Thursday, May 19, 2011

പത്മ­രാ­ജന്‍ : സി­നി­മ­കള്‍/തി­ര­ക്ക­ഥ­കള്‍

പ­ത്മ­രാ­ജ­ന്റെ സി­നി­മ­കള്‍:
  1. ­പെ­രു­വ­ഴി­യ­മ്പ­ലം (അ­വ­ലം­ബം -സ്വ­ന്തം നോ­വല്‍ -1979)
  2. ഒ­രി­ട­ത്തൊ­രു ഫയല്‍­വാന്‍ (1981)
  3. ­ക­ള്ളന്‍ പവി­ത്രന്‍ (അ­വ­ലം­ബം -സ്വ­ന്തം നോ­വല്‍ -1981)
  4. ­ന­വം­ബ­റി­ന്റെ നഷ്‌­ടം (1982)
  5. ­കൂ­ടെ­വി­ടെ ( അവ­ലം­ബം -വാ­സ­ന്തി­യു­ടെ, മൂ­ങ്കില്‍ പൂ­ക്കള്‍ എന്ന തമി­ഴ്‌ നോ­വല്‍ - ഇല്ലി­ക്കാ­ടു­കള്‍ പൂ­ത്താല്‍ എന്ന പേ­രില്‍ മല­യാ­ള­ത്തില്‍ പ്ര­സി­ദ്ധീ­ക­രി­ച്ചു -1983)
  6. ­പ­റ­ന്നു­പ­റ­ന്നു­പ­റ­ന്ന്‌... (1984)
  7. ­തി­ങ്ക­ളാ­ഴ്‌ച നല്ല ദി­വ­സം (അ­വ­ലം­ബം -വാ­സ­ന്തി­യു­ടെ കഥ -1985)
  8. ­ന­മു­ക്കു പാര്‍­ക്കാന്‍ മു­ന്തി­ര­ത്തോ­പ്പു­കള്‍ (അ­വ­ലം­ബം -കെ­.­കെ­.­സു­ധാ­ക­ര­ന്റെ നമു­ക്ക്‌ ഗ്രാ­മ­ങ്ങ­ളില്‍­ച്ചെ­ന്നു രാ­പ്പാര്‍­ക്കാം എന്ന നോ­വല്‍ -1986)
  9. ­ക­രി­യി­ല­ക്കാ­റ്റു പോ­ലെ (അ­വ­ലം­ബം -സു­ധാ പി­.­നാ­യ­രു­ടെ (സു­ധാ­കര്‍ മം­ഗ­ളോ­ദ­യം) ശി­ശി­ര­ത്തില്‍ ഒരു വസ­ന്തം എന്ന റേ­ഡി­യോ­നാ­ട­കം -1986)
  10. അ­ര­പ്പ­ട്ട കെ­ട്ടിയ ഗ്രാ­മ­ത്തില്‍ (അ­വ­ലം­ബം -അ­തേ പേ­രി­ലു­ള്ള സ്വ­ന്തം ചെ­റു­കഥ -1986)
  11. ­ദേ­ശാ­ട­ന­ക്കി­ളി കര­യാ­റി­ല്ല (1986)
  12. ­നൊ­മ്പ­ര­ത്തി­പ്പൂ­വ്‌ (1987)
  13. ­തൂ­വാ­ന­ത്തു­മ്പി­കള്‍ (അ­വ­ലം­ബം -ഉ­ദ­ക­പ്പോള എന്ന സ്വ­ന്തം നോ­വല്‍ -1987)
  14. അ­പ­രന്‍ (അ­തേ പേ­രി­ലു­ള്ള സ്വ­ന്തം ചെ­റു­കഥ -1988)
  15. ­മൂ­ന്നാം­പ­ക്കം (1988)
  16. ­സീ­സണ്‍ (1989)
  17. ഇ­ന്ന­ലെ (അ­വ­ലം­ബം -വാ­സ­ന്തി­യു­ടെ, ജന­നം എന്ന തമി­ഴ്‌­നോ­വല്‍ -പു­നര്‍­ജ­ന്മം എന്ന പേ­രില്‍ മല­യാ­ള­ത്തില്‍ പ്ര­സി­ദ്ധീ­ക­രി­ച്ചു -1990)
  18. ­ഞാന്‍ ഗന്ധര്‍­വന്‍ (1991)

­പ­ത്മ­രാ­ജ­ന്റെ തി­ര­ക്ക­ഥ­കള്‍:
  1. ­പ്ര­യാ­ണം (ഭ­ര­തന്‍ -1975)
  2. ഇ­താ ഇവി­ടെ വരെ (ഐ­.­വി­.­ശ­ശി - 1977)
  3. ­ര­തി­നിര്‍­വേ­ദം (ഭ­ര­തന്‍ - 1978)
  4. ­രാ­പ്പാ­ടി­ക­ളു­ടെ ഗാഥ (കെ­.­ജി­.­ജോര്‍­ജ്‌ -1978)
  5. ­ന­ക്ഷ­ത്ര­ങ്ങ­ളേ കാ­വല്‍ (സേ­തു­മാ­ധ­വന്‍ - 1978)
  6. ­വാ­ട­ക­യ്‌­ക്ക്‌ ഒരു ഹൃ­ദ­യം (ഐ­.­വി­ശ­ശി - 1978)
  7. ­സ­ത്ര­ത്തില്‍ ഒരു രാ­ത്രി (ശ­ങ്ക­രന്‍ നാ­യര്‍ - 1978)
  8. ­ത­കര (ഭ­ര­തന്‍ -1979)
  9. ­ലോ­റി (ഭ­ര­തന്‍ -1980)
  10. ­കൊ­ച്ചു­കൊ­ച്ചു­തെ­റ്റു­കള്‍ (മോ­ഹന്‍ -1980)
  11. ­ശാ­ലി­നി എന്റെ കൂ­ട്ടു­കാ­രി (മോ­ഹന്‍ -1980)
  12. ഇ­ട­വേള (മോ­ഹന്‍ - 1982)
  13. ഈ­ണം (ഭ­ര­തന്‍ - 1983)
  14. ­കൈ­കേ­യി (ഐ­.­വി­.­ശ­ശി -1983)
  15. ­കാ­ണാ­മ­റ­യ­ത്ത്‌ (ഐ­.­വി­.­ശ­ശി -1984)
  16. ഒ­ഴി­വു­കാ­ലം (ഭ­ര­തന്‍ -1985)
  17. ­ക­രി­മ്പിന്‍ പൂ­വി­ന­ക്ക­രെ (ഐ­.­വി­.­ശ­ശി -1985)
  18. ഈ തണു­ത്ത വെ­ളു­പ്പാന്‍ കാ­ല­ത്ത്‌ (ജോ­ഷി -1990)

Tuesday, May 17, 2011

മാമ്പഴം: വൈലോപ്പിള്ളി

അങ്കണത്തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍

നാലുമാസത്തിന്‍ മുന്‍പില്‍ ഏറെനാള്‍ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ

അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോല്‍
അമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ

ചൊടിച്ചൂ മാതാവപ്പോള്‍ ഉണ്ണികള്‍ വിരിഞ്ഞ-
പൂവിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ

മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ

പൈതലിന്‍ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാക്കണ്ണ് കണ്ണുനീര്‍ത്തടാകമായ്

മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ലെന്നവന്‍
മാണ്‍പെഴും മലര്‍ക്കുലയെറിഞ്ഞൂ വെറും മണ്ണില്‍

വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍

തുംഗമാം മീനച്ചൂടാല്‍ തൈമാവിന്‍ മരതക
ക്കിങ്ങിണി സൗഗന്ധിക സ്വര്‍ണ്ണമായ് തീരും മുന്‍പേ

മാങ്കനി വീഴാന്‍ കാത്തു നില്‍ക്കാതെ മാതാവിന്റെ
പൂങ്കുയില്‍ കൂടും വിട്ട് പരലോകത്തെ പൂകി.

വാനവര്‍ക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസാ ലീനനായ് അവന്‍ വാഴ്‌കെ

അങ്കണത്തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍

തന്മകനമൃതേകാന്‍ താഴോട്ടു നിപതിച്ച പൊന്‍പഴം
മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവേ

അയല്‍പക്കത്തെ കൊച്ചുകുട്ടികള്‍ ഉല്‍സാഹത്തോ-
ടവര്‍തന്‍ മാവിന്‍ചോട്ടില്‍ കളിവീടുണ്ടാക്കുന്നു

പൂവാലനണ്ണാര്‍ക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു

ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നൂ
മുതിരും കോലാഹലമങ്കലധ്വാനത്തോടും

വാസന്തമഹോത്സവമാണവര്‍ക്കെന്നാല്‍
അവള്‍ക്കാ ഹന്ത! കണ്ണീരിനാല്‍ അന്ധമാം വര്‍ഷാകാലം

പുരതോനിസ്തബ്ധയായ് തെല്ലിട നിന്നിട്ട് തന്‍
ദുരിതഫലം പോലുള്ളപ്പഴമെടുത്തവള്‍

തന്നുണ്ണിക്കിടാവിന്റെ താരുടല്‍ മറചെയ്ത
മണ്ണില്‍ താന്‍ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാള്‍

ഉണ്ണിക്കൈക്കെടുക്കുവാന്‍ ഉണ്ണിവായ്ക്കുണ്ണാന്‍ വേണ്ടി
വന്നതാണീ മാമ്പഴം; ാസ്തവമറിയാതെ

നീരസം ഭാവിച്ച് നീ പോയിതെങ്കിലും
കുഞ്ഞേ നീയിതു നുകര്‍ന്നാലേ അമ്മക്കു സുഖമാവൂ

പിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലേ

വരിക കണ്ണാല്‍ കാണാന്‍ വയ്യാത്തൊരെന്‍ കണ്ണനേ
തരസാ നുകര്‍ന്നാലും തായ തന്‍ നൈവേദ്യം നീ

ഒരു തൈകുളിര്‍കാറ്റായരികത്തണഞ്ഞപ്പോള്‍
അരുമക്കുഞ്ഞിന്‍ പ്രാണന്‍ അമ്മയെ ആശ്ലേഷിച്ചു

Monday, May 16, 2011

അപ്പനും കള്ളും കമ്യൂണിസവും


ഇന്നസെന്റ്‌
എന്റെ ഓര്‍മകള്‍ മൂന്നാം വയസ്സില്‍ തുടങ്ങുന്നു. ആ ഓര്‍മകളുടെ മധ്യത്തില്‍ വണ്ണം കുറഞ്ഞ്, കഷണ്ടിയായി, ഇരുനിറത്തില്‍ ഒരാള്‍-തെക്കെത്തല വറീത്, എന്റെ അപ്പന്‍. തൈറോയ്ഡിന്റെ അസുഖമുള്ളതിനാല്‍ സംസാരിക്കുമ്പോള്‍ അപ്പന്റെ തൊണ്ടയില്‍ ഒരു മുഴ അങ്ങോട്ടുമിങ്ങോട്ടും നീങ്ങിക്കൊണ്ടിരിക്കും. ആ ചലനം അത്ഭുതത്തോടെ ഞാന്‍ നോക്കിനില്‍ക്കും.



ഞാന്‍ ഉണരും മുന്‍പ് അപ്പന്‍ വീട്ടില്‍നിന്ന് അപ്രത്യക്ഷനാകുമായിരുന്നു. എങ്ങോട്ടാണ് പോകുന്നത് എന്നറിയില്ല; ചോദിക്കാനുള്ള ശേഷിയുമായിട്ടില്ല. രാത്രി, ഞാന്‍ ഉറക്കത്തിലേക്ക് വീഴുന്നതിനു തൊട്ടുമുന്‍പ് അപ്പന്‍ പടികയറി വരും. അപ്പന്റെ കൂടെ ചില മണങ്ങളും വീട്ടിലേക്കെത്തും: ചിലപ്പോള്‍ ബീഡിയുടെ, മറ്റുചിലപ്പോള്‍ കള്ളിന്റെ അല്ലെങ്കില്‍ രണ്ടും ചേര്‍ന്ന പുതിയൊരു ഗന്ധം.

ആറു വയസ്സ് കഴിഞ്ഞപ്പോള്‍ ഞാന്‍ രാത്രി അപ്പനെ കാത്തിരുന്നു തുടങ്ങി. അപ്പന്‍ തരുന്ന ഒരു ചോറുരുളയ്ക്ക് വേണ്ടിയായിരുന്നു ഈ കാത്തിരിപ്പ്. അപ്പന്‍ അത് ഉരുട്ടുന്നത് കാണാന്‍തന്നെ ഒരു ചന്തമുണ്ടായിരുന്നു. അങ്ങനെ ഉരുട്ടിയുണ്ടാക്കിയ ഉരുള എന്റെ ഉള്ളംകൈയില്‍ വെച്ചുതരും. ആ ഉരുളയ്ക്ക് ഞാന്‍ സ്വയം ഉണ്ണുന്ന ചോറിനേക്കാള്‍ സ്വാദുണ്ടായിരുന്നു. അപ്പന് മണം മാത്രമല്ല സ്വാദുമുണ്ട് എന്ന് എനിക്കപ്പോള്‍ മനസ്സിലായി.

വയറുനിറച്ചുണ്ട് ഒരു ബീഡി വലിച്ചുകഴിഞ്ഞാല്‍ അപ്പനില്‍ പുതിയൊരു ഊര്‍ജം നിറയും. പിന്നെ സംസാരമാണ്. സംസാരം എന്നതിനേക്കാള്‍ അതിനെ പ്രസംഗം എന്നു പറയുന്നതായിരിക്കും ശരി.

റഷ്യന്‍ വിപ്ലവം, ഫ്രഞ്ച് വിപ്ലവം, സോക്രട്ടീസ്, ലെനിന്‍, സ്റ്റാലിന്‍ എന്നിവയെല്ലാമാണ് അപ്പന്റെ ഈ രാത്രിപ്രസംഗത്തിന്റെ വിഷയം. അമ്മയും ഞങ്ങള്‍ എട്ട് മക്കളും എല്ലാം കേട്ടിരിക്കും. എനിക്കൊന്നും മനസ്സിലായിരുന്നില്ല. അപരിചിതമായ കുറേ വാക്കുകള്‍. അവ പറയുമ്പോള്‍ അപ്പനുള്ള ആവേശം. അതെന്നെ അത്ഭുതപ്പെടുത്തി. സുഖമായി കിടന്നുറങ്ങേണ്ട സമയത്ത് അപ്പനിങ്ങനെ ആവേശപ്പെടുന്നതിലെ പൊരുള്‍ എനിക്ക് പിടികിട്ടിയതേയില്ല. കുറച്ചുകൂടി വളര്‍ന്നപ്പോള്‍ മനസ്സിലായി-എന്റെ അപ്പന്‍ ഒരു കമ്യൂണിസ്റ്റുകാരനാണ്.

കള്ളുകുടിച്ചുവരുന്ന ദിവസം അപ്പന്റെ പ്രസംഗത്തിന് അല്പം വീര്യം കൂടും. ശുദ്ധമായ കമ്യൂണിസത്തില്‍ ശുദ്ധമായ കള്ള് കലര്‍ന്നാലുള്ള അവസ്ഥ അപ്പനിലൂടെ ഞാന്‍ നേരിട്ടുകണ്ടു. അതെനിക്കിഷ്ടവുമായിരുന്നു. കമ്യൂണിസ്റ്റ് മാത്രമായാല്‍ പോരാ, കള്ളുകുടിച്ച് മരനീരിന്റെ മണംകൂടിയായാലേ അപ്പന്‍ അപ്പനാവൂ എന്നെനിക്ക് ബോധ്യമായി.

