുസരിക്കും കുറച്ചു സമയത്തേക്ക്. പിന്നെയതു മറന്നുപോകും. പണ്ടത്തെ കൂട്ടുകാരികളുമായി എന്തെങ്കിലുമൊക്കെ പറയും. ഒരു ചെറിയ കാര്യംപോലും ടീച്ചര്‍ ഓര്‍ക്കുകയില്ല. ദിവസത്തെ ചിട്ടകളൊക്കെ ഒരു തരം. എല്ലാത്തിനും റീമട്ടീച്ചര്‍ സഹായിച്ചു. റീമയ്ക്ക് ആശ്രയമായി നിന്നത് ബെന്നിയും. കുറെ കഴിഞ്ഞപ്പോള്‍ അവര്‍ക്കൊക്കെ തോന്നി, ശ്രീക്കുട്ടിട്ടീച്ചര്‍ക്കു നാട്ടിലേക്ക് ഒരു സ്ഥലംമാറ്റം വാങ്ങിക്കൊടുക്കണമെന്ന്. അക്കാര്യം പറഞ്ഞുചെന്ന റീമട്ടീച്ചര്‍ വിരണ്ടുപോയി, ശ്രീക്കുട്ടിട്ടീച്ചറിന്റെ ഉത്തരം കേട്ടപ്പോള്‍, 'ഞാന്‍ പോകുന്നില്ല, ബെന്നിസാറില്ലാതെ.' ബെന്നിയോടു ചങ്ങാത്തം കൂടാന്‍ ആശിച്ചിരുന്ന റീമയ്ക്ക് അതൊരു ഷോക്കായിരുന്നു.


ഒപ്പിടാന്‍ പറഞ്ഞിടത്തൊക്കെ ശ്രീക്കുട്ടിട്ടീച്ചര്‍ ഒപ്പിട്ടുകൊടുത്തു. അപേക്ഷയുടെ കൂടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടെ വയ്ക്കണമായിരുന്നു. അതിനാണ് ബെന്നി എന്നെ കാണാന്‍ രണ്ടാമതു വന്നത്. ബെന്നി ചോദിച്ചു, സാര്‍ എന്തായിരുന്നു ടീച്ചറിന്? ആവുന്നത്ര വിശദമായി ഹെര്‍പിസ് മസ്തിഷ്‌കജ്വരത്തെക്കുറിച്ച് ഞാന്‍ പറഞ്ഞുകൊടുത്തു. അതില്‍ വന്നുപോകാവുന്ന ഓര്‍മക്കുറ്റങ്ങളെയും അപസ്മാരത്തെക്കുറിച്ചുമൊക്കെ. ബെന്നി വേറെയെന്തോ ചോദിക്കാന്‍ മുതിര്‍ന്നിട്ട് വേണ്ടെന്നുവച്ചപോലെ എനിക്കു തോന്നി. ഞാന്‍ എഴുതിക്കൊടുത്ത സര്‍ട്ടിഫിക്കറ്റില്‍ ആശുപത്രിമുദ്ര വയ്ക്കാന്‍ ബെന്നി തിരക്കിട്ട് പോയി. തിരികെ വന്ന് എന്റെ പ്രാക്ടീസ് കഴിയുന്നതുവരെ ബെന്നി കാത്തുനിന്നു. സാര്‍, എനിക്കൊരു കാര്യം ചോദിക്കാനുണ്ട്, ശ്രീക്കുട്ടിട്ടീച്ചര്‍ കല്യാണം കഴിച്ചാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാവുമോ?'


