Saturday, September 17, 2011

ഭരതന്‍ : ജീവിതം :



Posted on: 10 Jan 2010


1946 നവംബര്‍ 14-ാം തിയ്യതി പരമേശ്വരന്‍ നായരുടേയും കാര്‍ത്യായനിയമ്മയു ടെയും മകനായി ജനിച്ചു. രണ്ടു സഹോദരിമാരുണ്ട്. വടക്കാഞ്ചേരി ഗവണ്‍ മെന്റ് സ്‌കൂളില്‍ പഠനം. തുടര്‍ന്ന് തൃശ്ശൂര്‍ ആര്‍ട്‌സ് കോളേജില്‍ ചേര്‍ന്നു. പിതൃസഹോദരനും കലാസംവിധായകനും പരസ്യചിത്രകാരനുമായ പി.എന്‍. മേനോന്റെ കാലടികള്‍ പിന്തുടര്‍ന്ന് മദിരാശിയില്‍ സിനിമയുടെ ലോകത്തിലെത്തി. ആദ്യം പി.എന്‍. മേനോന്റെ സഹായിയായും പിന്നീട് സ്വതന്ത്ര നിലയിലും ചിത്രകാരനായും പരസ്യകലാകാരനായും കലാസംവിധായകനായും പ്രവര്‍ത്തിച്ചു. സംവിധായകന്‍ എ. വിന്‍സന്റാണ് പോസ്റ്റര്‍ ഡിസൈനിംഗിലും കലാസംവിധാനത്തിലും ആദ്യ അവസരങ്ങള്‍ ലഭിക്കുവാന്‍ നിമിത്തമായത്. ഉദയായുടെ 'ഗന്ധര്‍വക്ഷേത്ര'മായിരുന്നു ആദ്യചിത്രം. സംവിധാനസഹായിയായി ഒരേയൊരു ചിത്രത്തില്‍ മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അതും വിന്‍സന്റിനോടൊപ്പംതന്നെ. ചിത്രം ചെണ്ട. കലാസംവിധായകന്‍ എന്ന നിലയിലും പരസ്യകലാകാരന്‍ എന്ന നിലയിലും ഏറെ ശ്രദ്ധേയനായി. പല പോസ്റ്റര്‍ ഡിസൈനുകളും പിന്നീടുവന്നവര്‍ക്ക് മോഹിപ്പിക്കുന്ന മാതൃകകളായി.


1975ല്‍ സ്വയംനിര്‍മാതാവായി സ്വതന്ത്ര സംവിധായകന്റെ മേലങ്കിയണിഞ്ഞു. ചിത്രം: പ്രയാണം. വയലാര്‍-ബിച്ചുതിരുമല, എം.ജി. ശ്രീനിവാസന്‍ ടീമിന്റേതായിരുന്നു സംഗീതം. ബാലുമഹേന്ദ്ര ഛായാഗ്രഹണം. ലക്ഷ്മി, കൊട്ടാരക്കര, മോഹന്‍, കവിയൂര്‍ പൊന്നമ്മ, സത്യജിത് തുടങ്ങിയ അഭിനേതാക്കള്‍. ബ്ലാക്ക് ആന്റ് വൈറ്റില്‍ നിര്‍മിക്കപ്പെട്ട 'പ്രയാണ'ത്തിലൂടെ മലയാള സിനിമയ്ക്ക് പുതിയൊരു തിരക്കഥാകൃത്തിനെ ഭരതന്‍ പരിചയപ്പെടുത്തി: പി. പത്മരാജന്‍. അപൂര്‍വമായ ഒരു ദൃശ്യാനുഭൂതിയായി പ്രേക്ഷകര്‍ ഹൃദയപൂര്‍വം സ്വീകരിച്ച 'പ്രയാണം' മലയാളത്തില്‍ സമാന്തര സിനിമയ്ക്ക് തുടക്കം കുറിച്ച ആദ്യചിത്രങ്ങളിലൊന്നായി. ആ വര്‍ഷംതന്നെ 'സ്വപ്നാടന'വുമായി കെ.ജി. ജോര്‍ജ് കടന്നുവന്നു. 1978ലാണ് രണ്ടു പെണ്‍കുട്ടികളുമായുള്ള മോഹന്റെ അരങ്ങേറ്റം. ഇവര്‍ മൂന്നുപേരും ചേര്‍ന്നാണ് പിന്നീട് ഒരു ദശകത്തിലേറെ മലയാളസിനിമയുടെ പുണ്യവും മുഖ്യാധാരയുടെ അഭിമാനവും ആയി മാറിയ സമാന്തര സിനിമയുടെ സുവര്‍ണകാലത്തിന് വഴിയൊരുക്കിയത്.