അപ്പന്‍ എത്രവരെ പഠിച്ചു എന്ന കാര്യം പിന്നീട് ഞാന്‍ ചോദിച്ച് മനസ്സിലാക്കി. ആറാം ക്ലാസ് കഴിഞ്ഞിട്ടില്ല. എന്നിട്ടും അപ്പന്‍ വിപ്ലവങ്ങളെക്കുറിച്ചും വലിയ മനുഷ്യരെക്കുറിച്ചും സംസാരിക്കുന്നു! കവിതകള്‍ പലതും കാണാപ്പാഠം ചൊല്ലുന്നു! കൂടല്‍മാണിക്യ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ പറഞ്ഞുതരുന്നു! ഗൗരവമുള്ള നാടകങ്ങള്‍ കണ്ടുവന്ന് കഥ പറഞ്ഞുതരുന്നു! ഇരിങ്ങാലക്കുടയിലെ 'മഹാത്മാ റീഡിങ്‌റൂം' ആയിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസമില്ലാഞ്ഞിട്ടും അപ്പന് അറിവുകളും കമ്യൂണിസ്റ്റാവാനുള്ള കരുത്തും നല്‍കിയത്.

ഞായറാഴ്ച പോയി അപ്പന്‍ എല്ലാ പത്രങ്ങളും വായിക്കും. വായിച്ച കാര്യങ്ങള്‍ ഇരിങ്ങാലക്കുട പാര്‍ക്കില്‍ ചെന്നിരുന്ന് സുഹൃത്തുക്കളുമായി ചര്‍ച്ചചെയ്യും. ഈ ചര്‍ച്ച കൂടിയായപ്പോള്‍ സ്വത
വേതന്നെ സരസനായ അപ്പന് കാര്യങ്ങളെപ്പറ്റി നല്ല ഗ്രാഹ്യവും അവ വെടിപ്പോടെ പറയാനുള്ള സംഭാഷണചാതുരിയുമുണ്ടായി.

ഒരുദിവസം ആദ്യമായി അപ്പന് ഉച്ചഭക്ഷണം കൊണ്ടുപോയിക്കൊടുക്കാന്‍ അമ്മ എന്നെ അയച്ചു. അന്നാണ് ഞാന്‍ അപ്പന്റെ കട ആദ്യമായി കാണുന്നത്. പലചരക്ക്, സാരി, ബ്ലൗസ് തുണി, സ്റ്റേഷനറി തുടങ്ങി ഒരു ഗ്രാമത്തിനുവേണ്ട അത്യാവശ്യ സാധനങ്ങളെല്ലാം അപ്പന്റെ കടയില്‍ കിട്ടുമായിരുന്നു. കടയുടെ പുറംതിണ്ണയില്‍ ബീഡിതെറുപ്പുകാര്‍ ഇരിപ്പുണ്ട്. കച്ചവടം കുറവാണ്. ഇനി ഉണ്ടെങ്കില്‍ത്തന്നെ അതില്‍ അപ്പന് വലിയ താത്പര്യവുമില്ലായിരുന്നുവെന്ന് എനിക്ക് ആദ്യ ദിവസം അവിടെ ചെന്നപ്പോള്‍തന്നെ മനസ്സിലായി. ബീഡിതെറുപ്പുകാരുമായുള്ള രാഷ്ട്രീയചര്‍ച്ചയാണ് അവിടത്തെ പ്രധാന കലാപരിപാടി. അപ്പനാണ് സംസാരിക്കുക. ബാക്കിയുള്ളവര്‍ 'സ്വന്തം ജോലിചെയ്തുകൊണ്ട്' കേട്ടിരിക്കും. ഇടയ്ക്കിടെ അപ്പന്‍ പറയും 'അമേരിക്ക ചെയ്തത് ശരിയായില്ല. റഷ്യയെ കണ്ടുപഠിക്കണം...' 'അത് വറീത് ചേട്ടന്‍ പറഞ്ഞതാ ശരി.' കേട്ടിരിക്കുന്നവര്‍ സമ്മതിക്കും. അതു കണ്ടുനിന്നപ്പോള്‍ അപ്പന്‍ കട നടത്തുന്നതുതന്നെ കുറേ കമ്യൂണിസ്റ്റുകാരെ ഉണ്ടാക്കാനാണ് എന്നെനിക്കു തോന്നി.

വൈകുന്നേരം അഞ്ചര കഴിയുന്നതോടെയാണ് കടയില്‍ തിരക്കു തുടങ്ങുക. ആ സമയത്താണ് ഞാന്‍ അപ്പനെ ഏറ്റവും വിഷാദവാനായി കണ്ടിട്ടുള്ളത്. കാരണം, കമ്യൂണിസപ്രസംഗം മുടങ്ങും. വാങ്ങാന്‍ വരുന്നവരെല്ലാം കൂട്ടത്തോടെ വരുന്നതുകൊണ്ട് അവരോട് ഒന്നും പറയാന്‍ പറ്റില്ല. 'ഇവര്‍ക്കൊക്കെ ഒന്ന് ഒറ്റയ്ക്ക് വന്നാലെന്താ?' എന്നായിരിക്കും അപ്പോള്‍ അപ്പന്റെ മുഖത്തെ ഭാവം.

ഉച്ചഭക്ഷണം കഴിഞ്ഞാല്‍ പീടികയുടെ പലക നിരത്തിയിട്ട് അപ്പനൊന്ന് മയങ്ങും. ഞാന്‍ പുറത്തേക്ക് നോക്കിയിരിക്കും. വല്ലപ്പോഴും ഒരു ബസ് കടന്നുപോകും. ഒരുതവണ അങ്ങനെയിരിക്കുമ്പോള്‍ കാക്കയെ ഓടിക്കാന്‍ കൊണ്ടുവെച്ച ഓലപ്പടക്കം എന്റെ ശ്രദ്ധയില്‍പ്പെട്ടു. 'പതുക്കെ പൊട്ടണേ' എന്നു പ്രാര്‍ഥിച്ചുകൊണ്ട് ഞാന്‍ അതില്‍ ഒന്നെടുത്ത് കത്തിച്ചു. അത് ഉറക്കെത്തന്നെ പൊട്ടി. അപ്പന്‍ ഉണര്‍ന്നു. എന്റെ ചെവിക്കു പിടിച്ച് പടക്കപ്പാക്കറ്റ് മാറ്റിവെച്ചു. സാധ്യമല്ലാത്ത കാര്യത്തിനുവേണ്ടി പ്രാര്‍ഥിച്ചിട്ടും കാര്യമില്ല എന്നെനിക്ക് അന്ന് മനസ്സിലായി.
അന്ന് വൈകുന്നേരം വീട്ടില്‍വന്ന് അപ്പന്‍ ഈ സംഭവം പറഞ്ഞു. 'ഞാന്‍ ഉറങ്ങുമ്പോള്‍ ഇവന്‍ പടക്കം പൊട്ടിച്ചു' എന്നല്ല പറഞ്ഞത്. മറിച്ച്, 'കച്ചവടം നടത്തുമ്പോള്‍ പടക്കം പൊട്ടിച്ചു' എന്നാണ്. മറ്റെല്ലാ കാര്യവുമെന്നപോലെ അല്പം നുണപറയാനും ഞാന്‍ അപ്പനില്‍നിന്നു തന്നെയാണ് പഠിച്ചത്.

നിശ്ശബ്ദനായ കമ്യൂണിസ്റ്റുകാരനായിരുന്നു അപ്പന്‍. ജാഥകള്‍ക്കൊന്നും പോവില്ല. സമ്മേളനങ്ങള്‍ക്ക് പോയി ദൂരെനിന്ന് പ്രസംഗം ശ്രദ്ധിച്ചു കേള്‍ക്കും, തിരിച്ചുപോരും. കേട്ട പ്രസംഗത്തെക്കുറിച്ചുള്ള സ്വന്തം അഭിപ്രായം വീട്ടിലും സുഹൃത്തുക്കളോടും പറയും. അവിടെത്തീര്‍ന്നു. രാഷ്ട്രീയജ്വരമുണ്ടായിരുന്നെങ്കിലും അപ്പന് ഒരിക്കലും വിവേകം നഷ്ടപ്പെട്ടിരുന്നില്ല. പള്ളിയില്‍ പോവും. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് കുരിശുവരയ്ക്കും.

റഷ്യ അപ്പനെന്നും ഒരു ആവേശമായിരുന്നു. റഷ്യയിലെ കമ്യൂണിസത്തെയും പള്ളിയെയും ബന്ധിപ്പിച്ച് അപ്പന്‍ പല കഥകളും പറയും. അതില്‍ ഒന്നിതായിരുന്നു: സാര്‍ ചക്രവര്‍ത്തിയുടെ കാലത്ത് അച്ചന്മാരെ കൊന്ന് തള്ളിയിരുന്നു. വീഞ്ഞ് നിരോധിച്ചതോടെ ശേഷിച്ച അച്ചന്മാര്‍ക്ക് കുര്‍ബാന മുടങ്ങി. അപ്പോള്‍ യൂറോപ്പില്‍ നിന്ന് വലിയ മത്തങ്ങയില്‍ വീഞ്ഞ് നിറച്ച് റഷ്യയിലേക്ക് കടത്തിയിരുന്നുവത്രേ. വീഞ്ഞുള്ള മത്തനുമേല്‍ ഒരു അടയാളമുണ്ടാകും. അച്ചന്മാര്‍ അത് നോക്കി വാങ്ങും; കുര്‍ബാന കൂടും. നാട്ടിലെ പള്ളിയില്‍ പ്രാര്‍ഥനയ്ക്കിടെ ഒരച്ചന്‍ ഇതു പറഞ്ഞപ്പോള്‍ ഒരാള്‍ എഴുന്നേറ്റുനിന്ന് ചോദിച്ചു: എന്തിനാണച്ചോ തിരുരൂപത്തിനു മുന്നില്‍ നിന്ന് ഇങ്ങനെ നുണ പറയുന്നത്?' അതുപറഞ്ഞ് അപ്പന്‍ പൊട്ടിച്ചിരിക്കും. ഇത് ഞാനൊരു പരീക്ഷാ പേപ്പറിലെഴുതി. അങ്ങനെ എല്ലാ തരത്തിലും അപ്പന്‍ എനിക്കൊരു പാഠപുസ്തകമായി.

ട്രാക്ടര്‍ നാട്ടില്‍ വന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. കമ്യൂണിസ്റ്റുകാര്‍ അതിനെ എതിര്‍ത്തിരുന്നു. 'നിങ്ങളിപ്പറയുന്നത് ശരിയല്ല' എന്ന് അന്ന് അപ്പന്‍ സഖാക്കളോട് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആര് പറയുന്നതും അപ്പന്‍ കേള്‍ക്കുമായിരുന്നു. ആരെഴുതിയതും വായിക്കുമായിരുന്നു. പക്ഷേ, അഭിപ്രായങ്ങളും തീരുമാനങ്ങളും സ്വന്തമായിരുന്നു.
ചില ദിവസങ്ങളില്‍ രാത്രിഭക്ഷണം കഴിഞ്ഞാല്‍ അടുത്ത വീട്ടിലെ കുട്ടാപ്പുമൂശാരി, നാരായണന്‍കുട്ടി മൂശാരി, ചാത്തുമാഷ് എന്നിവരെയുംകൂട്ടി ഒരു അരിക്കന്‍ ലാംപിന്റെ വെളിച്ചത്തില്‍ അപ്പന്‍ എങ്ങോട്ടോ പോകും. ആ ദിവസങ്ങളിലൊക്കെ അമ്മയുടെ നെഞ്ചില്‍നിന്നും ഒരു നേര്‍ത്ത വിതുമ്പല്‍ അടുത്തുകിടക്കുന്ന എനിക്കു കേള്‍ക്കാന്‍ സാധിക്കുമായിരുന്നു. ഒരുദിവസം ഞാന്‍ ചോദിച്ചു:
എന്തിനാ കരയണെ?
ഒന്നൂല്യ. ഒന്നൂല്യ. ഒരു വേദന
അമ്മ പറഞ്ഞു. പിന്നീട് പലതവണ ഞാന്‍ ആ കരച്ചില്‍ കേട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റഡി ക്ലാസുകളിലേക്കായിരുന്നു ആ രാത്രികളില്‍ അപ്പന്‍ പോയിരുന്നത് എന്ന് വളര്‍ന്നപ്പോഴാണ് എനിക്ക് മനസ്സിലായത്.

സ്‌കൂളില്‍ ചേര്‍ന്നതോടെയാണ് എന്റെ ജീവിതത്തിലെ കഷ്ടകാലം തുടങ്ങിയത്. ആ കഷ്ടകാലത്താണ് അപ്പന്‍ എന്ന വലിയ മനുഷ്യനെ ഞാന്‍ ഏറ്റവുമധികം തിരിച്ചറിഞ്ഞതും അടുത്തറിഞ്ഞതും.

ഞങ്ങള്‍ എട്ട് മക്കളായിരുന്നു: കുര്യാക്കോസ്, സെലീന, പൗളീന്‍, സ്റ്റാനി സിലാവോസ്, ഇന്നസെന്റ്, വെല്‍സ്, ലിന്‍ഡ, ലീന. ഇതില്‍ ഞാനൊഴിച്ച് എല്ലാവരും നന്നായി പഠിക്കുന്നവരും, പഠിച്ച് വലിയവരാകണമെന്ന മോഹവും വാശിയുമുള്ളവരുമായിരുന്നു. പ്രത്യേകിച്ച് കുര്യാക്കോസും വെല്‍സും. വീട്ടിലാവുമ്പോഴും കൂട്ടുകൂടുമ്പോഴും അവര്‍ക്ക് നിറയെ പഠനകാര്യങ്ങള്‍ സംസാരിക്കാനുണ്ടാകും. എന്നാല്‍ എപ്പോഴും പിന്‍ബെഞ്ചിലായിരുന്ന, ഓരോ ക്ലാസിലും പലതവണ തോറ്റിരിക്കുന്ന എനിക്കു മാത്രം ഒന്നും പറയാനുണ്ടാവില്ല. ആ തരത്തില്‍ ഒരു ഒറ്റപ്പെടല്‍ ചെറുപ്പത്തിലേ എനിക്ക് അനുഭവപ്പെട്ടു തുടങ്ങി. ഞാന്‍ തോറ്റുപോകുന്നതില്‍ അമ്മ വല്ലാതെ സങ്കടപ്പെട്ടു. ചിലപ്പോള്‍ ദേഷ്യപ്പെട്ടു. അപ്പന്‍ മാത്രം എന്തുകൊണ്ടോ ഒന്നും പറഞ്ഞില്ല. ഈ മൗനം കാരണം പലപ്പോഴും അപ്പനും അമ്മയുടെ വഴക്കു കേള്‍ക്കേണ്ടിവന്നു.