എന്തിനിങ്ങനെ ബെന്നി ചോദിക്കുന്നതെന്ന് എനിക്കു മനസ്സിലാകാത്തതുകൊണ്ട് ഞാന്‍ വിവരമാരാഞ്ഞു. സാര്‍, 'ഞാന്‍ ശ്രീക്കുട്ടിട്ടീച്ചറെ വിവാഹം ചെയ്യേണ്ടിവന്നു. സത്യത്തില്‍ ഞാന്‍ ഒരിക്കലും കരുതിയതല്ല. മുതിര്‍ന്നതുമല്ല. പക്ഷേ, വേണ്ടിവന്നുപോയി സാര്‍. ടീച്ചറെ ഞാന്‍ വീട്ടില്‍ കൊണ്ടുപോയാക്കി. അന്ന് മടങ്ങാനാകാത്തതുകൊണ്ട് ഞാന്‍ അവരുടെ വീട്ടിലാണ് കിടന്നത്. സാറിനോടു പറഞ്ഞിട്ടുണ്ടല്ലോ, ആ വീട്ടിലെ കാര്യം. അവളുടെ അനിയന് ജന്മനാ ബുദ്ധിമാന്ദ്യമാണ്. അമ്മയ്ക്ക് ഒരുപാട് രോഗങ്ങളും. അന്നു രാത്രി ഞാന്‍ ഒന്ന് ഉറങ്ങിക്കഴിഞ്ഞപ്പോഴാണ് ആരോ എന്റെ അടുക്കല്‍ കിടക്കുന്നതായി തോന്നിയത്. ഞെട്ടി ഞാന്‍ എഴുന്നേറ്റുനോക്കിയപ്പോള്‍ ശ്രീക്കുട്ടിട്ടീച്ചര്‍ എന്റെ അടുക്കല്‍ കിടക്കുന്നു. എങ്ങനെ പറയണമെന്നറിയില്ല, സത്യത്തില്‍ എന്നെ ടീച്ചര്‍ റേപ്പ് ചെയ്യുകയായിരുന്നു. എനിക്ക് ഇഷ്ടമായിരുന്നു ടീച്ചറെ. പക്ഷേ, സാര്‍ ഞാന്‍ ഇതു പ്രതീക്ഷിച്ചതല്ല. അതു കഴിഞ്ഞിട്ട് അവള്‍ ഒന്നും സംഭവിക്കാത്തതുപോലെ എഴുന്നേറ്റുപോയി. പിറ്റേന്ന് വെറുതെയിരുന്ന് അവള്‍ കരയുന്നതു കണ്ട് എന്തെന്നു ചോദിച്ചപ്പോള്‍ എന്തോ പേടിച്ചതുപോലെ എനിക്കു തോന്നി. അവള്‍ തലേന്നു നടന്നതൊന്നും ഓര്‍ത്തതേയില്ല. എന്തു ചെയ്യണമെന്ന് അറിയാത്തതുകൊണ്ട് അവളുടെ അമ്മയോടു വിവരം പറയേണ്ടിവന്നു. ആരോടും എനിക്കു ചോദിക്കാനുമില്ലായിരുന്നു. ടീച്ചറിന് ഒരു മാനക്കേടുണ്ടാകരുതെന്നു കരുതി ഞാന്‍ അവരെ രജിസ്റ്റര്‍ കല്യാണം കഴിച്ചു. കല്യാണക്കാര്യംപോലും ടീച്ചര്‍ ഓര്‍ക്കുന്നില്ല. ഭയമാണ് എനിക്ക് അവരുടെ ചിലപ്പോഴത്തെ പ്രകൃതി കാണുമ്പോള്‍. മറവി ഒരുപാട്, ഒന്നും ഓര്‍ക്കില്ല. ചിലപ്പോള്‍ ചിലതു കണ്ടാല്‍ അതെന്തെന്നു ചോദിച്ചുകൊണ്ടേയിരിക്കും. അറിയാവുന്ന പലതും മറിച്ചും തിരിച്ചും എടുത്തുനോക്കും. എന്നിട്ട് ചോദിക്കും, ബെന്നിസാറേ, ഇത് എന്താന്ന്. പിന്നെ എന്തും എടുത്തു തിന്നും. എനിക്കു മനസ്സിലാവുന്നില്ല ഇതൊന്നും. എന്തേ ഇങ്ങനെ എന്ന് സാറിനോടു ചോദിക്കാനാണ് ഞാനിതുവരെ കാത്തുനിന്നത്. ഞാനിതുവരെ ഇതൊന്നും വേറെ ആരോടും പറഞ്ഞിട്ടില്ല. അച്ഛനുമമ്മയും എനിക്കില്ല. ഒരു ഓര്‍ഫനേജില്‍നിന്നാണ് ഞാന്‍ പഠിച്ചത്. സ്‌കൂളിലും ആര്‍ക്കും ഇതറിയില്ല. ഞാനും ശ്രീക്കുട്ടിട്ടീച്ചറിന്റെ നാട്ടിലേക്കു ട്രാന്‍സ്ഫറിനു ശ്രമിക്കുന്നുണ്ട്. തരീക്കാമെന്ന് എനിക്കറിയാവുന്ന ഒരാള്‍ ഏറ്റിട്ടുമുണ്ട്. കിട്ടുകയാണെങ്കില്‍ ഭാഗ്യം.'