'പ്രയാണ'ത്തിനുശേഷം, മഞ്ഞിലാസിനുവേണ്ടി ഭരതന്‍ രണ്ടു ചിത്രങ്ങള്‍ തുടര്‍ച്ചയായി സംവിധാനം ചെയ്തു. ഉറൂബിന്റെ രചനയെ ആസ്പദമാക്കി 'അണിയറ'യും എന്‍. ഗോവിന്ദന്‍കുട്ടിയും ഉണ്ണികൃഷ്ണന്‍ പൂതൂരും ചേര്‍ന്നെഴുതിയ 'ഗുരുവായൂര്‍ കേശവനും'. നിര്‍ഭാഗ്യവശാല്‍ രണ്ടു ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടില്ല. തുടര്‍ന്ന് പത്മരാജന്‍-ഭരതന്‍ ദ്വന്ദത്തിന്റെ സൃഷ്ടിയുമായി സുപ്രിയ കടന്നുവന്നു. 'രതിനിര്‍വേദം' കൗമാരത്തിന്റെ സഹജമായ രതിസ്വപ്നങ്ങള്‍ക്കു സൗന്ദര്യഭാവങ്ങളുടെ വര്‍ണച്ചാര്‍ത്തണിയിച്ച ആ ചിത്രം ഭരതനെ ജനപ്രിയസംവിധായകനാക്കി. സ്വന്തം രചനയുമായിട്ടായിരുന്നു ഭരതന്റെ അടുത്ത പരീക്ഷണം. അതും സ്വയം നിര്‍മിച്ചുകൊണ്ട്. 'ആരവം'- കാലത്തിനുമുമ്പേ പിറന്ന ഒരു ചിത്രമായിപ്പോയി. അതിലെ ധ്വനികളും വ്യംഗ്യങ്ങളും അന്നത്തെ ചലച്ചി ത്രാസ്വാദന സമ്പ്രദായങ്ങള്‍ക്കു ഉള്‍ക്കൊള്ളാനാവാത്തതായതുമൂലം 'ആരവം' സാമ്പത്തികമായി വന്‍ പരാജയമായി. പക്ഷേ എന്നിട്ടും അതിന്റെ പേരില്‍ ആ ചിത്രത്തില്‍ സഹകരിച്ചവരെ രാശിയുടെ കാരണം പറഞ്ഞു ഒഴിവാക്കുന്നതിനു പകരം ആരവം ടീമിനെ അതേപടി നിലനിറുത്തിക്കൊണ്ടുതന്നെ ഭരതന്‍ അടുത്തചിത്രം അവതരിപ്പിച്ചു. ഛായാഗ്രഹകന്‍-അശോക്കുമാര്‍. സംഗീത സംവിധായകന്‍-എം.ജി. രാധാകൃഷ്ണന്‍. പ്രധാന നടന്മാരായ നെടുമുടി വേണു, പ്രതാപ് പോത്തന്‍... ഭരതന്‍ ആകെ ഒഴിവാക്കിയത് തിരക്കഥാകൃത്തിനെയാണ്. സ്വയംരചന അതോടെ നിറുത്തി. വന്‍വിജയമായ 'തകര' യുടെ രചന പത്മരാജന്റേതായിരുന്നു. പത്മരാജന്റെതന്നെ രചനയില്‍ സുപ്രിയ നിര്‍മിച്ച 'ലോറി'യായിരുന്നു അടുത്ത ചിത്രം. 'ലോറി'യുടെ നിര്‍മാണം ഷെഡ്യൂളുകളായി നീണ്ടപ്പോള്‍ അതിനിടയില്‍ ചുമതലയേറ്റ സംവിധാന സംരംഭമായിരുന്നു 'ചാമരം'. 1980ല്‍ അതായത് 1975നുശേഷം അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞ് മലയാള സിനിമയിലേക്ക് ഒരു പുതിയ തിരക്കഥാകൃത്തിനെക്കൂടി ഭരതന്‍ 'ചാമര'ത്തിലൂടെ പരിചയപ്പെടുത്തി. ജോണ്‍പോള്‍. 'ചാമരം' വന്‍ വിജയമായി. 'പ്രയാണ'ത്തിന്റെ തമിഴ് പതിപ്പായ 'സാവിത്രി'യും പി.ആര്‍. നാഥന്റെ 'ചാട്ട'യും കാക്കനാടന്റെ 'പറങ്കിമല'യും 'പാര്‍വതി'യും അനന്തുവിനോടൊപ്പം 'നിദ്ര'യുമായിരുന്നു തുടര്‍ന്നുചെയ്ത ചിത്രങ്ങള്‍. കൂട്ടത്തില്‍ 'ലോറി'യുടെ തമിഴ് ഭാഷ്യമായി 'റാണി'യും. പത്മരാജന്‍ ഇതിനകം സംവിധാനമേഖലയിലേക്ക് തിരിഞ്ഞു. മധ്യവര്‍ത്തി സിനിമയുടെ ശക്തിസ്രോതസ്സിന്റെ ഭാഗമായി ഭരതന്‍-ജോര്‍ജ്-മോഹന്‍ ത്രയത്തോടൊപ്പം ചേര്‍ന്നിരുന്നു.