ക്ലാസില്‍ പഠിപ്പിക്കുന്നതെല്ലാം ഏതൊരു വിദ്യാര്‍ഥിയേയുംപോലെ എനിക്കും മനസ്സിലായിരുന്നു. പക്ഷേ, അവ എന്റെ തൊലിപ്പുറത്ത് തൊട്ടുനിന്നതേയുള്ളൂ. എന്തുകൊണ്ടോ അവയൊന്നും വലിയ ഗൗരവമുള്ള കാര്യമായി എനിക്ക് തോന്നിയതുമില്ല. അതിനു കാരണമെന്താണെന്ന് പലതരത്തില്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട്. പരിഹാരം കാണാന്‍ പറ്റുന്നതാണെങ്കില്‍ അമ്മയുടെ സങ്കടവും അപ്പന്റെ നാണക്കേടും മാറ്റാമല്ലോ എന്നായിരുന്നു ചിന്ത. എന്നാല്‍ ഇന്നും എനിക്കതിന് ഉത്തരം ലഭിച്ചിട്ടില്ല.
നിരന്തരമായി ഞാന്‍ തോറ്റുകൊണ്ടിരുന്നു. കൂടപ്പിറപ്പുകളും കൂടെയുള്ളവരും തിരിഞ്ഞുനോക്കാതെ മുന്നോട്ടുപോയി, ഏറെദൂരമെത്തി. അമ്മയുടെ കരച്ചില്‍ കനത്തു.
ഒരു ദിവസം രാത്രി ഭക്ഷണം കഴിഞ്ഞ് ബീഡി വലിച്ചുകൊണ്ട് അപ്പന്‍ മുറ്റത്ത് നടക്കുകയാണ്. പാതി ബീഡി പുകഞ്ഞുതീര്‍ന്നപ്പോള്‍ അപ്പന്‍ പറഞ്ഞു:
ഇന്നസെന്റേ, ഇനി നീ പഠിക്കണ്ട.
ഞാന്‍ ഒന്നും മിണ്ടിയില്ല. അപ്പന്‍ തുടര്‍ന്നു.
ഇത്രയും കാലമായില്ലേ നീ പഠിക്കുന്നു. ഇനിയും നീ പഠിപ്പ് തുടര്‍ന്നാല്‍ നിന്റെ താഴെയുള്ള അനിയന്‍ നിന്റെ ക്ലാസില്‍ വരും. നിങ്ങള്‍ തമ്മില്‍ ഒരുപാട് വയസ്സിന്റെ വ്യത്യാസമുണ്ട്. അത് നിനക്ക് ഒരു ബുദ്ധിമുട്ടാവില്ലേ?
അതിനെന്താ അപ്പാ, ഒരു വീട്ടില്‍ ഒന്നിച്ചുജീവിക്കുന്നവര്‍ക്ക് ക്ലാസില്‍ ഇത്തിരിനേരം ഒരുമിച്ചിരിക്കാന്‍ എന്താ വിഷമം?
പെട്ടെന്നുള്ള എന്റെ മറുപടി കേട്ട് അപ്പന്‍ ചിരിച്ചു. പിറ്റേന്ന് അത് കൂട്ടുകാരോട് പറഞ്ഞു. അവര്‍ എന്നെ അഭിനന്ദിച്ചു. പക്ഷേ, ആ തമാശയ്ക്കപ്പുറം എന്റെ പഠിപ്പ് നിന്നു.
സ്‌കൂള്‍ പഠിപ്പ് നിലച്ചതില്‍ എനിക്ക് വലിയ സങ്കടമൊന്നും തോന്നിയില്ല. പുതിയ പ്രഭാതങ്ങളും പകലുകളുമായിരുന്നു എന്നെ കാത്തിരുന്നത്. സഹോദരങ്ങളെല്ലാം രാവിലെ സ്‌കൂളില്‍ പോകാനുള്ള തിരക്കിലായിരിക്കും. അമ്മ അടുക്കളയില്‍ അവര്‍ക്ക് ഭക്ഷണമൊരുക്കി സമയത്തിന് പറഞ്ഞയയ്ക്കാന്‍വേണ്ടി പുകഞ്ഞുകൊണ്ടിരിക്കും. ഇക്കൂട്ടത്തില്‍ എനിക്കൊരു റോളുമുണ്ടായിരുന്നില്ല. എനിക്കെങ്ങോട്ടും പോവാനില്ല. എന്നെയാരും കാത്തുനില്‍ക്കുന്നില്ല. ആരോടും ഒന്നും പറയാനുമില്ല.
പഠനം നിര്‍ത്തിയതിന്റെ പിറ്റേന്ന് രാവിലെ എല്ലാവര്‍ക്കുമൊപ്പമിരുന്ന് കഞ്ഞി കുടിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു. എന്റെ ചുറ്റുമിരിക്കുന്നവരെല്ലാം വീടിന് ഇന്നല്ലെങ്കില്‍ നാളെ ഗുണം ചെയ്യുന്നവരാണ്. എന്നെക്കൊണ്ടെന്താണ് കാര്യം? അതോര്‍ത്തപ്പോള്‍ എനിക്ക് കഞ്ഞി കയ്ച്ചു.

പിന്നെപ്പിന്നെ ഒന്നിച്ചുള്ള പ്രഭാതഭക്ഷണത്തില്‍നിന്നും ഞാന്‍ പതുക്കെപ്പതുക്കെ ഒഴിഞ്ഞുമാറി. എല്ലാവരും പോയി തിരക്കൊഴിഞ്ഞ ഏതെങ്കിലും സമയത്ത് ചെന്നിരുന്ന് കഴിക്കും. എന്റെ ഒറ്റപ്പെടല്‍ തീവ്രമാകുകയായിരുന്നു.

അപ്പോഴേക്കും അപ്പന്‍ മാപ്രാണത്തെ കട വിറ്റിരുന്നു. കഷ്ടിച്ച് ജീവിച്ചുപോന്നിരുന്ന ഞങ്ങളുടെ വലിയ കുടുംബത്തിലേക്ക് പതുക്കെ പട്ടിണി ഇടയ്ക്കിടെ വന്നുപൊയ്‌ക്കൊണ്ടിരുന്നു. മൂത്ത ജ്യേഷ്ഠന്‍ കുര്യാക്കോസിന്റെ മെഡിസിന്‍ പഠനം ഒരു കസിന്‍ ഏറ്റെടുത്തു. വീട്ടില്‍ അവിടവിടെ ഇരുട്ട് വീണുതുടങ്ങി.

പകല്‍ എനിക്ക് എങ്ങോട്ടും പോവാനില്ല. ഒന്നും ചെയ്യാനുമില്ല. വിരുന്നുവരുന്ന ബന്ധുക്കളോടും അയല്‍ക്കാരോടുമെല്ലാം അമ്മയ്ക്ക് എന്റെ അവസ്ഥമാത്രമേ പറയാനുള്ളൂ. പറഞ്ഞുതുടങ്ങുന്നത് മറ്റെന്തെങ്കിലും കാര്യമാണെങ്കിലും അത് ചെന്ന് അവസാനിക്കുക എന്നിലായിരിക്കും. ഇതുകാരണം അമ്മ മറ്റെന്തെങ്കിലും പറഞ്ഞുതുടങ്ങുമ്പോള്‍ ഞാന്‍ ഭക്ഷണം കഴിക്കാനിരിക്കും. എന്റെ കാര്യത്തിലെത്തുമ്പോഴേക്കും കഴിച്ചെഴുന്നേല്‍ക്കുകയും ചെയ്യും. പക്ഷേ, ഇത് അമ്മയ്ക്ക് മനസ്സിലായി. പിന്നെ എന്തുകാര്യം പറഞ്ഞുതുടങ്ങിയാലും അമ്മ പെട്ടെന്ന് എന്റെ കാര്യത്തിലേക്കെത്തും. അവിടെയും ഞാന്‍ തോറ്റു.

ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് പകല്‍സമയങ്ങളില്‍ ഞാന്‍ അങ്ങാടിയിലേക്കിറങ്ങിത്തുടങ്ങി. ഏതെങ്കിലും കടത്തിണ്ണയില്‍ ചെന്നിരിക്കും. എന്തെങ്കിലുമൊക്കെ പറയും. പതുക്കെപ്പതുക്കെ എനിക്കൊരു കാര്യം മനസ്സിലായി. സ്‌കൂളിനും വീട്ടിനും ആവശ്യമില്ലെങ്കിലും ഈ അങ്ങാടിക്ക് എന്നെ വേണം. എന്റെ സംസാരം കേള്‍ക്കാന്‍ അവര്‍ കാത്തിരിക്കുന്നു. പിന്നെപ്പിന്നെ ഞാന്‍ അങ്ങാടിയിലെത്തുമ്പോഴേക്കും ഓരോ കടക്കാരനും വിളിച്ചുതുടങ്ങും: ഇന്നസെന്റേ ഇങ്ങോട്ടുവാ, ഇവിടെ... പറയുന്ന തമാശയ്ക്കു പകരമായി അവര്‍ എനിക്ക് ചായയും സിഗരറ്റും വാങ്ങിത്തരും. മറ്റൊന്നുമില്ലെങ്കിലും എന്റെ കൈയില്‍ ഫലിതമുണ്ട് എന്നും അതിന് ആളുകളെ ചിരിപ്പിക്കാന്‍ സാധിക്കും എന്നും എനിക്ക് മനസ്സിലായത് ഇരിങ്ങാലക്കുടയിലെ ഈ കടത്തിണ്ണകളിലും സദസ്സുകളിലും വെച്ചായിരുന്നു.

പകല്‍ അങ്ങാടി തണലും താവളവുമായെങ്കിലും ഉച്ചയ്ക്ക് വീണ്ടും ഞാന്‍ ഉഷ്ണിച്ചു തുടങ്ങും. ഊണു കഴിക്കണം; വീടേ ഗതിയുള്ളൂ. ഒറ്റപ്പെട്ടു നടക്കുന്ന എനിക്ക് ഒന്നിച്ചിരുന്നുണ്ണാന്‍ മനസ്സുവന്നില്ല. എന്തെങ്കിലും കാരണം പറഞ്ഞ് ഞാന്‍ അടുക്കളയില്‍ നിന്നും വലിയും. എല്ലാവരും ഉണ്ടുകഴിഞ്ഞാല്‍ വന്നിരുന്ന് കഴിക്കും.
അപ്പന് മാത്രമേ എന്റെ അവസ്ഥ മനസ്സിലായുള്ളൂ. ഊണുകഴിക്കാറായാല്‍ അപ്പന്‍ ചോദിക്കും:
ഇന്നസെന്റെവിടെ?
ഇവിടെവിടെയോ ഉണ്ട്, അമ്മ പറയും.
അവന്‍ വരട്ടെ, എനിക്ക് പറമ്പില്‍ ഇത്തിരി പണിയുണ്ട്.
അപ്പന്‍ എഴുന്നേറ്റുകൊണ്ട് പറയും. പിന്നെ കയറിവരിക, ഞാന്‍ തനിച്ച് ഊണുകഴിക്കാനിരിക്കുമ്പോഴാണ്. പഠിപ്പില്ലെങ്കിലും ഞാന്‍ അങ്ങനെ ഒതുങ്ങിപ്പോകരുത് എന്ന് അപ്പന് നിര്‍ബന്ധമായിരുന്നു. ഒരു പിതാവ് ആരാണെന്നും ജനിപ്പിച്ചാല്‍ മാത്രം പിതാവാകില്ലെന്നുമുള്ള സത്യം അപ്പന്‍ എനിക്ക് മനസ്സിലാക്കിത്തരികയായിരുന്നു.
എന്റെ പഠനം നിലച്ചത് കുടുംബസദസ്സുകളിലും ചര്‍ച്ചാവിഷയമായിത്തുടങ്ങി. ഒരു പെരുന്നാള്‍ ദിനത്തില്‍ എല്ലാവരും ഒത്തുകൂടിയപ്പോള്‍ ആരോ ചോദിച്ചു:
ഇന്നസെന്റേ പഠിപ്പു നിര്‍ത്തിയതില്‍ നിനക്ക് സങ്കടമില്ലേ?
എന്തിനാ സങ്കടപ്പെടണേ? ഒരുവിധമെല്ലാം പഠിച്ചുകഴിഞ്ഞു എന്ന് എനിക്ക് തോന്നിയപ്പോഴാണ് ഞാന്‍ പഠിപ്പു നിര്‍ത്തിയത്. മറ്റുള്ളവര്‍ക്ക് അങ്ങനെ തോന്നാത്തതുകൊണ്ട് അവര്‍ പഠനം തുടരുന്നു. എന്റെ മറുപടി കേട്ടപ്പോള്‍ അപ്പന്‍ എന്നെ കെട്ടിപ്പിടിച്ചു. എന്നിട്ടു പറഞ്ഞു:
ഇവനാ എന്റെ മോന്‍. നിങ്ങളാരെങ്കിലുമാണ് ഇങ്ങനെ പഠിക്കാതായതെങ്കില്‍ ഈ മറുപടി വരില്ല. അന്ന് അപ്പന്‍ അല്‍പ്പം കൂടുതല്‍ മദ്യപിച്ചിരുന്നു. പക്ഷേ, ആ വാക്കുകളിലെ സ്‌നേഹത്തിനും വിശ്വാസത്തിനും കഴിച്ച മദ്യത്തേക്കാള്‍ പതിന്മടങ്ങ് ലഹരിയായിരുന്നു.

ഒന്നും ചെയ്യാനില്ലാതിരിക്കുന്ന ഈ കാലത്താണ് എന്നില്‍ നാടകക്കമ്പം കത്തിപ്പിടിക്കുന്നത്. അപ്പന്റെ കൂടെ പാര്‍ട്ടിനാടകങ്ങള്‍ കാണാന്‍ പോയതിന്റെ സ്വാധീനമാകാം ഇതിനു കാരണം. പകല്‍ മുഴുവന്‍ വീട്ടിലും അങ്ങാടിയിലുമായി കഴിയുന്ന ഞാന്‍ രാത്രി നാടകം കാണാന്‍ പോകും. പാതിരാത്രികഴിഞ്ഞാണ് തിരിച്ചുവരിക. ഒരു കള്ളനെപ്പോലെ പിന്‍വാതിലിലൂടെ കയറിക്കിടന്നുറങ്ങും. ആരും എന്നെക്കാണില്ല. ഇരുട്ടിന്റെ സുഖവും സൗഹൃദവും ഞാന്‍ അന്ന് അറിഞ്ഞു, അനുഭവിച്ചു.

ഒരു ദിവസം രാത്രി ഞാന്‍ നാടകം കഴിഞ്ഞ് വരികയാണ്. ഇരുട്ടിന്റെ മറപിടിച്ച് പതുക്കെ പിന്‍വശത്തേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് പൂമുഖത്ത് ഒരു നിഴല്‍ കണ്ടത്. അപ്പനാണ്. ചാരുകസേരയില്‍ കിടക്കുന്നു. ഇത്രവൈകിയിട്ടും അപ്പന്‍ ഉറങ്ങാതെയിരിക്കുന്നതില്‍ എനിക്കെന്തോ പിശകുതോന്നി. ഇവിടെത്തന്നെയുണ്ടായിരുന്നു എന്ന് തോന്നിക്കോട്ടെ എന്നു കരുതി ഞാന്‍ ഷര്‍ട്ടൂരി മുണ്ടിന്റെ മടിക്കുത്തിലിട്ട്, പതുങ്ങി നിന്നു.

ഡോ മാഷേ, ഒന്നിവടെ വര്ാ പെട്ടെന്നായിരുന്നു അപ്പന്‍ വിളിച്ചത്. ഞാന്‍ ഞെട്ടിപ്പോയി. പതുങ്ങിപ്പതുങ്ങി മുന്നിലേക്കുചെന്നുനിന്നു. അപ്പന്റെ മുന്നിലെത്തിയതും മടിക്കുത്തഴിഞ്ഞ് ചുരുട്ടിവെച്ചിരുന്ന ഷര്‍ട്ട് നിലത്തുവീണു. ഞാന്‍ വിയര്‍ത്തു. അപ്പോള്‍ അപ്പന്‍ പറഞ്ഞു:

പേടിക്കേണ്ട, വേറൊന്നിനുമല്ല, വല്ലപ്പോഴുമെങ്കിലും നിന്റെ മുഖം കണ്ടില്ലെങ്കില്‍ ഞാന്‍ അത് മറന്നുപോകും.
അത് പറഞ്ഞുകഴിഞ്ഞ അടുത്ത നിമിഷം അപ്പന്‍ അകത്തേക്ക് കയറിപ്പോയി വാതിലടച്ചു. എനിക്കുറപ്പാണ് ആ അടഞ്ഞ വാതിലിനപ്പുറം നിന്ന് ആരും കാണാതെ അപ്പന്‍ കരഞ്ഞിരിക്കും. അന്ന് രാത്രി ഞാനും കരഞ്ഞു.

ഞാന്‍ അപ്പനെ കരയിച്ചു; അപ്പന്‍ എന്നെയും.
(ചിരിക്ക് പിന്നില്‍ എന്ന പുസ്തകത്തില്‍ നിന്ന്)

ആറാംതമ്പുരാന്‍

നായാട്ടിനുപോയ നാരായണന്‍ നമ്പൂതിരി
വി.കെ. ശ്രീരാമന്‍
കൊല്ലവര്‍ഷം 1100 മേടത്തിലെ മകം നാളിലാണ് ഞാന്‍ ജനിച്ചത്. ഇപ്പോള്‍ 78 വയസ്സ് കഴിഞ്ഞു. പേര് നാരായണന്‍. നയത്തില്‍ മനയ്ക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെയും നീലി അന്തര്‍ജനത്തിന്റെയും ഏകമകന്‍. രണ്ടു സഹോദരിമാര്‍: സാവിത്രി, ശ്രീദേവി. സാവിത്രി മരിച്ചുപോയി.



പാലക്കാട് ജില്ലയുടെ പടിഞ്ഞാറുഭാഗത്താണ് ഞങ്ങളുടെ ഇല്ലം നില്‍ക്കുന്ന പെരിങ്ങോട് ദേശം. പെരിങ്ങോടിനു തെക്കായി കോതരക്കാട്, കുന്നംകാട്, കുട്ടഞ്ചേരിക്കാട്, നെല്ലിക്കുന്ന്, മലയങ്കുഴി എന്നിങ്ങനെ കാടും മലയും നിറഞ്ഞ പ്രദേശങ്ങളായിരുന്നു. കോതരക്കാടിന്റെ നെറുകയില്‍ വലിയൊരു സര്‍വ്വേക്കല്ലുണ്ട്. അതിനപ്പുറം കൊച്ചി ശീമയാണ്. ഇപ്പോള്‍ തൃശ്ശൂര്‍ ജില്ല. ആ കാലത്ത് ചാത്തന്നൂര്, വരവൂര്, കറുകപുത്തൂര്, തിച്ചൂര് മുതലായ സ്ഥലങ്ങളൊക്കെ മോടനും ചാമയും വിതയ്ക്കുന്ന പറമ്പുകളും പള്ള്യാലുകളും നെല്‍കൃഷിയുള്ള പാടങ്ങളും കഴിഞ്ഞാല്‍ ബാക്കി മുക്കാല്‍ പങ്കും കാടും കുന്നും മലയുമൊക്കെത്തന്നെ. കരിമ്പനയും കാട്ടുമരങ്ങളും വളര്‍ന്നുനില്‍ക്കുന്ന താഴ്‌വാരങ്ങളില്‍ ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള വീടുകള്‍. കന്നും പൈക്കളും മേയുന്ന വെളിമ്പറമ്പുകള്‍. അങ്ങനെയൊക്കെയാണ് പ്രകൃതി. ജനവാസം കുറവാണ്. ഈ കാട്ടിലൊക്കെ കാട്ടുപന്നി, കാട്ടുപൂച്ച, മുള്ളന്‍പന്നി, വെരുക്, മുയല്‍, കൂരമാന്‍ എന്നിങ്ങനെയുള്ള ജന്തുക്കള്‍ ധാരാളമുണ്ടായിരുന്നു. കൂരമാന്‍ എന്നത് മാനിന്റെപോലെ കണ്ണും മൂക്കും കൊമ്പുമുള്ള ഒരു ജീവിയാണ്. പക്ഷേ, ഒരടിയോളമേ ഉയരമുണ്ടാവൂ. അതിനെയൊന്നും ഇപ്പോള്‍ കാണുന്നില്ല. വംശനാശം വന്നിട്ടുണ്ടാവും. കല്ലടിക്കോടന്‍മലയിലാണ് കാട്ടുപോത്തിനെ കണ്ടിട്ടുള്ളത്. അവിടെ പുലി മുതലായ ജന്തുക്കളും ഉണ്ടായിരുന്നു.

അക്കാലത്ത് നാട്ടില്‍ കാളപൂട്ടും നായാട്ടുമൊക്കെയാണ് പ്രധാന വിശേഷങ്ങളായി പറഞ്ഞുകേള്‍ക്കുക. നായാട്ടുകമ്പക്കാരായി പലരും ഈ ഭാഗങ്ങളിലുണ്ടായിരുന്നു. നായന്മാരും തിയ്യരുമായി കൃഷിക്കാരും ചെറുമക്കളുമെല്ലാമാണ് കൂട്ടംകൂടി നായാട്ടിനു പോവുക. മാപ്ലമാരും ഉണ്ടായിരുന്നു. കറുകത്തൂരെ വൈദ്യര് ബാപ്പൂട്ടി, വട്ടപ്പറമ്പിലെ മൊയ്തു എന്നിവരൊക്കെ അക്കാലത്തെ കേമന്മാരായ നായാട്ടുകാരാണ്. പൂമുള്ളിയിലെ കാര്യസ്ഥന്മാരില്‍ ചിലരും നായാട്ടുകമ്പക്കാരായി ഉണ്ടായിരുന്നു. കുട്ടത്തെ കൃഷ്ണന്‍നായര്‍ അതിലൊരാളാണ്. ഈ കാര്യസ്ഥന്മാര് വഴിക്കാണ് ഞങ്ങള്‍ കുട്ടികള്‍ക്കും ഈ വിഷയത്തില്‍ ഗൂഢമായൊരു താല്പര്യമുണ്ടായത്. ഞങ്ങള്‍ എന്നുപറഞ്ഞാല്‍ ഞാന്‍, പൂമുള്ളിയിലെ കുഞ്ഞപ്പന്‍, രാമപ്പന്‍ എന്നിങ്ങനെയുള്ളവര്‍ക്ക്.

പൂമുള്ളിക്കുതൊട്ടാണ് ഞാന്‍ ജനിച്ച ഇല്ലം. പൂമുള്ളിക്ക് ചുറ്റിലുമായി പാവേരി, കുറുങ്കാട്, പറങ്ങോട്, മേയ്ക്കാട്, കേളല്ലൂര് എന്നിങ്ങനെയുള്ള ഇല്ലങ്ങള്‍ വേറെയുമുണ്ട്. ഈ ഇല്ലങ്ങള്‍ക്കെല്ലാം ഭൂസ്വത്തുക്കളുണ്ടായിരുന്നെങ്കിലും പൂമുള്ളിയിലെന്നപോലെ കൃഷിനടത്തിപ്പും കളങ്ങളും പത്തായങ്ങളും കാര്യസ്ഥന്മാരുമൊന്നുമുണ്ടായിരുന്നില്ല. കുളി, ജപം, വെടിവട്ടം, ഉറക്കം, കഥകളി പിന്നെ ചെല നേരമ്പോക്ക് അങ്ങനെയൊക്കെ കഴിഞ്ഞുവന്നു ഈ ഇല്ലങ്ങളിലെ പുരുഷന്മാര്‍ അധികവും. ഏതാണ്ട് ഇരുപതേക്കറോളം സ്ഥലത്താണ് ഈ ഇല്ലങ്ങള്‍ തൊട്ടും തൊടാതെയും നിന്നിരുന്നത്. നടുവില്‍ ശ്രീരാമസ്വാമിക്ഷേത്രം, അതിനടുത്ത് പൂമുള്ളിയിലെ വലിയ പത്തായപ്പുര. എല്ലാ ഇല്ലങ്ങളിലെയും അംഗങ്ങള്‍ക്ക് മൂന്നുനേരം ഊണ് പൂമുള്ളിയില്‍നിന്നാണ്. വേളികഴിച്ചുകൊണ്ടുവരുന്ന അന്തര്‍ജനങ്ങള്‍ അതതില്ലങ്ങളില്‍നിന്ന് ഉണ്ണും. മറ്റുള്ളവരൊക്കെ മണിയടിച്ചാല്‍ പൂമുള്ളിയിലേക്ക് ചെല്ലും. പത്തായപ്പുരേടെ അടുത്തായി വലിയൊരു ഓട്ടുമണി കെട്ടിത്തൂക്കിയിട്ടുണ്ട്, ഉയരത്തില്‍. അതില്‍ മണിയടിക്കാനായി ധന്‍ ബഹാദൂര്‍ എന്നൊരു ഗൂര്‍ഖയെ ശമ്പളംകൊടുത്ത് നിര്‍ത്തിയിരുന്നു. അയാള്‍ടെ പണി ഓരോ മണിക്കൂര്‍ കൂടുമ്പോള്‍ മണിയടിക്കുക എന്നതാണ്. ഊണിന്റെ മണിക്ക് ചെറിയ പ്രത്യേകതയുണ്ട്. അങ്ങനെ മണിയടിച്ചു മണിയടിച്ചു ധന്‍ ബഹാദൂര്‍ പെരിങ്ങോട്ടുനിന്നുതന്നെ കല്യാണവും കഴിച്ചു. വലിയപറമ്പിലെ കുഞ്ചൂട്ടിയെ. ധന്‍ബഹാദൂര്‍ ക്ഷത്രിയനായിരുന്നു. പൂണൂലുണ്ട്. കുഞ്ചൂട്ടിയുടെ മക്കള്‍ക്ക് ഗൂര്‍ഖയുടെ നല്ല ഛായയുണ്ട്. കുഞ്ചൂട്ടി അയാള്‍ടെ കൂടെ നേപ്പാളില്‍ പോയിട്ടുണ്ട്.

ഭക്ഷണം ഒരു സ്ഥലത്തുനിന്നാണ് എന്നുമാത്രമല്ല ഈ അഞ്ചെട്ട് ഇല്ലങ്ങളിലെ ആള്‍ക്കാരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ് എന്നേ തോന്നിയിട്ടുള്ളൂ. പതിവായി പട്ടരടുക്കളേടെ കെട്ടില് ഇരുന്നൂറിനും മുന്നൂറിനും ഇടയ്ക്ക് ആള്‍ക്കാരുണ്ടാവും ഉച്ചയൂണിന്. യാത്രക്കാരായ നമ്പൂതിരിമാരും പട്ടന്മാരും സന്ന്യാസിമാരുടെ മട്ടിലുള്ള ദേശാടകരുമുണ്ടാവും കൂട്ടത്തില്‍. ആരാ എന്താ എന്നു ചോദിക്കുക പതിവില്ല. വന്നവര്‍ക്കെല്ലാം ഊണ്, അതാണ് രീതി. ദേശമംഗലത്തും മറ്റും ഇങ്ങനെ ഉണ്ടായിരുന്നുവത്രേ. ഒരു പട്ടര് ദേശമംഗലത്തുപോയി കുളിച്ച് ഉണ്ട് രണ്ടുദിവസം കഴിച്ചു, മൂന്നാംദിവസം അവിടത്തെ വല്യ മ്പൂരി ചോദിച്ചുത്രെ:
എന്താ പേര്?
രാമയ്യര്
എവിടന്നാ വരണത്?
പൂമുള്ളീന്നാ
അവടെ എത്ര ദിവസം കൂടി?
എട്ട് ദിവസം
ഊണൊക്കെ കേമാര്‍ന്നോ?
ബഹുകേമം.
പൂമുള്ളിലും ഇവടേം തമ്മില് എന്താ വ്യത്യാസം തോന്ന്യേത്?

പൂമുള്ളില് എട്ടുദിവസം കുളിച്ചുണ്ട് താമസിച്ചിട്ടും അവടത്തെ നമ്പൂതിരിമാരെ കാണുകയോ അവര്‍ എന്നോട് എന്താ എവിടുന്നാ എന്നു ചോദിക്കുകയോ ഉണ്ടായില്ല. ഇവിടെ രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും എന്താ പേര്, എവിടന്നാ വരണത് എന്നൊക്കെ ചോദിക്കാന്‍ ഒരാളുണ്ടായി. അതു തന്നാ വ്യത്യാസം.

കുഞ്ഞപ്പന്‍ എന്നെല്ലാവരും വിളിച്ചിരുന്ന നീലകണ്ഠന്‍ പൂമുള്ളിയിലെ അച്ഛന്‍ നമ്പൂതിരിയുടെ ആറാമത്തെ മകനാണ്. പരമേശ്വരന്‍, വാസുദേവന്‍, സുബ്രഹ്മണ്യന്‍, നാരായണന്‍, കൃഷ്ണന്‍, നീലകണ്ഠന്‍, രാമന്‍, ശങ്കരന്‍, എന്നിങ്ങനെ എട്ടുമക്കളായിരുന്നു അദ്ദേഹത്തിന്. ആദ്യ ഭാര്യ മരിച്ച ശേഷം രണ്ടാമത്തെ വേളിയിലുള്ളവരാണ് നീലകണ്ഠന്‍, രാമന്‍, ശങ്കരന്‍ എന്നീ സന്താനങ്ങള്‍. വിളിക്കാന്‍ സൗകര്യത്തിന് ഒന്ന്, രണ്ട് എന്ന ക്രമത്തില്‍ ഒന്നാംബ്‌രാന്‍, രണ്ടാംബ്‌രാന്‍ എന്നിങ്ങനെ വിളിച്ചിരിക്കണം. അങ്ങനെയാണ് കുഞ്ഞപ്പന്‍ എന്ന നീലകണ്ഠന്‍ ആറാമ്പ്‌രാനാകുന്നത്. നാലഞ്ചുവയസ്സേ മൂപ്പുള്ളൂവെങ്കിലും ഞാന്‍ കുഞ്ഞപ്പനെ ആറാമ്പ്‌രാന്‍ എന്നാണ് വിളിച്ചിരുന്നത്. മറ്റുള്ളവരെയൊക്കെ പേരിനോട് നമ്പൂതിരി എന്ന് ചേര്‍ത്ത് വിളിക്കും. നയം എന്നോ സുപ്ലന്‍ എന്നോ അദ്ദേഹം എന്നെയും വിളിക്കും. സുപ്ലന്‍ എന്ന പേരിന് പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല. ചെറുപ്പത്തില്‍ അങ്ങനെ പലതിനും ചില കോഡ് പ്രയോഗങ്ങളുണ്ടായിരുന്നു. വലിയവരുടെ കണ്ണും കാതും വെട്ടിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ക്ക് നിരവധിയുണ്ടായിരുന്നു. അതിനാലാണ് ഈ കോഡ് പ്രയോഗം.
കുഞ്ഞപ്പന്‍ മറ്റുള്ള കുട്ടികളില്‍ നിന്നൊക്കെ ഏറെ വ്യത്യാസമുള്ള പ്രകൃതമായിരുന്നു. മറ്റുള്ള ഉണ്ണികളൊക്കെ ചമതയിടലും ഗായത്രീജപിക്കലും ഓത്തുപഠിക്കലുമൊക്കെയായി കൂടുമ്പോള്‍ കുഞ്ഞപ്പന് അതിലൊക്കെ ശ്രദ്ധ കഷ്ടിയായിരുന്നു. എട്ടുപത്ത് വയസ്സുള്ള കാലത്ത് ഒരു നായക്കുട്ടിയെ സൂത്രത്തില്‍ കൊണ്ടുവന്ന് ഇല്ലത്തു വളര്‍ത്തിയിരുന്നു. രഹസ്യമായിട്ടാണ്. അച്ഛന്‍ നമ്പൂതിരിയോ ഏട്ടന്മാരോ ഒന്നും അറിയാന്‍ പാടില്ല. എട്ടുകെട്ടും പത്തായപ്പുരകളും പടിപ്പുരകളുമൊക്കയായി പടര്‍ന്നുകിടക്കുന്ന വലിയ ഇല്ലമായതിനാല്‍ പെട്ടെന്നാരുടേയും ശ്രദ്ധയില്‍ പെടില്ലെന്നൊരു ഗുണമുണ്ട്. അച്ഛന്‍ നമ്പൂതിരിക്ക് രാവിലെ ഏതാണ്ട് പത്തുപതിനൊന്നുമണിവരെ ഇല്ലത്തെ ഭഗവതി ക്ഷേത്രത്തിലും വടക്കിനിയിലെ ശ്രീലകത്തും പൂജയും നേദ്യവുമൊക്കെയായി പണിയുണ്ടാവും. പിന്നെ ഭാഗവതം, വായന, അല്പം ഉച്ചമയക്കം, രാത്രി കഥകളി അങ്ങനെ ചില ചിട്ടകളുണ്ട്. ഉണ്ണികളൊരു വശത്ത്, അന്തര്‍ജ്ജനങ്ങള്‍ അടുക്കളയിലും അകായിലുമായി അങ്ങനെ. ആണുങ്ങളായ നമ്പൂതിരിമാര് പത്തായപ്പുരേലും തട്ടിന്‍പുറത്തുമായി പകിടകളി, ചതുരംഗം, ശീട്ടുകളി ഈ വഹയൊക്കെയായി അങ്ങനെ. എങ്കിലും ഇല്ലത്തിന് ഓരോ നിശ്ചിതക്രമങ്ങളുണ്ടായിരുന്നു; മണിയടിച്ചാല്‍ ചോറു വിളമ്പുന്നപോലെ, രാത്രി കേളികൊട്ടുന്നതുപോലെ.

ായക്കുട്ടിയെ വളര്‍ത്തുന്നത് എന്തിനാണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആറാമ്പ്‌രാന്‍ പറഞ്ഞു, നായാട്ടിന് പോണെങ്കില് നായ വേണം. അതോണ്ടാണ് അതിനെ വളര്‍ത്തുന്നത് എന്ന്. നായാട്ടുകാര്‍ക്കൊക്കെ സ്വന്തമായി നായ്ക്കളുണ്ടായിരുന്നു. നാടന്‍ നായ്ക്കളെയാണ് നായാട്ട് ശീലിപ്പിക്കുക. കണ്ണും നഖവും നോക്കിവേണം നായ്ക്കുട്ടികളെ തിരഞ്ഞെടുക്കാന്‍. ഇരുപത് നഖം വേണം. അതുപോലെ ചെവിക്ക് നല്ല കൂര്‍മ്മത വേണം. ചൊടിയും ഉണര്‍വും വേണം. കരിക്കന്‍, ചൊക്കന്‍, വെള്ളു, കൊടിയന്‍, പാണ്ടന്‍ എന്നിങ്ങനെ നായ്ക്കളെ ഇനം തിരിച്ചുപറയും. കറുത്ത നെറമുള്ളത്, കരിക്കന്‍. ചോന്നത് ചൊക്കന്‍, വെളുത്തത് വെള്ളു, വാലിന്റെ അറ്റത്ത് ചുട്ടുള്ളത് കൊടിയന്‍, അതുപോലെ പാണ്ടുള്ളത് പാണ്ടനും. തമിഴ്‌നാട്ടില്‍ നിന്നുള്ള പുന്നാടന്‍ നായ്ക്കളേയും ആള്‍ക്കാര്‍ നായാട്ടിന് വേണ്ടി കൊണ്ടുവന്ന് വളര്‍ത്തിയിരുന്നു. തമിഴ്‌നാട്ടില്‍നിന്നുള്ള കോമ്പെയും രാജപാളയവും നായാട്ടിനുപറ്റും. തേനിയില്‍നിന്ന് കുമളിക്ക് പോണവഴിയിലാണ് കോമ്പൈ എന്ന സ്ഥലം. അവിടത്തെ രാജാവുമായി ആറാമ്പ്‌രാന് അടുപ്പമുണ്ടായിരുന്നു. രാജഭരണം പോയപ്പോള്‍ കോമ്പൈയിലെ ഒരമ്പലത്തില് പൂജാരി ആയിട്ട് പ്രവൃത്തിചെയ്ത് ജീവിക്കുകയായിരുന്നു കോമ്പൈ രാജാവ്. നല്ല നായ്ക്കളെ കിട്ടാന്‍ വേണ്ട ഏര്‍പ്പാടൊക്കെ ചെയ്തുതന്നിട്ടുണ്ട് അദ്ദേഹം. സാധു പ്രകൃതമാണ്. അതുപോലെ രാജപാളയം നായയേയും തിരുനെല്‍വേലിയില്‍ പോയി വാങ്ങിയിട്ടുണ്ട്.

ആറാമ്പ്‌രാന്‍ വളര്‍ത്തിയിരുന്നത് ഒരു ചൊക്കന്‍ നായ്ക്കുട്ടിയെ ആയിരുന്നു. ഏതോ കാര്യസ്ഥന്‍ കൊണ്ടന്നുകൊടുത്തതാണ്. ഇരുപത് നഖം ഉണ്ട്. ചെവിക്ക് നല്ല കൂര്‍മതേം. പാലും കോഴിമുട്ടയുമൊക്കെ കൊടുത്താണതിനെ വളര്‍ത്തിയത്. കോഴിമുട്ട കാര്യസ്ഥന്മാര്‍ ആരും കാണാതെ എത്തിക്കും.

ആ ചൊക്കന്‍ നായ വളര്‍ന്ന് അതിനേംകൊണ്ട് ആറാമ്പ്‌രാന്‍ നായാട്ടിനുപോയി പതിനഞ്ചാമത്തെ വയസ്സില്‍. അങ്ങനെയാണ് സൊഭാവം. എന്തെങ്കിലും ഒന്ന് നിരീച്ചാല്‍ അതീന്നു പിന്മാറില്ല. ആ വിഷയത്തിന്റെ അറ്റം വരെ പോവും. അവിടെയെത്തുമ്പോഴേക്കും വേറൊരു കമ്പം കേറീട്ടുണ്ടാവും. കുഞ്ഞപ്പനെപ്പറ്റി പരാതി പറയുന്നവരോട് അച്ഛന്‍ നമ്പൂതിരി പറയും, ഇരുപത്തിരണ്ട് വയസ്സുവരെ അവന് നന്നേ ചീത്ത കാലമാണ്. പതിന്നാലില് ശുക്രന്റെ അപഹാരം, പതിനേഴില് കുജാപഹാരം, പത്തൊന്‍പതില് ശനിയുടെ സ്വാപഹാരം. ശനീടെ അപഹാരകാലം വളരെ ചീത്തയാണ്. കര്‍മനാശമാണ് ഫലം. അതൊക്കെ കഴിഞ്ഞുകിട്ടിയാല്‍ അയാളു നന്നായിക്കോളും. അതുവരെ ആരു പറഞ്ഞിട്ടും കാര്യല്ല. പത്തുപന്ത്രണ്ട് വയസ്സുള്ളപ്പോളേ ഞാനും ആറാമ്പ്‌രാന്റെ കൂടെ നായാട്ടിന് പോവാന്‍ തുടങ്ങി. അച്ഛനോ അപ്ഫമ്മാരോ കാണാതെ രാത്രി ഇല്ലത്തുനിന്ന് ചാടിപ്പോരുന്നതാണ്. രാത്രി മുഴുവനും നായേടെ പിന്നാലെ കാട്ടിലും മലയിലും പാഞ്ഞ്, പുലരുംമുന്‍പ് കുളിച്ച് കുറിതൊട്ട് ചമതയിടാന്‍ ഹാജരാവണം. കഠിന പ്രയത്‌നം തന്നെ ആയിരുന്നു അതൊക്കെ.

പത്തുപതിനഞ്ച് വയസ്സാവുമ്പോഴേക്കും എനിക്ക് നായാട്ടിന്റെ ഏതാണ്ടെല്ലാ വശങ്ങളും മനസ്സിലായിട്ടുണ്ടായിരുന്നു. അത് എളുപ്പം മനസ്സിലാവുന്ന കാര്യമല്ല. നായ്ക്കളെ കയറിട്ട് പിടിച്ച് ഓരോ ജന്തുക്കളുടെ പിന്നാലെ മണ്ടണം. കാലില്‍ ഷൂസോ ചെരിപ്പോ പതിവില്ല. നായ്ക്കളുടെ കഴുത്തിലിട്ട് പിടിച്ചിരിക്കുന്ന കയറിന്റെ വലിവിന്നനുസരിച്ച് കാര്യങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ശീലമാവണം. നായ പന്നിയേയോ മാനിനേയോ കണ്ടാല്‍ കയറുപിടിച്ചിരിക്കുന്ന ആള്‍ക്കത് മനസ്സിലാവണം. ചെലപ്പോ നായ തലപൊക്കി മൂക്ക് മേല്‍പ്പോട്ടാക്കി മൃഗങ്ങളുടെ മണം പിടിക്കും. മണം വരുന്ന ദിക്ക് മനസ്സിലാക്കി നായ പായാന്‍ തിരക്ക് കൂട്ടും. അപ്പോ കയറൂരി വിടണം. നായപോയ വഴി നോക്കി ഞങ്ങളും പായും. രാത്രിയാണ,് കല്ലും മുള്ളുമൊക്കെ ഉണ്ടാവും. അതും ശ്രദ്ധിക്കണം. ഓടിയ നായ ചിലപ്പോ തുമ്മിയും ചീറ്റിയും തിരിഞ്ഞുവരും. അപ്പോ മനസ്സിലാക്കാം, അതുകണ്ടത് കുറുക്കനെ ആണെന്ന്. നായാട്ടിന് വളരെ സമര്‍ത്ഥന്മാരായ നായ്ക്കളും അല്ലാത്തോറ്റയുമുണ്ട്. കാട്ടുപന്നിയെ പിടിക്കാന്‍ നല്ല വശതയുള്ള നായ്ക്കള്‍ക്കേ പറ്റൂ. വലിയ പന്നിക്ക് എതാണ്ട് ഇരുന്നൂറ് കിലോ വരെ തൂക്കം കാണും. നായ്ക്കള്‍ പന്നിയുടെ പിന്നാലെ പള്ളക്ക് പറ്റിയാണ് മണ്ടുക. ഓട്ടത്തില്‍ പന്നീടെ വാലോ വൃഷണമോ കടിക്കും. ആ കടി വിടില്ല. അപ്പോ പന്നി പിന്‍കാല് മടക്കി മൂട് നിരക്കി മുന്നോട്ടുനടക്കും. നായ അപ്പോള്‍ പന്നിയുടെ ചെവി കടിക്കും. പന്നി എണീറ്റ് പായും. ആ പാച്ചിലില്‍ നായക്ക് ഒരു പ്രയോഗമുണ്ട്; വിശേഷമാണത്. പന്നി തലകുത്തി മറിയുന്നത് കാണാം. അപ്പോഴേക്കും നായാട്ടുകാര്‍ ചെന്ന് പന്നിയെ കുന്തംകൊണ്ട് കുത്തി ഒതുക്കും. വശതയില്ലാത്ത നായ്ക്കള്‍ ചെലപ്പോ പന്നീടെ മുന്നിലേക്ക് ചെല്ലും. ചായപ്പീടിക കുഞ്ഞികൃഷ്ണന്‍നായരുടെ ഒരു പാണ്ടന്‍ നായേടെ കയ്യ് പന്നീടെ വായില്‍പ്പെട്ടു. പന്നി അത് കടിച്ചെടുത്തുകൊണ്ടോയി. ആ നായ കുറേ കഴിഞ്ഞ് മൂന്നുകാലും വെച്ച് നായാട്ടുകാരുടെ പിന്നാലെ വരുന്നതും കണ്ടിട്ടുണ്ട്. ശ്വാനഹൃദയം അങ്ങനെയാണ്. പിന്നാക്കം വെയ്ക്കില്ല. ഇരയെ ഓടിച്ചിട്ട് കടിച്ച നായ മരണംവരെ ആ സൊഭാവം കാട്ടും. മാനിനെ ഓട്ടത്തില്‍ ജയിക്കാന്‍ നായ്ക്കളെക്കൊണ്ടാവില്ല. പക്ഷേ നായ്ക്കള്‍ വിടില്ല. മാന്‍ പോയവഴിക്ക് മണം പിടിച്ച് ഓടിക്കൊണ്ടേയിരിക്കും. മാന്‍ ഒടുവില്‍ കിതച്ചുനിന്നാല്‍ നായ്ക്കള്‍ അതിനെ വളയും. വേട്ടക്കാരന്‍ അവിടെ എത്തുംവരെ നായ്ക്കള്‍ മാനിനെ പിടിച്ചുവെക്കും. വേട്ടക്കാരുടെ കൈയില്‍ കുന്തമുണ്ടാവും. ഇരുമ്പുകെട്ടി കൂര്‍പ്പിച്ചതാവും അത്. അറ്റം മുളയുടെ ഇലപോലെ പരന്ന് കൂര്‍ത്തതാവും. അതുകൊണ്ട് കുത്തിയാണ് മൃഗത്തെ ഒതുക്കുക. കാട്ടുപോത്തിനെയൊക്കെ പിടിക്കാന്‍ വെടിവെക്കുകയാണ് ഉത്തമം. നായ്ക്കളെക്കൊണ്ട് കൂട്ട്യാല്‍ പറ്റില്ല. അവന്‍ കാലോണ്ടൊരു തട്ടുതട്ടിയാല്‍ നായ ഫുട്‌ബോള് തെറിക്കണതുപോലെ തെറിച്ചുപോവും. എന്നാലും നായ്ക്കള് പോത്തിനെ കണ്ടാല്‍ ഒഴിക്കില്ല.

വെസ്‌ലി റിച്ചാര്‍ഡ് എന്ന ഒരു തോക്കുണ്ടായിരുന്നു മനയ്ക്കല്. 45 ഇഞ്ച്. ദൂരേക്കൊന്നും അത്ര പോര. വേറൊരു വിഞ്ചസ്റ്റര്‍ റൈഫിളുണ്ടായിരുന്നു. നയന്റീഫൈവ് മോഡല്‍. നയന്റീഫൈവ് എന്നുവെച്ചാല്‍ 1895. ആ വിഞ്ചസ്റ്ററുണ്ടല്ലോ ട്രിഗറുമ്മെ വിരലുതൊട്ടാല്‍ നമ്മളുന്നംവെച്ച സാധനം എത്ര അകലെയായാലും പഴം വീഴണപോലെ വീഴും. സംശല്ല്യ. ഫ്രഞ്ച് ബ്രൗണിങ്ങിന്റെ ഒരു റിവോള്‍വറും മനയ്ക്കല്‍ കണ്ടിട്ടുണ്ട്. ഹൈപവറാ. പതിമൂന്ന് ബുള്ളറ്റ് നിറയ്ക്കാം അതില്. അതൊന്നും വേട്ടയ്ക്ക് പറ്റില്ല്യാട്ടോ. തൊട്ടടുത്തുള്ള വല്ല വസ്തുക്കളേം വെടിവെയ്ക്കാമെന്നല്ലാതെ വല്ല്യേ പ്രയോജനം ഒന്നൂല്ല്യ. ദൂരേയ്ക്ക് ഷോട്ട് പോണെങ്കില് ബാരലിന് നീളം വേണം. ഞാന്‍ നിരവധി പോത്തിനെ ഷൂട്ട് ചെയ്തിട്ടുണ്ട്.