ഞാനാണ് ഞെട്ടിയത് അപ്പോള്‍. ശ്രീക്കുട്ടിട്ടീച്ചര്‍ക്ക് ഹെര്‍പിസ് എന്‍സഫലൈറ്റിസ് വന്നു. ഓര്‍മ പോയി. അതു പ്രതീക്ഷിച്ചതു മാത്രം. പക്ഷേ, ഈ പ്രശ്‌നം കേട്ടപ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തിയത് ക്ലൂവര്‍-ബൂസി സിന്‍ഡ്രോമെന്ന രോഗമായിരുന്നു. ന്യൂറോ സൈക്കോളജിസ്റ്റായ ഡോ. ഹെന്റിച്ച് ക്ലൂവറും ന്യൂറോ സര്‍ജനായ ഡോയ പോള്‍ ബൂസിയും കൂടി കുരങ്ങന്മാരുടെ മസ്തിഷ്‌കത്തിലെ രണ്ടു ടെമ്പറല്‍ ലോബുകളും മുറിച്ചുകളഞ്ഞപ്പോള്‍ വന്ന വല്ലാത്ത സ്വഭാവരീതികള്‍. എന്തിനെയും ഒരു പേടിയുണ്ടാവില്ല, എന്തുമെടുത്ത് വായിലിടും, വല്ലാത്ത ലൈംഗികാസക്തി. ഇതു കുരങ്ങന്മാരില്‍ മാത്രമല്ല, അപൂര്‍വം ചിലപ്പോള്‍ മനുഷ്യരിലും ഉണ്ടാവും. അപസ്മാരശസ്ത്രക്രിയയ്ക്കു ചിലപ്പോള്‍, ഹെര്‍പിസ് മസ്തിഷ്‌കജ്വരം വന്നാല്‍ പലപ്പോഴും, അത്യപൂര്‍വമായി മസ്തിഷ്‌കാഘാതങ്ങളിലും. ശ്രീക്കുട്ടിട്ടീച്ചര്‍ക്ക് ഉണ്ടായത് ക്ലൂവര്‍-ബൂസി സിന്‍ഡ്രോമിന്റെ ഒരു കൊച്ചുപതിപ്പ്. അതു മതി, സര്‍വവും ശിഥിലമാക്കാന്‍.


ബെന്നിയോടു പറഞ്ഞുകൊടുക്കാവുന്നതിന് ഒരു പരിധിയുണ്ടായിരുന്നു. ആവുന്നത്ര മയപ്പെടുത്തി കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. പിന്നെ അപസ്മാരം വരാതിരിക്കാനുള്ള മരുന്നുകളും കുറിച്ചുകൊടുത്തു.