'പാളങ്ങള്‍', 'മര്‍മരം', 'ഓര്‍മയ്ക്കായി' തുടങ്ങിയ ചിത്രങ്ങളാണ് ഭരതന്‍ ആ കാലത്ത് സംവിധാനം ചെയ്തത്. മൂന്നിലും തിരക്കഥാകൃത്ത് ജോണ്‍ പോള്‍. ഇതിന്റെ തുടര്‍ച്ചയില്‍ ടി. ദാമോദരനുമായി ചേര്‍ന്ന് 'കാറ്റത്തെ കിളിക്കൂട്', തോപ്പില്‍ ഭാസിയോടു ചേര്‍ന്ന് 'എന്റെ ഉപാസന', ഡെന്നിസ് ജോസഫിനോട് ചേര്‍ന്ന് 'പ്രണാമം', 'ചിലമ്പ്', 'കേളി', ലോഹിതദാസുമായി ചേര്‍ന്ന് 'അമരം', 'പാഥേയം', 'വെങ്കലം' എന്നിവയും എം.ടിയുമായി ചേര്‍ന്ന് 'താഴ് വാരം', 'വൈശാലി' എന്നിവയും മണി ഷൊര്‍ണൂരുമായി ചേര്‍ന്ന് 'ദേവരാഗം', ഷിബുചക്രവര്‍ത്തിയുമായി ചേര്‍ന്ന് 'ചുരം', പത്മരാജനുമായി ചേര്‍ന്ന് 'ഒഴിവുകാലം', 'ഈണം' തുടങ്ങിയ ചിത്രങ്ങള്‍ ഭരതനില്‍നിന്നും മലയാളസിനിമയ്ക്ക് ലഭിച്ചു. ഭരതന്‍-ജോണ്‍പോള്‍ ദ്വന്ദത്തിന്റേതായി പിറന്ന 'സന്ധ്യ മയങ്ങുംനേരം', 'ഇത്തിരിപ്പൂവേ ചുവന്നപൂവേ', 'കാതോടുകാതോരം', 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം', 'ഒരു സായാഹ്നത്തിന്റെ സ്വപ്നം', 'നീലക്കുറിഞ്ഞി പൂത്തപ്പോള്‍', 'മാളൂട്ടി', 'ചമയം' എന്നീ ചിത്രങ്ങള്‍ക്കു പുറമെ 'കാറ്റത്തെ കിളിക്കൂടി'ന്റെ തമിഴ്-തെലുങ്കു പതിപ്പുകള്‍ (തമിഴില്‍ ഊയലാടും ഉണ്‍മകള്‍) 'വൈശാലി'യുടെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട മൊഴിമാറ്റങ്ങള്‍, 'തകര'യുടെ തമിഴ് പതിപ്പായ 'ആവാരംപൂ', 'ദേവരാഗ'ത്തിന്റെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി മൊഴിമാറ്റങ്ങള്‍, തെലുങ്കുചിത്രത്തിന്റെ മലയാളം മൊഴിമാറ്റമായ 'മഞ്ജീരധ്വനി', കമലഹാസന്‍ നിര്‍മിച്ച 'തേവര്‍മകന്‍' തുടങ്ങിയ ചിത്രങ്ങളും ഭരതന്റേതായി നമുക്ക് ലഭിച്ചു. സംസ്ഥാന ദേശീയ അവാര്‍ഡുകളുടേയും സ്വകാര്യ അവാര്‍ഡുകളുടേയും ഒരു നിരതന്നെ ഭരതനെ തേടിവന്നു. ഭരതന്റെ കലാനിപുണതയുടെ സാന്നിധ്യവും സൗന്ദര്യസങ്കല്പങ്ങളുടെ കൈയൊപ്പും ചിത്രങ്ങളിലെ ഭരതന്‍ ടച്ചായി പ്രേക്ഷകലോകം വാഴ്ത്തിപ്പാടി.