കാട്ടുപോത്തിനെ വെടിവെച്ചിട്ടാല്‍ പിന്നെ ഒരു പ്രയോഗമുണ്ട്. ഉടനെ ചെന്ന് കണ്ഠനാളം മുറിക്കണം. ചോര മോട്ടോര്‍ പമ്പിന്ന് ചീറ്റണപോലെയാണ് ചീറ്റുക. ആ ചോര കോട്ടിക്കുത്തിയ പാളയില്‍പിടിച്ച് തലയിലൂടെ അഭിഷേകം നടത്തും. ഷീരധാരപോലെ രക്തധാര. വാതകോപത്തിന് നല്ലതാണത്രേ അത്. യുവത്വം നിലനിര്‍ത്താനും നന്ന്. ഞാന്‍ നിരവധി തവണ രക്തധാര ചെയ്തിട്ടുണ്ട്. അതുകൊണ്ടൊക്കെയാവണം ഇപ്പോ വയസ്സെഴുപത്തെട്ട് കഴിഞ്ഞിട്ടും തടിക്കു കോട്ടമൊന്നും പറ്റിട്ടില്ല്യ.

ചെരപ്പറമ്പിലെ കുഞ്ഞാമന്‍, കുട്ടിമോന്‍, വെട്ടത്തിലെ ഗോപാലന്‍ നായര്, പയങ്കലോടത്തെ രാമന്‍നായര്, ചായപ്പീടിക കുഞ്ഞിഷ്ണന്‍ നായര്, പള്ളത്ത് കുഞ്ഞുട്ടന്‍ നായര്, ചാത്ത എന്നിവര്‍ ക്കൊക്കെ നായാട്ടുനായ്ക്കളുണ്ടായിരുന്നു. നായ്ക്കളുടെ ഒപ്പം മണ്ടാന്‍ ചാത്ത വിദഗ്ധനാണ്. മനയ്ക്കല് പയ്യിനെ നോക്കലാണ് ചാത്തേടെ പകലത്തെ പണി. ചെലപ്പോ ചാത്ത ആരോടും പറയാതെ നായേനിം പിടിച്ച് ഒറ്റക്ക് കാട്ടില്‍ പോകും. നായാടിക്കിട്ടിയ ഇറച്ചി ആര്‍ക്കും പങ്കുവെക്കണ്ടല്ലോ എന്ന് കരുതീട്ടാവും. ചാത്ത ഇപ്പോഴും ഇല്ലത്തെ പണിക്കാരനാണ്. അന്ന് ധാരാളം പശുക്കളുണ്ടായിരുന്നു. മാധവന്‍നായരുടെ അസിസ്റ്റന്റായിരുന്നു ചാത്ത. എല്ലാവരും കൂട്ടം കൂടിയാണ് നായാട്ടിന് പോവുക. എന്നാല്‍ നമ്പൂതിരിമാരായി ഞങ്ങള്‍ രണ്ട് പേര് മാത്രമേ ഉണ്ടാവാറുള്ളൂ. ആറാമ്പ്‌രാന് നായാട്ടിന് നല്ല സാമര്‍ത്ഥ്യം ഉണ്ടായിരുന്നു. അതുപോലെ എത്രനേരം ഓടിയാലും ചാടിയാലും തളരില്ല അദ്ദേഹം. ഞങ്ങള്‍ക്ക് മൃഗങ്ങളുടെ മാംസത്തിനുവേണ്ടിയായിരുന്നില്ല നായാട്ട്. ഒരു കമ്പം അത്രതന്നെ.

ഒരിക്കല്‍ പയങ്കലോടത്തെ രാമന്‍ നായരുടെ ചൊക്കന്‍ നായ ഒരു പന്നീടെ പിന്നാലെ പാഞ്ഞു. നായ്ക്കളും ഞങ്ങളും പിന്നാലെ പാഞ്ഞു. കുറേ ചെന്നപ്പോള്‍ നായേനേം പന്നീനേം കാണാനില്ല്യ. രാത്രിയാണ്. ചെറിയ കാട്ടുവെളിച്ചം മാത്രമെ ഉള്ളൂ. മറ്റ് നായ്ക്കളൊക്കെ പന്നീടെ പിന്നാലെ പാഞ്ഞു മടങ്ങിവന്നു. അതിലൊന്നും രാമന്‍നായരുടെ ചൊക്കനില്ല. എല്ലാവരും തിരഞ്ഞ് തിരഞ്ഞ് തോറ്റു. വല്ല പുലീം കൊണ്ടോയോന്നായി സംശയം. അങ്ങനെ വരാന്‍ വഴിയില്ലെന്നായി രാമന്നായര്. പെട്ടെന്നാണല്ലോ നായ അപ്രത്യക്ഷമായത്. രാമന്നായര് കരയാനുള്ള വട്ടത്തിലായി. ഇന്റെ കുട്ട്യോളില് ഒരുത്തനാണെങ്കി പൊയ്‌ക്കോട്ടേന്ന് വെച്ചേര്‍ന്നു ഞാന്‍, അതല്ലല്ലോ എന്ന് പറഞ്ഞ് ഒരു പാറപ്പുറത്ത് കേറി കെടപ്പായി. അപ്പോ ചാത്ത ഓടിവന്ന് പറഞ്ഞു. തമ്പ്രാക്കളെ അവടെ ഒരു പൊട്ടക്കെണറ്റീല് നായേടെ നെലോളി കേക്കാനുണ്ട് എന്ന്. എല്ലാരുംകൂടെ അങ്ങോട്ട് പാഞ്ഞു. പൊട്ടക്കെണറ്റിന്റെ ചുറ്റിലും നിന്ന് കീഴ്‌പോട്ട് നോക്കി. ഒന്നും കാണാനില്ല. കൂമുള്ളും പൊന്തയും കാടുപിടിച്ച് കിണറ്റിന്റെ ഉള്ളുകാണാന്‍ വയ്യ. എന്നാല്‍ നായേടെ മൂളലും ഞരക്കോം കേള്‍ക്കാനുണ്ട്. ആരാ കെണറ്റിലെറങ്ങി നായേ കേറ്റുക എന്നായി ആലോചന. ആര്‍ക്കുമാര്‍ക്കും ധൈര്യം പോരാ. കെണറിന് എത്ര ആഴം ഉണ്ടെന്നറിയാന്‍ കല്ലെടുത്തിട്ടു നോക്കി. ശബ്ദം മേല്‍പ്പോട്ടേക്ക് കേള്‍ക്കാനില്ല. വലിയ കല്ലെടുത്ത് ഇടാനും വയ്യ. നായ അടീല് കെടക്കണതല്ലേ. കൂടാതെ വല്ല ഇഴജന്തുക്കളും കെണറ്റില് വീണ് കിടക്കുന്നുണ്ടെങ്കിലോ എന്ന ശങ്ക വേറെയും. അപ്പോ ആറാമ്പ്‌രാന്‍ പറഞ്ഞു, എന്താ സുപ്ലാ ചെയ്യാ നമ്മള്, രാമന്നായരുടെ സങ്കടം കാണാന്‍ വയ്യല്ലോ എന്ന്. ആറാമ്പ്‌രാന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ കിണറ്റിലിറങ്ങാന്‍ തയ്യാറായി. എന്റെ ഭാവംകണ്ട് എല്ലാര്‍ക്കും ഉഷാറായി. ഉടനെ നായ്ക്കളെ പിടിക്കുന്ന കയറെല്ലാം കൂട്ടിക്കെട്ടി ഒരു കമ്പപോലെയാക്കി അത് കിണറ്റിലേക്കിട്ടു. പക്ഷേ, കിണറ്റില്‍ കയര്‍ ഇറങ്ങുന്നില്ല. അത് പൊന്തക്കാട്ടില്‍ കുടുങ്ങിപ്പോവുകയാണ്. ഒടുവില്‍ ആരോ ഒരു മരത്തിന്റെ കൊമ്പ് എടുത്തുകൊണ്ടുവന്നു. അതുമ്മെ കയറുചുറ്റി കിണറിന് മുകളില്‍ കുറുകെയായി പൊക്കിപ്പിടിച്ചു. പത്തുപതിനഞ്ചുപേരുണ്ടാകും കൊമ്പുതാങ്ങാന്‍. ഞാന്‍ കയറില്‍ ഞാന്നു. ആള്‍ക്കാരെല്ലാം കൂടി കൊമ്പു പതുക്കെ പതുക്കെ തിരിച്ച് എന്നെ കിണറ്റിലേക്കിറക്കി. പോകുന്ന പോക്കില്‍ ശരീരത്തിലൊക്കെ മുള്ളും ചെടികളും കോറുന്നുണ്ടായിരുന്നു. നല്ല ആഴമുണ്ടായിരുന്നു കെണറിന്. ഏതോ ഭൂതം കുത്തിയ കെണറാണത്രെ അത്. താഴെ ചെന്നപ്പോള്‍ നായ വെള്ളത്തില്‍ കാലിട്ടടിക്കുന്ന ശബ്ദം കേട്ടു. എന്നെ കണ്ടിട്ടാവണം അത് എണക്കത്തില്‍ ശബ്ദമുണ്ടാക്കി. ഞാന്‍ പതുക്കെ അരയില്‍ തിരുകിവെച്ചിരുന്ന കയറെടുത്ത് നായയുടെ അരയില്‍ കുടുക്കി. ഞാന്‍ കയറിയതിനുശേഷം എല്ലാവരും കൂടി പെട്ടന്നതിനെ വലിച്ചുകയറ്റി. രാമന്നായര്‍ക്ക് അപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വിഷമമാണ്. നായേനെ കെട്ടിപ്പിടിക്കലും ഉമ്മവെയ്ക്കലും തന്നെ. നാരായണന്‍ നമ്പൂരി ഇല്ലാര്‍ന്നെങ്കി എന്റെ മോന്‍ കയ്യീന്നു പോയേര്‍ ന്നല്ലോ എന്ന് പറഞ്ഞു കാല്ക്കല്‍ നമസ്‌കരിക്കാന്‍ വന്നു. അന്നെനിക്ക് പത്തുപതിനെട്ട് വയസ്സ് പ്രായം കാണും. ശരീരത്തിന് നല്ല ക്ഷമത ഉണ്ടായിരുന്നു. മനസ്സോണ്ട് നിരീച്ചത് ശരീരം ചെയ്‌തോളും, കളരിയില്‍ ദിവസവും പയറ്റിയതിന്റെ ഗുണമായിരുന്നു അത്.

കളരിപ്പയറ്റും നായാട്ടുമായി നടക്കുന്ന അക്കാലത്ത് പല താമാശകളും ഉണ്ടായിട്ടുണ്ട്. എന്നും പൂമുള്ളിയില്‍ ധാരാളം സന്ദര്‍ശകരുണ്ടാവും എന്നു പറഞ്ഞല്ലോ. അതില്‍ പണ്ഡിതന്മാര്‍, പരദേശികള്‍, സംഗീതക്കാര്‍, വാദ്യപ്രയോഗക്കാര്‍, യോഗികള്‍ അങ്ങനെ പലതരക്കാരും കാണും. വെറുതെ ദേശാടനം ചെയ്യുന്നവരുമുണ്ടാകും. ഒരിക്കല്‍ പൂമുള്ളിയില്‍ ഭാഗവതം വായന നടക്കുകയാണ്. തൃപ്പൂണിത്തുറയിലോ മറ്റോ ഉള്ള നമ്പൂതിരിയാണ് വായിക്കുന്നത്. നല്ല ഭക്ഷണപ്രിയനായിരുന്നു. തെക്കേ കെട്ടിലാണ് വായന. അന്തര്‍ജ്ജനങ്ങള്‍ക്കും മറ്റും ഇരിക്കാന്‍ പ്രത്യേക സംവിധാനമുണ്ട്. പുരുഷന്മാര്‍ വായിക്കുന്ന ആളിന്റെ തൊട്ടുമുന്നിലായി ഇരിക്കും. ഒരു ദിവസം ഉച്ചയൂണിന്റെ നേരത്ത് ഞങ്ങള്‍ക്ക് ഒരു തമാശ തോന്നി. വായിക്കുന്ന നമ്പൂരി കുറച്ചു വയസ്സായിട്ടുള്ള ആളാണ്. ഇത്രയും കാലം വായിച്ചിട്ടുണ്ടെങ്കില്‍ പിന്നെന്തിനാണ് പുസ്തകം നോക്കുന്നതെന്ന് ഞാന്‍ ആറാമ്പ്‌രാനോട് ചോദിച്ചു. കാണാതെ ചൊല്ലി സാരം പറഞ്ഞൂടേ. അങ്ങനെയും ആവാം എന്ന് അദ്ദേഹം പറഞ്ഞു. വായിക്കാനുള്ള ഭാഗവതപുസ്തകം മരംകൊണ്ടുളള ഒരു സ്റ്റാന്റിലാണ് നിവര്‍ത്തിവെക്കുക. ഉച്ചയൂണിന്റെ സമയത്ത് എല്ലാവരും എണീറ്റുപോയപ്പോള്‍, ഞാനാ ഭാഗവതമെടുത്തുമാറ്റി പകരം അതേപോലെ തോന്നിക്കുന്ന ചട്ടയും മട്ടുമുള്ള വേറൊരു പുസ്തകം അവിടെ കൊണ്ടുവച്ചു. അത് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയായിരുന്നു. അതു വേണോ എന്ന് ആറാമ്പ്രാന്‍ ചോദിച്ചു. എന്താ ഉണ്ടാവാന്ന് നോക്കാലോന്ന് ഞാനും പറഞ്ഞു. നമ്പൂതിരി ഉച്ചയൂണ് കഴിഞ്ഞ് ലഘുവായൊരു മയക്കത്തിനുശേഷം കാലും മുഖവും കഴുകി വന്ന് വീണ്ടും വായിക്കാനിരുന്നു. ചില ഹരികഥകളൊക്കെ പറഞ്ഞശേഷം ശ്ലോകം വായിക്കാന്‍ പുസ്തകത്തിലേക്കു നോക്കി. സംശയം തീര്‍ക്കാന്‍ കണ്ണടയെടുത്തുവച്ച് വീണ്ടും വീണ്ടും കുമ്പിട്ടു നോക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ പതുക്കെ സ്ഥലം വിട്ടു. അതു വലിയ കോലാഹലമായി. വായിക്കാന്‍ വന്ന ആളെ അപമാനിച്ചു എന്നൊക്കെ പറഞ്ഞ് ആക്ഷേപമായി. പിന്നെ അച്ഛന്‍ നമ്പൂതിരി അറിയാതെ പാവേരി മനക്കലെ ഓതിക്കനൊക്കെ എടപെട്ട് എങ്ങനെയോ വിഷയം തീര്‍ത്തു. വായിക്കാന്‍ വന്ന നമ്പൂതിരിക്ക് ദക്ഷിണയും മുണ്ടുമൊക്കെ പതിവിലും കൂടുതല്‍ കൊടുത്തു സന്തോഷിപ്പിച്ചൂന്നാ കേട്ടത്.

അതുപോലെ മനയ്ക്കല്‍ എവിടന്നോ ഒരിക്കലൊരു സന്ന്യാസി വന്നു. ഒരു സ്വാമിയാര്. വാരം, പിറന്നാള്‍, ദ്വാദശി, ശ്രാദ്ധം എന്നിങ്ങനെയുള്ള ദിവസങ്ങളില് പായസം, പഴം, പപ്പടം എല്ലാം കൂട്ടിയുള്ള സദ്യയുണ്ടാവും. ആ ദിവസങ്ങളില്‍ ആളും കൂടും. ഇത്തരം വിശേഷങ്ങളൊക്കെ കൃത്യമായി ഓര്‍മവെച്ച് എത്തുന്ന ചില ആള്‍ക്കാരുണ്ട്. അവര്‍ തലേദിവസം തന്നെ വന്ന് പത്തായപ്പുരയിലും പടിപ്പുരയിലുമൊക്കെയായി തമ്പടിക്കും. സ്വാമിയാര് വന്നപ്പോഴും അതുപോലെ എന്തോ ഒരു വിശേഷം ഉണ്ടായിരുന്നു. തോളില്‍ ചുവന്ന പട്ടുകൊണ്ടു ള്ളൊരു ഭാണ്ഡക്കെട്ടുമുണ്ടായിരുന്നു. ഹിമാലയത്തിലും ഹൃഷീകേശത്തുമെല്ലാം പോയതും പല യോഗിമാരെ കണ്ടതുമായ കഥകള്‍ ഉറക്കെയുറക്കെ പറഞ്ഞുകൊണ്ടിരിക്കുന്നു. കൂട്ടത്തില്‍ തനിക്കും ചില സിദ്ധികളൊക്കെ ഉണ്ടെന്നും തട്ടിവിടുന്നുണ്ടായിരുന്നു. ആളൊരു ബഡായിക്കാരനാണെന്ന് ഞങ്ങള്‍ കുട്ടികള്‍ക്ക് തോന്നി. രാത്രി കഥകളി നടക്കുമ്പോഴും സ്വാമിയാര് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. കളിയൊക്കെ കഴിഞ്ഞ് എല്ലാവരും കിടന്നുറങ്ങി. പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ സ്വാമിയാരുടെ ഭാണ്ഡക്കെട്ട് കാണാനില്ല. തെരച്ചിലായി, ബഹളമായി. സ്വാമിയാരുടെ ഭാണ്ഡം കാണാനില്ല്യാന്നു പറഞ്ഞ് വാല്ല്യേക്കാരൊക്കെ നാലുപുറത്തും അന്വേഷണം തുടങ്ങി. പലരും പല വഴിക്കും തിരഞ്ഞിട്ടും ഒരു തുമ്പും കിട്ടിയില്ല. സ്വാമിയാര് തളര്‍ന്നു മിണ്ടാട്ടമില്ലാതെ കോലായില്‍ തൂണും ചാരി വിഷണ്ണനായി ഇരിപ്പായി. യഥാര്‍ത്ഥ സന്ന്യാസി ആണെങ്കില്‍ ഭാണ്ഡം പോയാലൊന്നും കുലുക്കം ഉണ്ടാവില്ലായെന്ന് പാവേരി പറഞ്ഞു. എന്താ ചെയ്യാ. അതു പോയീന്നു കൂട്ടിക്കോളൂ എന്ന് സമാധാനിപ്പിച്ച് ആള്‍ക്കാരൊക്കെ പല വഴിക്കുപോയി. പ്രാതലിന് വിളിച്ചിട്ടും സ്വാമിയാര് എണീക്കുന്ന മട്ടില്ല. ഭാണ്ഡത്തില്‍ ദിവ്യശക്തിയുള്ള പല വസ്തുക്കളും ഉണ്ടത്രേ! വലംപിരിശംഖ്, വിശേഷപ്പെട്ടൊരു സാളഗ്രാമം, ചില ഗൂഢശാസ്ത്ര ഗ്രന്ഥങ്ങള്‍, മന്ത്രമോതിരം തുടങ്ങി പലതും. എന്താ ചെയ്യാ. പോയതിന്റെ വിശേഷങ്ങള് പറഞ്ഞിട്ട് കാര്യല്ലല്ലോ എന്നായി പാവേരി. അപ്പോള്‍ കാര്യസ്ഥന്‍ കൃഷ്ണന്‍നായര് വന്നിട്ട് അമ്പലനടയിലുള്ള ആലിന്റെ കൊമ്പത്ത് ഒരു ചോന്ന സാധനം ഞാന്നുകെടക്കണ്ണ്ട് എന്ന് പറഞ്ഞു. എല്ലാവരും അങ്ങോട്ടോടി. ഭാണ്ഡം ആലിന്റെ ഏറ്റവും മുകളിലത്തെ കൊമ്പില്‍ ഏറെ ദൂരെ ആയിരുന്നതിനാല്‍ താഴെ നില്‍ക്കുന്നവര്‍ക്ക് ഒരു പന്തുപോലെയേ കാണാന്‍ കഴിയൂ. ആ ആലിന് എത്ര പഴക്കം ഉണ്ടെന്ന് ആര്‍ക്കും നിശ്ചയമില്ല. കൊമ്പുകളൊക്കെ പൂതലച്ചിരിക്കുന്നു. താഴത്ത് കല്‍ത്തറയും ചെങ്കല്‍പ്പാറ വിരിച്ച മുറ്റവുമാണ്. ആര്‍ക്കും അതുമ്മെകേറാന്‍ ധൈര്യം പോരാ. കൊമ്പൊടിഞ്ഞ് ആള് താഴെവീണാല്‍ കഥ കഴിഞ്ഞതുതന്നെ. ഇത്ര ഉയരത്തുകൊണ്ടോയി ഭാണ്ഡം കെട്ടിയതാരാണ്? സര്‍വരും മൂക്കത്ത് വിരലുവെച്ചു. ഭഗവാന്റെ ഓരോരോ പരീക്ഷണങ്ങളേയ്; പാവേരി പറഞ്ഞു. ഒടുവില്‍ ചാത്തയെ എല്ലാവരുംകൂടി നിര്‍ബന്ധിച്ച് ആലുമ്മെ കയറ്റി. ചാത്ത ഒരു നീളമുള്ള തോട്ടികൊണ്ട് ഒരുവിധം ഭാണ്ഡം വലിച്ച് താഴെയിട്ടു. സാമിയാര് എന്റെ ശംഖ് ഉടഞ്ഞിട്ടുണ്ടാവൂലോ എന്ന് പറഞ്ഞ് ഓടിച്ചെന്ന് ഭാണ്ഡം കെട്ടഴിച്ചു. അപ്പോ അതീന്നൊരു പാമ്പ് പുറത്ത്ചാടി. സാമിയാര് പിന്നാക്കം പാഞ്ഞു. അപ്പോഴാണ് ഞാന്‍ പ്രതിയായത്. നയത്തിലെ നാരായണനല്ലാതെ ഇവിടെ പാമ്പിനെ പിടിച്ച് ഭാണ്ഡത്തിലാക്കണവര് വേറെ ഇല്ല എന്നായി. എനിക്ക് പാമ്പിനെ പിടിക്കുന്ന ശീലം ഉണ്ടായിരുന്നു. നായാട്ടിന് പോയി ശീലിച്ചതാണ്. ഇല്ലത്തും കെട്ടിലുമൊക്കെ ചെലപ്പോ പാമ്പുകയറും. എല്ലാവരും നാരായണാ എന്ന് വിളിച്ച് ഓടിവരും അപ്പോള്‍.

അതുപോലെ ആറാംമ്പ്‌രാന്‍ കോഴിക്കോട്ട് പഠിക്കണ കാലം. എന്നോട് ഉടനെ ചെല്ലണമെന്ന് പറഞ്ഞ് ആളെ അയച്ചു. ഞാന്‍ അവിടെ ചെന്നപ്പളാണ് വിശേഷം അറിയുന്നത്. ആള്‍ക്കാരെയൊക്കെ കടിച്ചുപൊളിക്കണ ഒരു ഊറ്റക്കാരന്‍ നായയെ രണ്ട് ചങ്ങലയ്ക്കിട്ട് കോലായേടെ തൂണുമ്മെ കെട്ടിനിര്‍ത്തീരിക്കുണു. ഒരു വീട് വാടകക്ക് എടുത്തിട്ടാണ് പഠിക്കാന്‍ പോയീര്‍ന്നത്. കുശിനിക്കാരും വാല്ല്യേക്കാരുമൊക്കെ ഉണ്ട്. ആര്‍ക്കും നായേനെ തൊടാന്‍ ധൈര്യല്ല. ആറാം മ്പ്‌രാന് ഇരുപത് വയസ്സുകാണും അപ്പോ. സ്‌പേനിയല്‍ വര്‍ഗത്തിപ്പെട്ടതാണ് നായാന്നു പറഞ്ഞു. പുലി പുലിപോലത്തെ സാധനം. ഒരു സായിപ്പിന്റെ കയ്യിന്ന് വാങ്ങിച്ചതാണ്. അതിനെ ഉടനെ ഇല്ലത്തെത്തിക്കണം. അതിനാണ് എന്നോട് ചെല്ലാന്‍ പറഞ്ഞത്. ഞാനും ആറാംമ്പ്‌രാനുംകൂടി അതിനെ മുന്നിലും പിന്നിലുമായി ചങ്ങലക്കിട്ട് പിടിച്ച് റെയില്‍വേസ്റ്റേഷനില്‍ ചെന്നു. അതുപോലെ വലിച്ചുപിടിച്ച് തന്നെ തീവണ്ടീല് കയറ്റി. പട്ടാമ്പീല് വന്നിറങ്ങി ഞങ്ങള്‍ മുന്നിലും പിന്നിലും നായയെ പിടിച്ചു നടത്തിച്ച് ഇല്ലത്തിനടുത്തുള്ള ബാങ്കുകെട്ടിടത്തില്‍ കൊണ്ടുവന്നുകെട്ടി. ആറാംമ്പ്‌രാന്റെ ഏട്ടന്‍ നമ്പൂതിരി തൊടങ്ങിയ ബാങ്കായിരുന്നു അത്. പിന്നെ ബാങ്ക് നിര്‍ത്തി. ആ കെട്ടിടമായിരുന്നു ആറാംമ്പ്‌രാന്റെ ക്യാമ്പ്. അവിടെ ചായ, കാപ്പി എന്നിവ ഉണ്ടാക്കാനുള്ള ഏര്‍പ്പാടൊക്കെ ഉണ്ടായിരുന്നു. അന്നൊക്കെ ചായ കുടിക്ക്യാന്നുവെച്ചാല്‍ എന്തോ അപരാധം ചെയ്തപോലെയാണ് പറയുക.

ആരോടും ഇണങ്ങാത്ത ആ നായ ഇല്ലങ്ങളിലുള്ള ഒട്ടുമിക്ക ആള്‍ക്കാരേം കാര്യസ്ഥന്മാരേയും കടിച്ചിട്ടുണ്ട്. ഓരോ ദിവസം നേരം വെളുക്കുമ്പോള്‍ പാവേരി ചോദിക്കും ഇന്ന് നമ്മടെ സ്​പാനിയല്‍ ആരെയാണ് കടിയ്ക്കണതാവോ? ഒടുവില്‍ ഒരീസം അവന്‍ എന്നെയും കടിച്ചു. ഞാന്‍ അതിന്റെ പിന്‍കാല് കൂട്ടിപ്പിടിച്ച് വട്ടംവീശി ഒരേറുകൊടുത്തു. പിന്നെ അധികം കടി ഉണ്ടായിട്ടില്ല. ചാവാണ് ഉണ്ടായത്. എന്തിനാ കുഞ്ഞപ്പാ ഇങ്ങനെ ഒരു ജന്തൂനെ തീറ്റിപ്പോറ്റണത് എന്ന് എല്ലാവരും ചോദിക്കും. ഇത്ര നിരീച്ചില്ല്യാന്ന് പറഞ്ഞ് ആറാമ്പ്‌രാന്‍ ചിരിക്കും.



അതുപോലെ ഈ ഭാഗങ്ങളിലൊക്കെ കാളപൂട്ട് മത്സരം നടക്കും. ഏറനാടിലും വള്ളുവനാട്ടിലുമുള്ള മുസ്‌ലീം കൃഷിക്കാരും നായന്മാരും തിയ്യരുമായ ആള്‍ക്കാരൊക്കെയാണ് കാളപൂട്ടിന്റെ കമ്പക്കാര്. ഇടത്ത് കാളയും വലത്ത് എരുതും പൂട്ടിയാണ് മത്സരം. വരി ഉടയ്ക്കാത്ത മൂരിയാണ് കാള. വരി ഉടച്ചത് എരുതും. കാള അങ്ങനെ വലുപ്പം വെയ്ക്കാറില്ല. എരുതാണ് വലുതാവുക. ഞങ്ങള്‍ക്ക് കാളപൂട്ടിലും കമ്പംകേറി. ഒരു എരുതിനേം കാളയേയും തീറ്റയൊക്കെ കൊടുത്തു തയ്യാറാക്കി. പാല്‍ക്കോഴി തുടങ്ങിയ മരുന്നുകള്‍ കൊടുക്കും. പാല്‍ക്കോഴി എന്നുവെച്ചാല്‍ ഇടങ്ങഴി പാലില്‍ ഒരു കോഴിയെ ഇടിച്ചുചേര്‍ത്ത് കുമ്പത്തില്‍ കോരി കൊടുക്കുന്നതാണ്. അതുപോലെ അയമോദകം മഞ്ഞള്‍പ്പൊടി ചതകുപ്പ കൊത്തംപാലരി തുടങ്ങിയ മരുന്നുകളുമുണ്ട്. അതൊക്കെ കൊടുത്തു മനയ്ക്കലെ താഴത്തുതന്നെ ഒരു കണ്ടം കെളച്ച് തയ്യാറാക്കി അവറ്റയെ ആറാംമ്പ്‌രാനും ഞാനുംകൂടി ഓടിപ്പിച്ചു ചട്ടാക്കി. പക്ഷേ, ഒരു കുഴപ്പമുണ്ടായി. കാള വലുതാവുകയും എരുത് ചെറുതാവുകയും ചെയ്തു. സാധാരണ കാളപൂഞ്ഞയൊക്കെ വന്ന് ഉരുണ്ടുകൂടിയിരിക്കും. എരുത് കാലുയരംവെച്ച് വലുതാവും. ആള്‍ക്കാരൊക്കെപ്പറഞ്ഞു ഇടത്ത് പൂട്ടണ കാള ചെറുതായില്ലെങ്കില്‍ ഓട്ടം ശരിയാവില്ല്യാന്ന്. എന്തായാലും നമുക്ക് കാണാം എന്ന് പറഞ്ഞ് ഞങ്ങള്‍ കന്നും തെളിച്ച് കാര്യസ്ഥന്‍മാരും തെളിക്കാരുമൊക്കെയായി തൃത്താല തെളിക്കണ്ടത്തില്‍ ചെന്നപ്പോള്‍ അവിടെ അതൊരു വലിയ വിഷയമായി. കാരണം നമ്പൂതിരിമാരാരും കന്നുപൂട്ടിന് വന്ന ചരിത്രം അതിന് മുന്‍പുണ്ടായിട്ടില്ല. പൂണൂലിട്ട നമ്പൂര്യാര് കന്നുപൂട്ടും തൊടങ്ങ്യോന്ന് ഒരു മാപ്ല പരിഹാസം ചോദിച്ചു. തമ്പ്‌രാന്‍ അവന്റെ കയ്യീന്ന് മുടിയങ്കോലുവാങ്ങി ഒന്ന് വീശി. പൂമുള്ളി ആറാമ്പ്രാനാണ് എന്ന് പറഞ്ഞ് ആള്‍ക്കാരൊക്കെ കൂടി. എന്തായാലും നടാടെ കന്നിറക്കിയ ഞങ്ങള്‍ക്കായിരുന്നു ഒന്നാം സമ്മാനം. ഏതു കാര്യത്തിനാണെങ്കിലും ഞാനും കുഞ്ഞപ്പനും മൂന്നാക്കംവെച്ച കാല് പിന്നാക്കംവെച്ചിട്ടില്ല. അതിനുള്ള മെയ്ക്കരുത്തും ഉണ്ടായിരുന്നൂന്ന് കൂട്ടിക്കോളൂ.

ചെറുപ്പത്തിലേ തമ്പ്‌രാന്‍ കഴുങ്കിലെ വീട്ടില്‍ റിംഗും ബാറും ശീലിച്ചിരുന്നു. ബാറില്‍ ഇംഗ്ലീഷ് അക്ഷരം 'ഠ' എഴുതിയപോലെ നില്‍ക്കും. ഒരു തിയ്യനായ രാമചന്ദ്രനായിരുന്നു അതൊക്കെ ശീലിപ്പിക്കാന്‍ വന്നിരുന്നത്. അയാള്‍ വല്ല്യേ അഭ്യാസി ആയിരുന്നു. അങ്ങനെ നായാട്ടും ജിംനേഷ്യവും നടക്കുന്ന കാലത്താണ് ഞങ്ങള്‍ തൃത്താല ടി.ബി.ക്കടുത്തുള്ള മൈതാനത്ത് സി.വി. നാരായണന്‍ നായരുടെ കളരി പ്രദര്‍ശനം കാണാന്‍ പോകുന്നത്. ടിക്കറ്റ് വെച്ചാണ് പ്രദര്‍ശനം. അരയണയോ മറ്റോ ആണ് ടിക്കറ്റ് ചാര്‍ജ്. പ്രദര്‍ശനം കണ്ടപ്പോള്‍ വലിയ അത്ഭുതമായി. എനിയ്ക്കന്ന് പത്തു പന്ത്രണ്ട് വയസ്സേ ഉള്ളൂ. അഭ്യാസികളുടെ മെയ് വഴക്കവും ഉറുമിവീശലും വടിത്തല്ലും ചുരികപ്രയോഗവും എല്ലാം വളരെ കേമമായിരുന്നു. നാരായണന്‍ നായരും അനന്തന്‍ നായരുമായിരുന്നു ആ കളരി പ്രദര്‍ശനത്തിലെ പ്രധാന ഗുരുക്കന്മാര്‍. സി.വി. നാരായണന്‍ നായര്‍ക്ക് മേല്‍ച്ചുണ്ടിനെന്തോ തകരാറുണ്ട്. വര്‍ത്തമാനം പറഞ്ഞാ തിരീല്ല്യാ. അസാരം മദ്യസേവ ഉണ്ടായിരുന്നോ എന്ന് സംശയണ്ട്. അനന്തന്‍നായര് അങ്ങനെയല്ല. അടങ്ങിയ പ്രകൃതാണ്. അദ്ദേഹം തൃത്താല ഭാഗത്ത് നിന്നാണ് വിവാഹം കഴിച്ചിട്ടുള്ളത്.
അന്നത്തെ പയറ്റുപ്രദര്‍ശനം കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ആവേശം കയറി. കുഞ്ഞപ്പന്‍ എന്നോട് പറഞ്ഞു. എന്തായാലും നമുക്ക് ഒരു കളരികെട്ടി പഠിക്കണം. ഇനി അതിനങ്ങട് കൊണ്ട്പിടിക്യാ.
പറ്റിയ ഗുരുക്കളെത്തേടി കൊണ്ടുപിടിച്ച അന്വേഷണം നടന്നു. അനന്തന്‍ നായരെത്തന്നെയാണ് ഒടുവില്‍ തരായത്. മേഴത്തൂര് ഭാഗത്ത് അദ്ദേഹത്തിന്റെ ബന്ധുവായ ഒരു റവന്യൂ ആഫീസറുണ്ടായിരുന്നു. അടുത്ത പ്രശ്‌നം കളരി എവിടെ കെട്ടും എന്നുള്ളതായി. അതിനും പറ്റിയ ഒരു സ്ഥലം കണ്ടുപിടിച്ചു. പൂമുള്ളിക്കാര്‍ കഴുങ്കിലെ നായന്മാരുടെ വീടും സ്ഥലവും വാങ്ങി ആ സ്ഥലം പശുക്കളെ വളര്‍ത്താനും മറ്റുമായി ഉപയോഗിച്ചിരുന്നു. വലിയ ഒരു പതിനാല് കള്ളി തൊഴുത്തുനിറയെ പശുവും കിടാങ്ങളുമാണതില്‍. ഒരു നാലുകെട്ടു വീടുമുണ്ട്. അതില്‍ പണിക്കാരും വാല്ല്യക്കാരുമൊക്കെയാണ് താമസം. പിന്നെ ആ സ്ഥലം മനയ്ക്കല്‍നിന്ന് അല്പം ദൂരെയാണ്. അവിടെ കളരി കെട്ടിയാല്‍ അച്ഛന്‍ നമ്പൂതിരി അറിയുകയുമില്ല.

കളരിക്ക് വേണ്ടതായ കാര്യങ്ങളൊക്കെ അനന്തന്‍ ഗുരുക്കള്‍ പറഞ്ഞുതന്നു. കുഴിക്കളരിയാണ് 42 അടി നീളം, 21 അടി വീതി, രണ്ടുകോല് ആഴം. അതിന്റെ പണിയൊക്കെ വേഗം നടന്നു. കളരിയും തുടങ്ങി. ആറാമ്പ്‌രാന്‍, ഞാന്‍, പിന്നെ തെക്കേടത്ത് മനയ്ക്കലെ നാരായണന്‍ നമ്പൂതിരി, രാമപ്പന്‍ അങ്ങനെ നാലുപേരാണ് ആദ്യത്തിലുണ്ടായിരുന്നത്. ഒരു മേടമാസത്തിലായിരുന്നു കളരി തുടങ്ങിയത്. ഒന്നുരണ്ട് മാസം കഴിഞ്ഞപ്പോള്‍ കാലവര്‍ഷം തുടങ്ങി. കളരിയിലൊക്കെ വെള്ളം കയറി. അനന്തന്‍ നായര്‍ക്കാണെങ്കില്‍ വേറെയും ചിലയിടത്തൊക്കെ കളരിയുണ്ട്. അദ്ദേഹം അവിടെയൊക്കെ ചുറ്റിനടക്കും. കഴുങ്കിലെ കളരിയില്‍ വെള്ളം കയറിയപ്പോള്‍ അവിടേക്ക് അദ്ദേഹം വരാതെയായി. കുഞ്ഞപ്പന് വളരെ നിരാശയായി.

കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ വേറൊരു ഗുരുക്കള്‍ വരവൂര് കപ്ലിം കാടുമനക്കല്‍ ഉഴിച്ചിലിനും മറ്റുമായി വന്നിട്ടുണ്ട് എന്ന് കേട്ടു. അപ്പനമ്പ്യാര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഞങ്ങള്‍ അദ്ദേഹത്തെപോയി കണ്ടു. തലശ്ശേരി തിരുവങ്ങാട് സ്വദേശിയാണ്. അപ്പനമ്പ്യാര്‍ വരാമെന്നേറ്റു. അങ്ങനെയാണ് ഇപ്പോഴത്തെ കളരി ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ അഗ്രശാലയില്‍ തുടങ്ങുന്നത്. ഇപ്പോഴും അത് നിലനില്‍ക്കുന്നുണ്ട്.

ഇന്നത്തെപ്പോലെയല്ല അന്നത്തെ അവസ്ഥ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നമ്പൂതിരിമാര് കളരികെട്ടി പയറ്റുപഠിക്ക്യാന്നൊക്കെ വെച്ചാല്‍ അത് പതിത്തം കല്പിക്കാവുന്ന കുറ്റമാണ്. അക്കാലത്ത് നമ്പൂതിരിമാര് ആയുധം എടുത്തുള്ള പ്രവര്‍ത്തികളൊന്നും ചെയ്യുകയില്ല. വടക്ക് മട്ടന്നൂര് മധുസൂദന തങ്ങള്‍ എന്ന് ഒരു നമ്പൂതിരിക്കളരി ഉണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. തങ്ങള്‍ എന്നത് സ്ഥാനപ്പേരായിരിക്കണം. അവര്‍ നാടുവാഴികളായിരുന്നുവത്രേ. ചിലപ്പോള്‍ നാടുവാഴികള്‍ തമ്മിലുള്ള കലഹത്തെ തുടര്‍ന്ന് ഏതെങ്കിലും സന്ദര്‍ഭത്തില്‍ ആയോധനം ശീലിക്കാന്‍ തുടങ്ങിയതാവണം. എന്നാല്‍ ഇവിടെ അങ്ങനെയല്ല. ആറാമ്പ്‌രാന്റെ കമ്പം തന്നെയാണ് കാരണം. അത് വെറും കമ്പമൊന്നുമല്ല. ദിവസവും രാവിലെ മൂന്നുമണിക്കൂറില്‍ കുറയാതെ മെയ്യടക്കം പയറ്റണം. വൈകിട്ട് ഒറ്റ പയറ്റണം. അത് രണ്ടുമൂന്നുമണിക്കൂര്‍ പയറ്റും. അങ്ങനെ പത്തുപന്ത്രണ്ട് കൊല്ലം. അതുകഴിഞ്ഞിട്ട് ഒറ്റയില് കയറ്റം പയറ്റീട്ടുണ്ട്. ഞാനും ആറാമ്പ്‌രാനും. നെലവെച്ചും പയറ്റീട്ടുണ്ട്. നെലവെച്ചു പയറ്റുക എന്നുപറഞ്ഞാല്‍ നമ്മള് പി.എച്ച്. ഡി. എന്നൊക്കെ പറയില്ലേ അതിലും കൂടിയ കാര്യമാണ്. പഠിച്ച വിദ്യയ്ക്കപ്പുറം കടക്കുന്ന പണിയാണത്. നമ്പൂതിരിമാര്‍ക്കൊന്നും ശരീരം വിയര്‍ത്തിട്ടുള്ള ഇത്തരം പണികളൊന്നും പറ്റില്ല്യ. അതൊക്കെ അധമമാണ് എന്ന് പറഞ്ഞ് ഒഴിയും. പിന്നെ നിഷിദ്ധം എന്നൊരു നിയമവും ഉണ്ടാക്കും. ആ വിലക്കുകളൊക്കെ മറികടന്ന് പോയവരാണ് ഞാനും, രാമപ്പനും കുഞ്ഞപ്പനും. രാമപ്പന്‍ കളരിക്കും മറ്റും വരാറുണ്ടെങ്കിലും അദ്ദേഹത്തിന് ചിത്രകല, സംഗീതം, ടെന്നീസ് മുതലായവയിലായിരുന്നു കമ്പം. ആറാമ്പ്‌രാന്‍ മരണംവരെ ഓരോ വിഷയങ്ങള്‍ പഠിച്ചുശീലിച്ചുകൊണ്ടേ ഇരുന്നു. എനിക്ക് കളരീം നായാട്ടും വരെ ചെല്ലാനേ കഴിഞ്ഞുള്ളൂ. ഇപ്പോഴും കളരിയില്‍ പോകും. ഞങ്ങള്‍ അധ്വാനിച്ചപോലെ അധ്വാനിക്കാനൊന്നും ഇപ്പോഴത്തെ കുട്ടികളെക്കൊണ്ടാവില്ല. അവര്‍ക്ക് ആറുമാസംകൊണ്ട് എല്ലാം പഠിക്കണം. പതിനാറുകൊല്ലം ദിവസേന ആറുമണിക്കൂര്‍ പയറ്റിയിട്ടും ഒറ്റ പയറ്റാന്‍ ആയോ എന്ന് ചോദിച്ചാല്‍ നോക്കാം എന്നേ പറയാന്‍ തോന്നിയിട്ടുള്ളൂ.

പത്തുമുപ്പത് വയസ്സായപ്പോള്‍ ഞാന്‍ ചിറ്റൂര് കളത്തില് കൃഷിനടത്തിക്കാന്‍ പോയി. അവിടെ അഞ്ഞൂറ് പറയ്ക്ക് നെല്‍കൃഷി ഉണ്ടായിരുന്നു. പത്ത്പന്ത്രണ്ട് കൊല്ലം അവിടേയും കളരിയും നായാട്ടും കൃഷി കാര്യസ്ഥതയുമുണ്ടായി. ഭൂനിയമം വന്നപ്പോള്‍ അതൊക്കെ ഇല്ലാതായി. പിന്നെ കോയമ്പത്തൂര്‍ ആര്യവൈദ്യ കോളേജില്‍ കുട്ടികളെ കളരിയും ഉഴിച്ചിലും മര്‍മ്മചികിത്സയും പഠിപ്പിക്കാന്‍ പോയി. അഞ്ചുപത്തുകൊല്ലം അവിടേയും കഴിച്ചുകൂട്ടി. സിനിമാനടന്‍ മോഹന്‍ലാലൊക്കെ അവിടെ ഉഴിയാനും ചികിത്സിക്കാനുമൊക്കെയായി വന്നിട്ടുണ്ട്. ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നു. നയത്തില്‍ നാരായണന്‍ എന്ന് പ്രാസമൊപ്പിച്ച് പറയാം. രാമപ്പനും ആറാമ്പ്‌രാനും ഇല്ലാത്ത ഈ മണ്ണ് വിരസമാണ്. ഞാനാണെങ്കില്‍ വിവാഹം കഴിക്കാനും വിട്ടുപോയി. ഒഴിവുള്ള സമയമാണധികവും. അമ്പലത്തിന്റെ നടയില്‍ ചെന്ന് ഓരോന്ന് ഓര്‍ത്ത് അങ്ങനെ ഇരിക്കും. ശ്രീധരന്‍നായരും പാവേരി വാമനന്‍ നമ്പൂതിരിയുമൊക്കെയായി വെടിവട്ടം ഉണ്ടാവും. അങ്ങനെ നേരം പൊയ്‌ക്കോണ്ടിരിക്കുന്നു; മെല്ലെമെല്ലെ.
(ആറാംതമ്പുരാന്‍ എന്ന പുസ്തകത്തില്‍ നിന്ന്)
 
archive : http://www.mathrubhumi.com/books/story.php?id=806&cat_id=509
 
 

ദൈവ ദശകം (Daiva Dasakam)

ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളേ;
നാവികന്‍ നീ ഭവാബ്ധിക്കോ‌-
രാവിവന്‍തോണി നിന്‍പദം.

ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം.

അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.


ആഴിയും തിരയും കാറ്റും-
ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം.


നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി-
യ്ക്കുള്ള സാമഗ്രിയായതും


നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെനീക്കി -
സായൂജ്യം നല്‍കുമാര്യനും.


നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.


അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിയ്ക്കുക.


ജയിയ്ക്കുക മഹാദേവ,
ദീനാവന പരായണാ,
ജയിയ്ക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിയ്ക്കുക.


ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.


ശ്രീ നാരായണ ഗുരു രചിച്ചത്

Meaning in English

Daiva Dasakam - Ten Verses To God

O God! Do Thou grand us, and forsake us not;

Thou art sailor across the sea of suffering

Thy Feet a Mighty Steam boat.


One by One, when all have been told,

as none is left over, Save the teller

So may the inner Self, be firmly fixed in Thee!


Giver of never failing gifts of food

and clothing and other things,

Our Guardian, Thou , Who enriches our lives

Thou, and thou alone art, to us O! Lord.


Like the sea and the waves and the wind

and the deep may we and the great illusion and Thy Might and Thyself

be comprehended by me!


In 2009 the Kerala state government recommended that it should become the national prayer of India.