ശംഖുപുഷ്പത്തിന്റെ ഇതള്‍

കുറെയേറെ നാളേക്ക് പിന്നെ ശ്രീക്കുട്ടിട്ടീച്ചറിനെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. വിദേശവാസമൊക്കെയായി ഒട്ടേറെ നാളുകള്‍ എനിക്കും പോയി. തിരികെ വന്ന് തിരുവനന്തപുരത്തു ജോലി പുനരാരംഭിച്ചപ്പോള്‍ തീരെ പ്രതീക്ഷിക്കാതെ അവരെ ബെന്നി കൊണ്ടുവന്നു. പയ്യന്‍ ബെന്നിയല്ല, തലമുടിയൊക്കെ നരച്ച ഒരു അകാലവൃദ്ധന്‍. കൂടെ വന്ന ശ്രീക്കുട്ടിട്ടീച്ചര്‍ക്ക് യാതൊരു മാറ്റവുമില്ലായിരുന്നു. പണ്ടു കണ്ട മാതിരി മെല്ലിച്ച ഒരു സുന്ദരിക്കുട്ടി. ഹെര്‍പിസ് അവളുടെ ഓര്‍മയൊക്കെ കെടുത്തി. പക്ഷേ, തിരിച്ചുകൊടുത്തത് നിത്യയൗവനമായിരുന്നു. ഞാന്‍ കരുതിയത് അവര്‍ക്കു പിന്നെ കിട്ടിയ ചികിത്സകൊണ്ട് കറുത്ത് കരുവാളിച്ച്, മോണയെല്ലാം വളര്‍ന്ന് വികൃതമാകുമെന്നായിരുന്നു. അവള്‍ കഴിച്ചത് പണ്ട് ഞാനെഴുതിക്കൊടുത്ത ഒരു മരുന്നു മാത്രം. സ്‌കൂള്‍ ജോലി പണ്ടേ മതിയാക്കേണ്ടിവന്നു, ഓര്‍മക്കുറവ് കാരണം.


ബെന്നിയാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. മുപ്പതു-മുപ്പത്തിരണ്ടു കൊല്ലം ഒരേ കൂറോടെ ആ ദേവിയെ ഉപാസിക്കുകയായിരുന്നു. അന്നേ ശ്രീക്കുട്ടിയുടെ വീട്ടിനടുത്തുള്ള സ്‌കൂളിലേക്കു ട്രാന്‍സ്ഫര്‍ വാങ്ങി അവളുടെ വീട്ടിലേക്കു താമസവും മാറ്റി. ഒരുപാടു നാളായി ശ്രീക്കുട്ടിട്ടീച്ചറിന്റെ അമ്മയും അനുജനും മരിച്ചിട്ട്. രണ്ടുമൂന്നു കൊല്ലത്തിനു മുന്‍പ് സര്‍വീസില്‍നിന്ന് ബെന്നി പെന്‍ഷന്‍ പറ്റിപ്പിരിഞ്ഞു. ശ്രീക്കുട്ടി പ്രസവിച്ചില്ല. അവള്‍ക്കു ബെന്നി പഴയ 'ബെന്നിസാറായിരുന്നു.' സഹാധ്യാപകനു കൊടുക്കുന്ന സകല ഭവ്യതയോടും അവള്‍ ബെന്നിയോടുകൂടി കഴിഞ്ഞു. പഴയ സ്‌കൂളും രോഗങ്ങളും സങ്കടങ്ങളും ഒന്നും ഓര്‍ക്കാതെ അവള്‍ നിത്യവര്‍ത്തമാനകാലത്തു ജീവിച്ചു. മോഹങ്ങള്‍, ക്രോധങ്ങള്‍, നിരാശകള്‍ എന്നൊന്നും ഓര്‍ക്കാന്‍ അവളുടെ മനസ്സിലിടമില്ലായിരുന്നു.


പലപ്പോഴും ചികിത്സ ഇല്ലാതെ വിടുന്നതാവും നന്ന്. അവള്‍ കഴിച്ചുകൊണ്ടിരുന്ന ഫീനോബാര്‍ബിറ്റോണ്‍ ഗുളിക മാത്രം തുടരാന്‍ പറഞ്ഞ് മടക്കിയപ്പോള്‍ എനിക്കു ബെന്നിയോടു ചോദിക്കണമെന്നുണ്ടായിരുന്നു, അവളുടെ ക്ലൂവര്‍-ബൂസി സിന്‍ഡ്രോമിനെക്കുറിച്ച്. ബെന്നി അത് ഊഹിച്ചെന്നു മനസ്സിലായി; 'സാര്‍, ഇവള്‍ ഇപ്പോഴും എന്റെ പഴയ ശ്രീക്കുട്ടിയാണ്. സ്‌നേഹിക്കും, ഓര്‍മയൊന്നും വേണ്ട സാര്‍ സ്‌നേഹത്തിന്.'


അവര്‍ വല്ലപ്പോഴും വരും, എന്നെക്കാണാന്‍. ആണ്ടിലൊരിക്കലോ രണ്ടു കൊല്ലത്തിലൊരിക്കലോ മാത്രം. അത്തരമൊരു വരവായിരുന്നു അന്ന്. എന്റെ വീട്ടിന്റെ മതിലിനടുത്തുള്ള ഒരു ഇലക്ട്രിക് പോസ്റ്റില്‍ നല്ല ഒരു ശംഖുപുഷ്പച്ചെടി നിറയെ കടും നീലപ്പൂക്കളുമായി വളര്‍ന്നുകിടപ്പുണ്ടായിരുന്നു. അന്ന് അവള്‍ വന്നത് അതില്‍നിന്ന് ഒരു പൂവുമായിട്ടാണ്. ബെന്നി അവളുടെ പ്രശ്‌നങ്ങളൊക്കെ പറയുകയായിരുന്നു. അവളാകട്ടെ, ആ പൂവിന്റെ നീലക്കോളാമ്പിത്തല മെല്ലെ പിച്ചി താഴേയിട്ട്, ശ്വേതവര്‍ണമധ്യത്തിലേക്കു മാത്രം ഉറ്റുനോക്കി ഒന്നും മിണ്ടാതെ ഇരുന്നു. എനിക്കപ്പോള്‍ ഓര്‍മ വന്നത് കാള്‍ സാന്‍ഡ്ബര്‍ഗിന്റെ (അമേരിക്കന്‍ കവി Carl Sandburg, 18781967)ഒരു വരിയാണ് 'ഇന്നലെ എന്നോ പോയി. നാളെ വരില്ലായിരിക്കും, ഇന്ന് ഇവിടെ ഉണ്ട്. ഒന്നും ചെയ്യാനില്ലെങ്കില്‍ വെറുതെ അനങ്ങാതിരുന്ന് ശ്രദ്ധിക്ക്, എന്തെങ്കിലും കേള്‍ക്കുമായിരിക്കും, ആര്‍ക്കുമറിയില്ല. ഒരു റോസാപ്പൂവിന്റെ ഇതളുകള്‍ നുള്ളിയെടുക്കാം. അല്ലെങ്കില്‍ അതിന്റെ സുഗന്ധത്തിന്റെ കെമിക്കല്‍ പരിശോധന ചെയ്യാം. പക്ഷേ, ഏതോ താക്കോലില്ലാ അറയിലാവും അതിന്റെ അജ്ഞേയമായ സൗന്ദര്യത്തിന്റെയും സുഗന്ധത്തിന്റെയും രഹസ്യമുണ്ടാവുക.' (Yesterday is done. Tomorrow never comes. Today is here. If you don't know what to do, sit still and listen. You may hear something. Nobody knows. We may pull apart the petals of a rose or make chemical analysis of its perfume but the mystic beauty of its form and odour would still be a secret, locked in where we have no keys). എനിക്കു തോന്നി, ഓര്‍മ മുഴുവന്‍ പോയ ആ ടീച്ചറും ആ പൂവിന്റെ സൗന്ദര്യ-സുഗന്ധരഹസ്യത്തെ അപ്പോള്‍ അറിയാതെ തേടുകയാണെന്ന്.
(ഓര്‍ക്കാനുണ്ട് കുറെ ഓര്‍മകള്‍ എന്ന പുസ്തകത്തില്‍ നിന്ന്) ഡോ.കെ.രാജശേഖരന്‍ നായര്‍