പ്രശസ്ത നടി കെ.പി.എ.സി. ലളിതയാണ് ഭരതന്റെ ഭാര്യ. രണ്ടു മക്കള്‍: ശ്രീക്കുട്ടിയും സിദ്ധാര്‍ഥനും. ശ്രീക്കുട്ടി വിവാഹിത. സിദ്ധാര്‍ഥന്‍ കമലിന്റെ 'നമ്മളി'ലൂടെ നടനായി. ഇപ്പോള്‍ പ്രിയദര്‍ശന്റെ ശിഷ്യനായി സംവിധാന കല പരിശീലിക്കുന്നു.
കേട്ട ഗാനങ്ങളത്രയും മധുരം, കേള്‍ക്കാനിരിക്കുന്നതോ അതിലേറെ മധുരം എന്ന പ്രതീക്ഷയുമായി പ്രേക്ഷക തലമുറകള്‍ കൊതിയോടെ ഭരതന്‍ ടച്ചിന്റെ മിഴിവുമായി വരുന്ന കലാസൃഷ്ടികള്‍ക്കായി കാത്തുനില്‍ക്കുമ്പോള്‍ പങ്കിട്ടുനല്‍കിയതിലേറെ സ്വപ്നങ്ങളുടെ മുത്തും വൈഡൂര്യവും പങ്കിടുവാന്‍ ബാക്കിയാക്കി ആത്മാവില്‍ സൂക്ഷിച്ചുകൊണ്ട് 1998 ജൂലൈ 30-ാം തിയതി ഭരതന്‍ കാലയവനിക കടന്നു പ്രയാണം തുടര്‍ന്നു. 


ജീവിച്ചിരുന്നപ്പോള്‍ ഭരതന്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയപ്പെട്ടിരുന്നതിനേക്കാള്‍ എത്രയോ ഇരട്ടി ഇന്നു ഭരതന്‍ പ്രേക്ഷകമനസ്സുകളില്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കാത്ത സ്വപ്നവര്‍ഷത്തിന്റെ നഷ്ടമായി, നൊമ്പരമായി നീറിനില്‍ക്കുന്നു. ഗൃഹാതുരത്വത്തോടെ തലമുറകള്‍ ഈ അനശ്വരപ്രതിഭയുടെ നഷ്ടസാന്നിധ്യത്തെ അനുഭവിച്ചറിയുന്നു. ഏറ്റവും പുതിയ തലമുറയില്‍പ്പെട്ട സംവിധായകര്‍വരെ, നേരിട്ടല്ലെങ്കിലും ചിത്രങ്ങളിലൂടെ ഭരതന്‍ സ്പര്‍ശം തങ്ങളെ മോഹിപ്പിച്ചിരുന്നു എന്ന് അഭിമാനപൂര്‍വം ഏറ്റുപറയുമ്പോള്‍, തങ്ങള്‍ക്കു വഴിവിളക്കാകുവാന്‍ നിയോഗമായി സ്വന്തം സത്തയേയും ജന്മത്തേയും സമര്‍പ്പിച്ച ഭരതനെ ഗുരുപീഠത്തില്‍ സങ്കല്പിച്ചു പ്രണാമങ്ങള്‍ അര്‍പ്പിക്കുമ്പോള്‍ സഫലമാകുന്നത് ഭരതന്റെ ജന്മമാണ്. അര്‍ഥപൂര്‍ണമാകുന്നത് ഭരതന്റെ കര്‍മമാണ്


മാതൃഭുമിയില്‍ വന്നത് .

No comments: